2021ൽ രാജ്യത്തെ ഭീകരാക്രമണങ്ങളിൽ 16 ശതമാനം കുറവ്; 39 ശതമാനം ആക്രമണങ്ങളിലും മാവോയിസ്റ്റ്  പങ്ക്

2021ൽ രാജ്യത്തെ ഭീകരാക്രമണങ്ങളിൽ 16 ശതമാനം കുറവ്; 39 ശതമാനം ആക്രമണങ്ങളിലും മാവോയിസ്റ്റ് പങ്ക്

2018ന് ശേഷം രേഖപ്പെടുത്തുന്ന കുറഞ്ഞ കണക്ക്
Updated on
1 min read

രാജ്യത്ത് 2021ല്‍ ഭീകരാക്രമണങ്ങളില്‍ 16 ശതമാനം കുറവ് രേഖപ്പെടുത്തി. 572 ഭീകരാക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2018 ന് ശേഷം ആദ്യമായാണ് രാജ്യത്തെ ഭീകരാക്രമണങ്ങളില്‍ കുറവ് രേഖപ്പെടുത്തിയത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട 'കണ്‍ട്രി റിപ്പോര്‍ട്ട് ഓണ്‍ ടെററിസം 2021'  ലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്. ഭൂരിഭാഗം ഭീകരാക്രമണങ്ങളിലും ലഷ്കര്‍ ഇ ത്വയ്ബയും മാവോയിസ്റ്റുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2021ല്‍ ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 536 പേരാണ് കൊല്ലപ്പെട്ടത്. ലോകത്താകെ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ രണ്ട് ശതമാനം വരുമിത്. 2021ല്‍ നടന്ന 39 ശതമാനം ഭീകരാക്രമണങ്ങളിലും മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 50 ശതമാനം ഭീകരാക്രമണങ്ങളില്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ സാന്നിധ്യമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

18 ശതമാനം ആക്രമണങ്ങളിലും റെസിസ്റ്റന്‍സ് ഫ്രണ്ട് ഓര്‍ഗനൈസേഷന് പങ്കുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 12 ശതമാനം ആക്രമണങ്ങളില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, 2021ല്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യത്തെ 33 ശതമാനം ഭീകരാക്രമണങ്ങളില്‍ ഒരു ഭീകര സംഘടനയ്ക്കും പങ്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മിക്ക വര്‍ഷങ്ങളിലും ഭീകരാക്രമണങ്ങളുടെ എണ്ണം കണക്കാക്കുന്ന പട്ടികയില്‍ ആദ്യത്തെ 10 രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടാറുണ്ട്. എന്നാല്‍ 2021ലെ കണക്കുകളില്‍ ആദ്യ പത്തില്‍ ഇന്ത്യയില്ല. 2020ല്‍ രാജ്യത്ത് 679 ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2019 ല്‍ ഇത് 655 ഉം 2018 ല്‍ 673 ഉം ആയിരുന്നു. 2021 ല്‍ ജമ്മു കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്ത 252 ഭീകരാക്രമണക്കേസില്‍ 119 കേസുകളിലും മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഛത്തീസ്ഗഢിലെ ആക്രമണങ്ങളില്‍ 21 ശതമാനവും ജാര്‍ഖണ്ഡിലെ കേസുകളില്‍ 59 ശതമാനവും മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2021 ഏപ്രിലില്‍ ഛത്തീസ്ഡഢിലെ ബിജാപ്പൂരില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മാവോയിസ്റ്റുകളാണ് രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ഭീഷണിയെന്നായിരുന്നു 2010ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് പറഞ്ഞത്.

ഭീകരാക്രമണ തന്ത്രങ്ങളില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തീവ്രവാദികള്‍ ഇപ്പോള്‍ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നതെന്നും അതിനായി കൂടുതലും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്നുമാണ് കണ്ടെത്തല്‍. തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സര്‍ക്കാര്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in