കർണാടക-മഹാരാഷ്ട്ര അതിർത്തിയിൽ കനത്ത സംഘർഷാവസ്ഥ
അതിർത്തി തർക്കം സംബന്ധിച്ച് കർണാടകയും മഹാരാഷ്ട്രയും തമ്മിൽ നിലനിൽക്കുന്ന പ്രശ്നം കൂടുതൽ അക്രമാസക്തമായി. കർണാടക സംരക്ഷണ വേദികെ എന്ന സംഘടനയുടെ പ്രതിഷേധമാണ് അക്രമാസക്തമായത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ട്രക്കുകൾ ഹിരേബാഗേവാഡിയിൽ പോലീസ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് കല്ലേറുണ്ടായത്. ബേലഗവിയാണ് തര്‍ക്കത്തിന്റെ കേന്ദ്രസ്ഥാനം. രണ്ട് മഹാരാഷ്ട്ര മന്ത്രിമാർ ചൊവ്വാഴ്ച ബെലഗാവിയിലേക്ക് വരാനിരിക്കെയാണ് പ്രതിഷേവുമായി കർണാടക സംരക്ഷണ വേദികെ പ്രവർത്തകർ ബെലഗാവി നഗരത്തിലെ റാണി ചെന്നമ്മ സർക്കിളിലെത്തിയത്.
അതേസമയം, മഹാരാഷ്ട്രയിലെ ട്രക്കുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ശിവസേന(ഉദ്ധവ് ബാലാസാഹേബ് താക്കറെ) പ്രവർത്തകർ പൂനെയിൽ ഏതാനും കർണാടക ട്രാൻസ്പോർട് ബസുകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഹിരേബാഗേവാഡിയിൽ സംഘർഷം രൂക്ഷമായതോടെ നിരവധി കർണാടക സംരക്ഷണ വേദികെ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലും ശംബുരാജ് ദേശായിയും ബെലഗാവി സന്ദർശിക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാൽ ബെലഗാവിയിലേക്ക് കടക്കാൻ ശ്രമിച്ചാൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാർ മടിക്കില്ലെന്ന് ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച വ്യക്തമാക്കിയതിനെ തുടർന്ന് സന്ദർശനം റദ്ദാക്കുകയായിരുന്നു. ക്രമസമാധാന പ്രശനം ചൂണ്ടിക്കാട്ടിയാണ് ബസവരാജ് ബൊമ്മൈ മന്ത്രിമാരുടെ സന്ദർശനം തടഞ്ഞത്.
അതിർത്തിയും ജനങ്ങളെയും സംരക്ഷിക്കാനും മഹാരാഷ്ട്ര, തെലങ്കാന, കേരളം തുടങ്ങി മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന കന്നഡക്കാരുടെ സംരക്ഷണത്തിനും തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മഹാരാഷ്ട്ര മന്ത്രിമാരോട് സംസ്ഥാനം സന്ദർശിക്കരുതെന്ന തന്റെ അഭ്യർത്ഥന കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ലെന്നും ബൊമ്മൈ പറഞ്ഞു. നിയമപോരാട്ടത്തിൽ കർണാടക വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷങ്ങൾക്കിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മായുമായി ഫോണിൽ ബന്ധപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ബെലഗാവിയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർണാടക സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയിൽ നിന്നുള്ള ബസുകൾക്ക് നേരെ കർണാടകയിൽ കല്ലേറുണ്ടായതിനെ തുടർന്നാണിത്.
ബെലഗാവി കർണാടകയുടെ അവിഭാജ്യ ഘടകമാണെന്നും ആർക്കും അത് എടുത്തുകളയാനാകില്ലെന്നും കർണാടക സംരക്ഷണ വേദികെ സംസ്ഥാന അധ്യക്ഷൻ നാരായണഗൗഡ പറഞ്ഞു. കന്നഡ നേതാക്കളെയും പ്രവർത്തകരെയും ബെലഗാവിയിലേക്ക് കടക്കുന്നത് തടഞ്ഞതിന് അദ്ദേഹം പോലീസിനെതിരെ ആഞ്ഞടിച്ചു. സംസ്ഥാനം ഭരിക്കുന്നത് പോലീസാണോ എന്ന് ചോദിച്ച നാരായണഗൗഡ കന്നഡക്കാരെ ആക്രമിക്കുന്നത് ന്യായമല്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം, മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവരെ സംരക്ഷിക്കാൻ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി എഡിജിപി (എൽ ആൻഡ് ഒ) അലോക് കുമാർ പറഞ്ഞു.