സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിൻവലിച്ച് തെലങ്കാന സർക്കാർ
സംസ്ഥാനത്തെ കേസുകൾ അന്വേഷിക്കാൻ സിബിഐയ്ക്ക് നൽകിയ പൊതുസമ്മതം പിൻവലിക്കാൻ തെലങ്കാന സർക്കാർ. ടിആര്‍എസ് എംഎൽഎമാരെ കൂറുമാറ്റാന്‍ നടന്ന ശ്രമത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. സിബിഐയ്ക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിക്കുമെന്ന് തെലങ്കാന സർക്കാർ കഴിഞ്ഞദിവസം ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇതോടെ സിബിഐക്കുള്ള പൊതുസമ്മതം പിൻവലിക്കുന്ന പത്താമത്തെ ഇന്ത്യൻ സംസ്ഥാനമായി തെലങ്കാന മാറി.
ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, 1946 പ്രകാരം സിബിഐ ഏതെങ്കിലും പ്രത്യേക സംസ്ഥാനത്ത് പ്രവർത്തിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ പൊതുസമ്മതം ആവശ്യമാണ്. 'ഡൽഹി പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം 2016 സെപ്റ്റംബർ 23 ന് എല്ലാ അംഗങ്ങൾക്കും നൽകിയ പൊതുസമ്മതം പിൻവലിക്കുന്നു. ഇനി ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ സിബിഐ തെലുങ്കാന സർക്കാരിനോട് പ്രത്യേക അനുമതി വാങ്ങേണ്ടതാണ്'. തെലുങ്കാന ആഭ്യന്തര സെക്രട്ടറി രവി ഗുപ്ത പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
ബിജെപിയിലേക്ക് കൂറുമാറാൻ നാല് ടിആർഎസ് എംഎൽഎമാർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചു എന്നാരോപിച്ച് ശനിയാഴ്ചയാണ് മൂന്നുപേരെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. മുനുഗോട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ചേരാൻ ഒരു എംഎല്‍എയ്ക്ക് നൂറുകോടിയും മൂന്നുപേര്‍ക്ക് 50കോടിയും വീതം കോഴ വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. കഴിഞ്ഞയാഴ്ച തെലങ്കാനയിലെ ഒരു ഫാം ഹൗസിൽ തന്റെ പാർട്ടിയിലെ നാല് എംഎൽഎമാർക്ക് കൈക്കൂലി നൽകാൻ ഡൽഹി ബ്രോക്കർമാർ ശ്രമിച്ചതായി സ്ഥിരീകരിച്ചത് കെ ചന്ദ്രശേഖർ റാവുവും രംഗത്തെത്തി.
സംഭവത്തിന് പിന്നാലെ ബിജെപി രംഗത്ത് വരികയും കേസ് ഹൈക്കോടതിക്ക് വിടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തു. ഇതോടെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ തടയാൻ സിബിഐക്കുള്ള അനുമതി തടയാൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തീരുമാനിച്ചത്.
ഈ വര്‍ഷമാദ്യം എല്ലാ സംസ്ഥാനങ്ങളോടും സിബിഐക്കുള്ള പൊതുസമ്മതം പിൻവലിക്കാൻ തെലങ്കാന മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.