ഓപ്പറേഷന്‍ കമല: ബിഎല്‍ സന്തോഷിനും, തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ ലുക്കൗട്ട് നോട്ടീസ്; തെലങ്കാനയില്‍ പോര് മുറുകുന്നു
ഭരണകക്ഷി എംഎല്‍എമാരെ പണം നല്‍കി സ്വാധീനിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ തെലങ്കാനയില്‍ ബിജെപി - ടിആര്‍എസ് പോര് പരസ്യമാകുന്നു. ബിജെപി നേതാക്കളെ എസ്എടി അന്വേഷണത്തിലൂടെ നേരിടാന്‍ ടിആര്‍എസ് നടത്തുമ്പോള്‍ അദായ നികുതി വകുപ്പും നടപടികളുമായി രംഗത്തുണ്ട്. ബിജെപിയുടെ പ്രതിരോധമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഓപ്പറേഷന്‍ കമലയുടെ ഭാഗമായ അന്വേഷണത്തിന്റെ ഭാഗമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ് തെലങ്കാന പോലീസ്.
ബില്‍ സന്തോഷിന് പുറമെ കേരളത്തിലെ എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി, എംഎല്‍എമാരെ സമീപിച്ച ജഗ്ഗു സ്വാമി എന്നിവര്‍ക്ക് എതിരെയാണ് തെലങ്കാന പോലീസ് ലൂക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. തെലങ്കാനയില്‍ ഓപ്പറേഷന്‍ താമരയുടെ ഭാഗമായി എംഎല്‍എമാരെ പണം നല്‍കി കൂറുമാറ്റാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ഈ മാസം 21 ന് ഹൈദരാബാദില്‍ ഹാജരാകണമെന്നായിരുന്നു തെലങ്കാന പോലീസിന്റെ നിര്‍ദേശം. എന്നാല്‍ ഇത് പ്രകാരം നേതാക്കള്‍ ആരും തന്നെ ഹാജരായിരുന്നില്ല. പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസ്.
തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്ന ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുന്നില്‍ ഹാജരാകാന്‍ തെലങ്കാന ഹൈക്കോടതി ബിഎല്‍ സന്തോഷിനോട് നിര്‍ദേശിച്ചിരുന്നു. നവംബര്‍ 16-ന് എസ്‌ഐടി പുറപ്പെടുവിച്ച നോട്ടീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം സമര്‍പ്പിച്ച ഹര്‍ജിയി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പട്ടത്. നോട്ടീസ് അനുസരിച്ച് എസ്ഐടിക്ക് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട ജസ്റ്റിസ് ബി വിജയസെന്‍ റെഡ്ഡി എന്നാല്‍ സന്തോഷിനെ അറസ്റ്റ് ചെയ്യരുത് എന്നും നിര്‍ദേശിച്ചിരുന്നു.
തെലങ്കാന സര്‍ക്കാര്‍ ഓപ്പറേഷന്‍ കമലയുടെ പേരില്‍ ബിജെപി നേതാക്കളെ ലക്ഷ്യമിടുമ്പോള്‍ പ്രതിരോധ നീക്കങ്ങളും ശക്തമാണ്.
അതിനിടെ, തെലങ്കാന സര്‍ക്കാര്‍ ഓപ്പറേഷന്‍ കമലയുടെ പേരില്‍ ബിജെപി നേതാക്കളെ ലക്ഷ്യമിടുമ്പോള്‍ പ്രതിരോധ നീക്കങ്ങളും ശക്തമാണ്. ടിആര്‍എസ് നേതാക്കളെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ് നടത്തുന്ന നീക്കങ്ങള്‍ ബിജെപിയുടെ പ്രതിരോധമാണെന്നാണ് ആക്ഷേപം. തെലങ്കാന തൊഴില്‍ മന്ത്രി സി എച്ച് മല്ല റെഡ്ഡിയുടെയും മകന്റെയും മരുമകന്റെയും ഹൈദരാബാദിലെ കോളേജുകളിലും വസതികളിലും ഓഫീസുകളിലും ഇന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. മന്ത്രിയുടെയും മകന്‍ മഹേന്ദര്‍ റെഡ്ഡിയുടെയും മരുമകന്‍ മാരി രാജശേഖര്‍ റെഡ്ഡിയുടെയും ഹൈദരാബാദ്, മേഡ്ചല്‍ മല്‍കാജ്ഗിരി എന്നിവിടങ്ങളിലെ വീടുകളില്‍ ഐടി സംഘം ഒരേസമയം പരിശോധന നടത്തി. ഐടി വകുപ്പിന്റെ നികുതി വെട്ടിപ്പ് പരിശോധിക്കുന്ന സംഘത്തിലെ 50 ഓളം ടീമുകളുടെ നേതൃ്ത്വത്തിലാണ് പരിശോധന.
തെലങ്കാന തൊഴില്‍ മന്ത്രി സി എച്ച് മല്ല റെഡ്ഡിയുടെയും മകന്റെയും മരുമകന്റെയും ഹൈദരാബാദിലെ കോളേജുകളിലും വസതികളിലും ഓഫീസുകളിലും ഇന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നേരിട്ടാണ് തുഷാര്‍ വെള്ളാപ്പള്ളിയുള്‍പ്പെടെയുള്ള എന്‍എഡിഎ നേതാക്കള്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചത്. തന്റെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപിക്ക് വേണ്ടി തുഷാര്‍ വെള്ളാപ്പള്ളി നേരിട്ട് ഇടപെട്ടുവെന്നും അദ്ദേഹം കേന്ദ്ര മന്ത്രി അമിത് ഷായുടെ നോമിനിയാണെന്നും ആരോപിച്ച റാവു, അതുമായി ബന്ധപ്പെട്ട അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 5 വീഡിയോകളും പുറത്തുവിട്ടിരുന്നു.
കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ശര്‍മ്മയെന്ന രാമചന്ദ്ര ഭാരതിയാണ് കേസിലെ മുഖ്യപ്രതി. ഡല്‍ഹിയും ഉത്തര്‍പ്രദേശും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജഗ്ഗുസ്വാമി എന്നയാള്‍ രാമചന്ദ്രഭാരതിയുടെ അടുത്ത സുഹൃത്താണ്. ഇയാളെ അന്വേഷിച്ച് കഴിഞ്ഞ ദിവസം തെലങ്കാന പോലീസിന്റെ അന്വേഷണസംഘം കേരളത്തില്‍ എത്തിയിരുന്നു.
2022 ഒക്ടോബര്‍ 22 നാണ് കേസിനാസ്പതമായ സംഭവമുണ്ടായത്. നാല് ടിആര്‍എസ് എംഎല്‍എമാര്‍ക്ക് ബിജെപിയില്‍ ചേരാന്‍ 100 കോടി വാഗ്ദാനം നല്‍കിയെന്നാണ് ആരോപണം
2022 ഒക്ടോബര്‍ 22 നാണ് കേസിനാസ്പതമായ സംഭവമുണ്ടായത്. നാല് ടിആര്‍എസ് എംഎല്‍എമാര്‍ക്ക് ബിജെപിയില്‍ ചേരാന്‍ 100 കോടി വാഗ്ദാനം നല്‍കിയെന്നാണ് ആരോപണം. കേസില്‍ ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ശര്‍മ്മ എന്ന രാമചന്ദ്ര ഭാരതിയും കര്‍ണാടകയിലെ പുട്ടൂരിലെ സ്വമി സിംഹയാജി ഹൈദരബാദിലെ വ്യവസായി നന്ദകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഓപ്പറേഷന്‍ കമലയുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് തെലങ്കാന സര്‍ക്കാറിന്റെ തീരുമാനം. തെളിവുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കൈമാറിയിട്ടുണ്ട്.