തേജസ്വി യാദവിനെ ലക്ഷ്യം വെച്ച് സിബിഐ; ചര്‍ച്ചയായി ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍
ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും അവിടുത്തെ ഭരണപക്ഷ നേതാക്കളും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരന്തര വേട്ടയാലുകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ഈ വേട്ടയാടലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരായ സിബിഐ നീക്കം. ഐആര്‍സിടിസി അഴിമതിക്കേസിലെ തേജസ്വിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് സിബിഐ. 2024 ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ ഈ നീക്കമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ആർജെഡി- ജെഡിയു മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തുടങ്ങിയതാണ് ബിജെപിയുടെ ഈ രാഷ്ട്രീയ നീക്കം. അധികാര വടംവലിയും രാഷ്ട്രീയ നാടകങ്ങളും കൊണ്ട് കളംനിറഞ്ഞ ബിഹാറില്‍ ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴാണ് നിതീഷ് കുമാര്‍ മറുകണ്ടം ചാടി വീണ്ടും മുഖ്യമന്ത്രിയായത്. ബിജെപിയെ തള്ളിക്കളഞ്ഞുകൊണ്ടുള്ള നിതീഷിന്റെ ഈ സഖ്യമാറ്റം കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തി. ലാലു പ്രസാദ് യാദവ് റെയില്‍വെ മന്ത്രിയായിയിരിക്കുമ്പോഴാണ് ഐആര്‍സിടിസി അഴിമതിക്കേസിന്റെ തുടക്കം. എന്നാല്‍ അന്ന് വെറും പതിനാല് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന തേജസ്വി യാദവ് അതേ കേസില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വേട്ടയാടപ്പെടുമ്പോള്‍ അതിലെ രാഷ്ട്രീയം പകല്‍പോലെ വ്യക്തമാണ്.
പതിനാല് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന തേജസ്വി യാദവ് അതേ കേസില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വേട്ടയാടപ്പെടുമ്പോള്‍ അതിലെ രാഷ്ട്രീയം പകല്‍പോലെ വ്യക്തമാണ്.
രണ്ട് ഐആര്‍സിടിസി ഹോട്ടലുകള്‍ വിറ്റതിന് ലാലുവിന് ലഭിച്ച ലാഭ വിഹിതത്തിന്റെ ഗുണഭോക്താക്കളായിരുന്നു തേജസ്വിയും റാബ്രിയും എന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. കഴിഞ്ഞ മാസം 28 ന് പറ്റ്നയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ തേജസ്വി യാദവ് സിബിഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും അതുവഴി കേസ് സ്വാധീനിക്കാൻ ശ്രമിച്ചു എന്നുമാണ് തേജസ്വിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയില്‍ വാദിച്ചത്. തന്റെ വീട്ടില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ഓഫീസ് തുറക്കാമെന്നായിരുന്നു പിന്നീട് തേജസ്വി യാദവ് നടത്തിയ പ്രതികരണം.
എഎപിയെ തകര്‍ക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആരോപണം കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉന്നയിച്ചിരുന്നു.
ഏതായാലും തിരഞ്ഞെടുപ്പ് അടുക്കുന്ന കാലത്താണ് ബിജെപി ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നതെന്ന ആരോപണം നേരത്തെയും ശക്തമായി ഉയര്‍ന്നു വന്നിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന ഭയത്താല്‍ എഎപിയെ തകര്‍ക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആരോപണം കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉന്നയിച്ചിരുന്നു.
സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എന്‍ഐഎ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കി ബിജെപി മാറ്റിയിരിക്കുകയാണെന്നാണ് ശക്തമായ രാഷ്ട്രീയ വിമര്‍ശനം. ഇതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്ത് എത്തുകയും ചെയ്തിരുന്നു. കേന്ദ്രഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുന്നുവെന്ന് സാധൂകരിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ സമീപകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയം കണ്ടതുമാണ്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ലക്ഷ്യം വെച്ച് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയ റെയ്ഡും മറ്റു നീക്കങ്ങളും ഇതില്‍ ശ്രദ്ധേയമായിരുന്നു. ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷമായി ആംആദ്മി മാറിയിരിക്കുന്നുവെന്നും അതിന് ഉദാഹരണമാണ് ആംആദ്മിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കവുമെന്നാണ് വിലയിരുത്തല്‍.