നാഗാർജുന സാഗർ അണക്കെട്ട് 'കയ്യേറി' ആന്ധ്ര, പരാതിയുമായി തെലങ്കാന; സംഭവിക്കുന്നതെന്ത്?

നാഗാർജുന സാഗർ അണക്കെട്ട് 'കയ്യേറി' ആന്ധ്ര, പരാതിയുമായി തെലങ്കാന; സംഭവിക്കുന്നതെന്ത്?

ആന്ധ്ര പ്രദേശും തെലങ്കാനയും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനായി കേന്ദ്ര ഇടപെടലുണ്ടായിട്ടുണ്ട്
Updated on
2 min read

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിലേക്ക് നീങ്ങുന്നതിന് മണിക്കൂറുകൾ മുൻപായിരുന്നു മുന്നറിയിപ്പില്ലാതെ നാഗാർജുന സാഗർ അണക്കെട്ടിന്റെ 13 ഗേറ്റുകളുടെ നിയന്ത്രണം ആന്ധ്രാ പ്രദേശ് ഏറ്റെടുത്തത്. 2014-ൽ തെലങ്കാന രൂപീകൃതമായ ശേഷം ഈ അണക്കെട്ടിന്റെ കാര്യത്തിൽ തർക്കം നിലനിൽക്കെയാണ് നീക്കം. ആന്ധ്രയുടെ നടപടിക്കെതിരെ തെലങ്കാന എഫ്ഐആർ റജിസ്റ്റർ ചെയ്തതും കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ ശ്രദ്ധയിലേക്ക് വിഷയം എത്തിച്ചതും കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണമാക്കി.

അതേസമയം, തങ്ങള്‍ ഒരു കരാറും ലംഘിച്ചില്ലെന്ന നിലപാടാണ് ആന്ധ്ര ജലസേചന വകുപ്പ് മന്ത്രി അമ്പാട്ടി രാംബാബു പറഞ്ഞത്. കൃഷ്ണ നദിയിലെ 66 ശതമാനം വെള്ളവും ആന്ധ്രയ്ക്ക് അവകാശപ്പെട്ടതാണെന്നും 34 ശതമാനം മാത്രമാണ് തെലങ്കാനയ്ക്കുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വലതുകനാലില്‍ നിന്ന് 13,000 ക്യുസെക്‌സ് വെള്ളം ഇതിനോടകം തന്നെ ആന്ധ്ര തുറന്നുവിട്ടുകഴിഞ്ഞു.

സംഭവിച്ചതെന്ത്?

നല്‍ഗോണ്ട ജില്ലയില്‍ വിജയപുരി പോലീസ് സ്റ്റേഷനില്‍ തെലങ്കാന ജലസേചന വകുപ്പ് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്ന വിവരങ്ങള്‍ പ്രകാരം 500 സായുധ പോലീസ് സേനയുമായാണ് ആന്ധ്ര പ്രദേശ് ജലസേചന വകുപ്പ് അധികൃതർ വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ അണക്കെട്ടിലെത്തിയത്. കൃഷ്ണ റിവർ മാനേജ്‌മെന്റ് ബോർഡിന്റെ (കെആർഎംബി) മാനദണ്ഡങ്ങള്‍ ലംഘിച്ച് വെള്ളം വഴിതിരിച്ച് വിട്ടതായും പരാതിയില്‍ ആരോപണമുണ്ട്. പിന്നീട് അണക്കെട്ടിന്റെ 13 മുതല്‍ 26 വരെയുള്ള ഗേറ്റുകള്‍ ബാരിക്കേഡുകള്‍ വച്ച് തടയുകയും വലതുകനാലിലേക്ക് വെള്ളം വഴിതിരിച്ച് വിടുകയുമായിരുന്നു.

ആന്ധ്രയുടെ അവകാശവാദം

തങ്ങള്‍ മാനദണ്ഡങ്ങള്‍ ഒന്നും ലംഘിച്ചിട്ടില്ലെന്നാണ് ആന്ധ്ര ജലസേചന വകുപ്പ് മന്ത്രി അമ്പട്ടി രാംബാബു അവകാശപ്പെടുന്നത്. കൃഷ്ണ നദിയിലെ 66 ശതമാനം വെള്ളവും ആന്ധ്രയ്ക്ക് അവകാശപ്പെട്ടതാണെന്നും 34 ശതമാനം മാത്രമാണ് തെലങ്കാനയ്ക്കുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഞങ്ങള്‍ക്ക് അർഹമല്ലാത്ത ഒരു തുള്ളി വെള്ളം പോലും എടുത്തിട്ടില്ല. ഞങ്ങളുടെ പ്രദേശത്തുള്ള കനാല്‍ തുറക്കാനാണ് ശ്രമിച്ചത്. വീണ്ടും പറയുന്നു, സംസ്ഥാനത്തെ ജനങ്ങളുടെയും കർഷകരുടെയും ആവശ്യങ്ങള്‍ക്കായി ഞങ്ങള്‍ക്ക് അവകാശപ്പെട്ട 66 ശതമാനത്തില്‍ നിന്ന് മാത്രമാണ് വെള്ളമെടുക്കാന്‍ ശ്രമിച്ചത്, മന്ത്രി വ്യക്തമാക്കി.

അണക്കെട്ടിന്റെ ഏറ്റവും കുറഞ്ഞ ഡ്രൊഡൗണ്‍ ജലനിരപ്പായ 512 അടിക്ക് മുകളില്‍ 25 ടിഎംസി വെള്ളമാണുള്ളത്. ഇതില്‍ രണ്ട് ടിംഎംസി വെള്ളം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആന്ധ്ര എടുത്തതായാണ് വിവരം. 2024 മെയ് അവസാനം വരെ നൽഗൊണ്ട, ഖമ്മം ജില്ലകൾ കൂടാതെ ഹൈദരാബാദ്, സെക്കന്തരാബാദ് എന്നീ നഗരങ്ങളുടെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റാൻ തെലങ്കാനയുടെ ആവശ്യം ഏകദേശം 15 ടിഎംസി വെള്ളമാണ്. വിഷയം പരിഹരിക്കുന്നതിനായി ഇരുസംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ആന്ധ്രയ്ക്ക് കത്തെഴുതി കെആർഎംബി

സാഹചര്യം കൂടുതല്‍ വഷളാക്കരുതെന്ന് ആവശ്യപ്പെട്ട് കെആർഎംബി ആന്ധ്ര പ്രദേശ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. നാഗാർജുന സാഗറിന്റെ വലതുകനാലില്‍ നിന്ന് വെള്ളമെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് കെആർഎംബി കത്തിലൂടെ ആന്ധ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്. ആന്ധ്ര ആവശ്യപ്പെട്ടതിലും കൂടുതല്‍ വെള്ളം ഒക്ടോബറില്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും നവംബർ 30-ന് ശേഷം വെള്ളത്തിനായുള്ള അപേക്ഷയുണ്ടായിട്ടില്ലെന്നും കത്തില്‍ കെആർഎംബി ചൂണ്ടിക്കാണിക്കുന്നു. സംഭവം പരിഹരിക്കുന്നതിനായി കേന്ദ്ര ഇടപെടലുണ്ടായിട്ടുണ്ട്.

logo
The Fourth
www.thefourthnews.in