പ്രവാചക നിന്ദ: നൂപുർ ശർമയ്ക്ക് താല്‍ക്കാലിക ആശ്വാസം; അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേസില്‍ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് താല്‍ക്കാലിക ആശ്വാസം. എഫ്ഐആറുകളിലോ പരാതികളിലോ നൂപുര്‍ ശര്‍മയ്‌ക്കെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇനി രജിസ്റ്റര്‍ ചെയ്യാനോ പരിഗണിക്കാനോ സാധ്യതയുള്ള എഫ്ഐആറുകളിലെ നടപടികളില്‍നിന്നും സംരക്ഷണമുണ്ട്. പ്രവാചക നിന്ദ വിഷയത്തിൽ, വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ ഏകീകരിച്ച് ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഓഗസ്റ്റ് 10ന് പരിഗണിക്കും. അതുവരെ പുതുതായി ഒരു കേസും ഈ വിഷയത്തിൽ രജിസ്റ്റർ ചെയ്യാൻ പാടില്ല. നിലവിലുള്ള 9 കേസുകളിൽ നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി പർദീവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
എഫ്ഐആറുകൾ ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനങ്ങളോട് സുപ്രീം കോടതി പ്രതികരണം തേടി. ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാൾ, കർണാടക, ഉത്തർപ്രദേശ്, ജമ്മു കാശ്മീർ, ആസാം എന്നിവിടങ്ങളിലാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുകൂടാതെ ബംഗാൾ, കൊൽക്കത്ത എന്നിവിടങ്ങളിൽ പുതുതായി കേസുകൾ രജിസ്റ്റർ ചെയ്തതായും അറസ്റ്റിനു സാധ്യതയുണ്ടെന്നും നൂപൂര്‍ ശര്‍മയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എഫ്ഐആറുകൾ ഒന്നിച്ച് ഡൽഹിയിലേക്ക് മാറ്റാൻ നൂപുർ ശർമ മുമ്പ് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കടുത്ത വിമർശനമായിരുന്നു കോടതിയിൽ നിന്നും നേരിട്ടത്. രാജ്യമെമ്പാടും ഉണ്ടാകുന്ന വിഷയങ്ങൾക്ക് കാരണം അവർ മാത്രമാണെന്നും പരസ്യമായി മാപ്പു പറയണമെന്നും കോടതി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ ഹർജി പിൻവലിക്കാനുള്ള നീക്കങ്ങൾ ശർമ നടത്തിയിരുന്നു. നൂപുർ ശർമ്മയുടെ ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകൻ മനീന്ദർ സിംഗ് അറിയിച്ചതിനെ തുടർന്നാണ് വിഷയത്തിൽ കോടതിയുടെ ഇടപെടൽ.