നോട്ടീസില്ലാതെ പിരിച്ചുവിട്ടു; പ്രിൻസിപ്പലിന്റെ ജാതി വിവേചനത്തില്‍ ദില്ലി സർവകലാശാലയ്ക്ക് മുന്നിൽ അധ്യാപികയുടെ പ്രതിഷേധം
തണുപ്പ് കാലം കടുക്കുകയാണ് ദില്ലിയിൽ. ദില്ലി സർവ കലാശാലയുടെ ആർട് ഫാക്കൽട്ടിക്ക് മുന്നിൽ എത്തുമ്പോൾ രാത്രിയായിരുന്നു. അപ്പോഴും അവിടെ ഒരു സമരപ്പന്തൽ സജീവമാണ്. ഇന്നു മാത്രമല്ല കഴിഞ്ഞ നൂറിലധികം ദിവസമായി ഈ സമരം ഇവിടെ തുടരുകയാണ്. സമരം ചെയ്യുന്നത് സർവകലാശാലയ്ക്ക് കീഴിൽ ജോലി ചെയ്തിരുന്ന ഒരു അധ്യാപികയാണ്, ഡോ ഋതു സിങ്.
''ഈ ഗേറ്റിന് അപ്പുറത്ത് തൊട്ടടുത്തുള്ള സൈക്കോളജി ഡിപ്പാർട്മെൻറിൽ നിന്നാണ് ഞാൻ സൈക്കോളജി ബിരുദം നേടിയത്. അതിന് പുറകിൽ റോഡ് കടന്നാൽ ഞാൻ പഠിപ്പിച്ചിരുന്ന ദൗലത് റാം കോളേജുണ്ട്. പക്ഷെ അവിടെ ഇപ്പോൾ എന്നെപ്പോലെയുള്ളവർക്ക് ഇടമില്ല, അതുകൊണ്ട് ഞാൻ ഇവിടെ ഇരിക്കുന്നു, ഈ വ്യവസ്ഥയ്ക്കെതിരെ സമരം ചെയ്യുന്നു,” രോഷം ഒട്ടും മറയ്ക്കുന്നില്ല ഋതു സിങ്.
ദില്ലി സർവകലാശാലയ്ക്ക് കീഴിലെ ദൗലത് റാം കോളേജിൽ 2019 മുതലാണ് ഡോ. ഋതു സിങ് സൈക്കോളജി വിഭാഗത്തിൽ താത്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്നത്. 2020 ഓഗസ്റ്റിൽ ഋതു സിങ്ങിനെ യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടു. കോളേജ് പ്രിൻസിപ്പലായിരുന്ന സവിത റോയ് തന്നെ ജാതിയുടെ പേരിൽ പീഡിപ്പിച്ചിരുന്നവെന്നും തന്നോട് പ്രിൻസിപ്പലിനുണ്ടായ അനിഷ്ടത്തിൻറെ തുടർച്ചയാണ് പിരിച്ചുവിടൽ എന്നും ദളിത് വിഭാഗത്തിൽ നിന്നുള്ള അധ്യാപികയായ ഋതു സിങ് ആരോപിച്ചു. പരാതിയുമായി പോലീസിനെയും സമീപിച്ചു. അന്ന് പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ ശ്രമിച്ചെങ്കിലും കോവിഡ് വ്യാപനം കാരണം നിർത്തിവെച്ചു.
രണ്ട് വർഷത്തിനിപ്പുറവും കേസിൽ നടപടിയൊന്നുമില്ലെന്ന് കണ്ടപ്പോൾ പരാതി എസ് സി എസ് ടി കമ്മീഷന് കൈമാറി. കമ്മീഷൻറെ നിർദേശ പ്രകാരം പൊലീസ് അന്വേഷണം നടത്തി. പ്രിൻസിപ്പലിനും രജിസ്ട്രാർക്കും നോട്ടീസ് അയച്ചു. ഋതുവിൻറെ നിയമനത്തിൻറെ കാലാവധി തീർന്നിരുന്നു, വിദ്യാർഥികളിൽ ചിലർ പരാതി പറഞ്ഞതുകൊണ്ടാണ് കരാർ പുതുക്കാതെ പിരിച്ചുവിട്ടത് എന്നാണ് പ്രിൻസിപ്പലിൻറെ വാദം.
എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ പരാതിയിൽ ഒപ്പ് വെച്ച വിദ്യാർഥികളാരും താൻ പഠിപ്പിച്ചവരല്ലെന്നു തെളിഞ്ഞുവെന്നും, വ്യാജ രേഖ ചമച്ചതിന് ഇവരെ ശിക്ഷിക്കണമെന്നും ഋതു സിങ് പറയുന്നു.
സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ സർക്കാർ നിയമിക്കുന്ന ചെയർമാനാണ് നിയമനങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. ദൗലത് റാം കോളേജ് ചെയർമാൻ സുനീത സുദർശൻ ഋതു സിങ്ങിന്റെ പരാതിയിൽ സവിത റോയിക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം മൂലം സ്ഥിരനിയമനം നടക്കാത്ത സാഹചര്യത്തിൽ താത്ക്കാലിക ജീവനക്കാരെ നിലനിർത്തണമെന്നാണ് സർക്കാർ ഉത്തരവെന്ന് പ്രിൻസിപ്പാളിനെ അറിയിച്ചിട്ടും സവിത റോയ് ഇക്കാര്യം മറച്ചുവെച്ച് ഋതു സിങ്ങിനെ പിരിച്ചുവിട്ടു എന്ന് സുനീത സുദർശൻ വിദ്യാഭ്യാസ വകുപ്പിന് നൽകിയ കത്തിൽ പറയുന്നു.
സവിത റോയ് എന്ന ഇപ്പോഴത്തെ പ്രിൻസിപ്പൽ നേരത്തെ കാളിന്ദി കോളേജിൽ അധ്യാപികയായിരിക്കെ എസ് സി എസ് ടി ആക്ട് പ്രകാരം പരാതി നേരിട്ടിട്ടുണ്ട്. 2014-ലാണ് ഈ സംഭവം. കോളേജിലെ അന്നത്തെ പ്രിൻസിപ്പലായിരുന്ന അനുല മൗര്യയെ ജാതി പറഞ്ഞ് അവഹേളിക്കുകയും ജോലി ചെയ്യാൻ അനുവദിക്കാത്ത തരത്തിൽ പീഡിപ്പിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. അനുല മൗര്യ അന്ന് സർവകലാശാലയ്ക്കും വിദ്യാഭ്യാസ വകുപ്പിനും ഇതറിയിച്ച് കത്തയച്ചിരുന്നു. പിന്നീടാണ് സവിത റോയ് ദൗളത് റാമിലേക്ക് മാറ്റം വാങ്ങിയെത്തുന്നത്.
ബിഹാറിൽ നിന്നുള്ള ബ്രാഹ്മണ സമുദായത്തിലെ അംഗമാണ് സവിത റോയ്. ദളിത് സ്ത്രീയും അംബേദ്കറൈറ്റുമായിട്ടുള്ള ഋതു സിങ്ങിനെ പുറത്താക്കിയത് ജാതി വിവേചനത്തിൻറെ ഭാഗമായി തന്നെയാണെന്ന് സമരത്തിന് ഐക്യദാർഢ്യമറിയിച്ചെത്തിയ വിദ്യാർഥികളും പറയുന്നത്. ഋതു സിങ്ങിന്റെ പരാതിയിൽ പ്രിൻസിപ്പൽ സവിത റോയ്ക്കും രജിസ്ട്രാർ വികാസ് ഗുപ്തയ്ക്കുമെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു വശത്ത് നിയമപരമായി നീങ്ങുമ്പോവും സവിത റോയിയെ സസ്പെൻഡ് ചെയ്യും വരെ സമരം തുടരാനാണ് ഋതു സിങ്ങിന്റെ തീരുമാനം.