ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെതിരേ പോരാടി, മാവോയിസ്റ്റ് ചാപ്പ കുത്തി ജയിലിലടച്ചു; ഒടുവിൽ സായിബാബ കുറ്റവിമുക്തനാകുമ്പോള്‍
പത്ത് വർഷം മുമ്പാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഡൽഹി സർവകലാശാലയിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ജി എൻ സായിബാബ അറസ്റ്റിലാകുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് കാണിച്ചായിരുന്നു ജി എൻ സായിബാബ അടക്കം ഏഴുപേരെ അറസ്റ്റ് ചെയ്തത്.
2013 ൽ യുപിഎ സർക്കാരിന്റെ കാലത്താണ് ജി എൻ സായിബാബ അടക്കമുള്ളവർക്കെതിരെ മഹാരാഷ്ട്ര സർക്കാരും എൻ ഐ എയും അന്വേഷണം ആരംഭിക്കുന്നത്. ആദിവാസി വിഭാഗങ്ങൾക്കെതിരേ ഓപ്പറേഷൻ ഗ്രീൻ ഹണ്ട് എന്ന പേരിൽ നടത്തിയ അതിക്രമങ്ങൾക്കെതിരെ സായിബാബ അടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ് ) നിരോധിത സംഘടനയാണെന്ന് ആരോപിച്ചാണ് പോലീസ് നടപടിയുടെ തുടക്കം. ജെ എൻ യുവിലെയും ഡൽഹി യൂണിവേഴ്‌സിറ്റിയിലെയും വിദ്യാർത്ഥികളെ മാവോയിസത്തിലേക്ക് സായിബാബയുടെ നേതൃത്വത്തിലുള്ള സംഘം റിക്രൂട്ട് ചെയ്യുന്നെന്നും പോലീസ് ആരോപിച്ചിരുന്നു.
ജെഎൻയു മുൻ വിദ്യാർത്ഥിയും ആക്ടിവിസ്റ്റുമായ ഹേം മിശ്ര ആയിരുന്നു കേസിൽ ആദ്യം അറസ്റ്റിലായത്. തൊട്ടുപിന്നാലെ ജി എൻ സായി ബാബ അടക്കമുള്ളവരുടെ വീട്ടിൽ എൻ ഐ എയും മഹാരാഷ്ട്ര പോലീസും റെയ്ഡ് നടത്തി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ഹേം മിശ്രയിൽ നിന്ന് മൈക്രോ ചിപ്പ് പിടിച്ചെടുത്തെന്നും ഇത് സായിബാബ നൽകിയതാണെന്നുമായിരുന്നു പോലീസ് ആരോപണം.
സായിബാബയുടെ വീട്ടിൽ റെയ്ഡ് നടന്നതിന് പിന്നാലെ നിരവധി പേർ സർക്കാരിന്റെയും പോലീസിന്റെയും നടപടിക്കെതിരെ രംഗത്ത് എത്തിയിരുന്നു. ജി എൻ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വേട്ടയാടുന്നത് സർക്കാരിന്റെ ആദിവാസി വിരുദ്ധ നടപടികൾക്കെതിരെ പ്രതികരിച്ചതാണെന്ന് അന്ന് അരുന്ധതി റോയ് പ്രതികരിച്ചിരുന്നു. റെവല്യൂഷണി ഡെമോക്രാറ്റിക് ഫ്രണ്ട് (ആർഡിഎഫ്) ജോയിന്റ് സെക്രട്ടറിയായ സായിബാബ ഓപ്പറേഷൻ ഗ്രീൻ ഹണ്ടിനെതിരെയുള്ള നിരവധി സംഘടനകളിലും പ്രവർത്തിച്ചിരുന്നു.
തുടർന്ന് ശരീരത്തിന്റെ ഭൂരിഭാഗവും തളർന്ന വർഷങ്ങളായി വീൽചെയറിനെ ആശ്രയിച്ച ജീവിക്കുന്ന ജി എൻ സായിബാബയെ 2014 ൽ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 12 ബി, യുഎപിഎയിലെ 13, 18, 20, 38, 39 വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. കേസിൽ സായിബാബയ്ക്കും ഹേം മിശ്രയ്ക്കുമൊപ്പം മുൻ മാധ്യമപ്രവർത്തകൻ പ്രശാന്ത് റാഹി, വിജയ് ടിർക്കി, മഹേഷ് ടിർക്കി, പാണ്ഡു പൊരാ നരോത്തെ എന്നിവരും അറസ്റ്റിലായിരുന്നു.
ഗഡ്ചിറോളിയിൽ സായിബാബയുടെ നിർദേശപ്രകാരം മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ വിതരണം ചെയ്‌തെന്നും ദേശവിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം അടങ്ങുന്ന ഇലക്ട്രോണിക് സാമഗ്രികൾ പിടിച്ചെടുത്തെന്നും കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ വാദിച്ചു. അബുസ്മദ് വനമേഖലയിലെ നക്സലൈറ്റുകൾക്ക് 16 ജിബി മെമ്മറി കാർഡ് സായിബാബ കൈമാറിയതായും ആരോപണമുയർന്നു.
വിചാരണക്കൊടുവിൽ 2017 മാർച്ചിൽ യുഎപിഎയുടെ 13, 18, 20, 38, 39, ഐപിസി 120-ബി എന്നീ വകുപ്പുകൾ പ്രകാരം ജി എൻ സായിബാബ അടക്കം ആറുപേർ കുറ്റവാളികളാണെന്ന് കാണിച്ച് കോടതി ജീവപരന്ത്യം ശിക്ഷയ്ക്ക് വിധിച്ചു. പ്രതികളിലൊരാളായ പാണ്ഡു പൊരാ നരോത്തെ 2022 ഓഗസ്റ്റിൽ ജയിലിൽ വെച്ച് മരണമടഞ്ഞു. പോളിയോ പക്ഷാഘാത ബാധിതനായിരുന്ന ജി എൻ സായിബാബ ആരോഗ്യ കാരണങ്ങളാൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകി. വൃക്ക - സുഷുമ്നാ നാഡി സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെ ഒന്നിലധികം രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ സംഘടനകൾ രംഗത്ത് വന്നിരുന്നു.
ഇതിനിടെ 2022 ഒക്ടോബർ 14 ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ജി എൻ സായിബാബ അടക്കമുള്ള മുഴുവൻ പ്രതികളുടെയും ശിക്ഷ വിധി റദ്ദാക്കി. യുഎപിഎയുടെ സെക്ഷൻ 45(1) പ്രകാരമുള്ള സാധുവായ അനുമതിയില്ലാത്തതിനാലായിരുന്നു ജസ്റ്റിസുമാരായ രോഹിത് ദിയോ, അനിൽ പൻസാരെ എന്നിവരുടെ ബെഞ്ച് വിചാരണ അസാധുവാക്കിയതും ശിക്ഷ റദ്ദ് ചെയ്തതും. കേസിൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ ഒക്ടോബർ 15 ന് മഹാരാഷ്ട്ര സർക്കാരിന്റെ അടിയന്തര ഹർജിയെ തുടർന്ന് സുപ്രീം കോടതി പ്രത്യേക സിറ്റിങ് നടത്തുകയും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. 2023 ഏപ്രിലിൽ ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ എം ആർ ഷാ , സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി റദ്ദാക്കിയത്. വിഷയം വീണ്ടും ബോംബെ ഹൈക്കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശിക്കുകയും ചെയ്തു. .
നാല് മാസത്തിനകം തന്നെ കേസിൽ തീർപ്പുണ്ടാക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് വിനയ് ജോഷിയും ജസ്റ്റിസ് വാൽമീകി എസ് എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജി എൻ സായിബാബ അടക്കമുള്ള ആറ് പ്രതികളെ കേസിൽ കുറ്റവിമുക്തരാക്കുകയായിരുന്നു. ശരീരത്തിന്റെ ഭൂരിഭാഗവും തളർന്ന ജി എൻ സായിബാബ നിലവിൽ നാഗ്പൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്. കേസിൽ ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെ ജയിലിലടച്ച സായിബാബയുടെ ആരോഗ്യാവസ്ഥ കൂടുതൽ ഗുരുതരമായതായി ഭാര്യയും സുഹൃത്തുക്കളും ചൂണ്ടിക്കാണിച്ചിരുന്നു.