മനഃസാക്ഷി വോട്ട് ലഭിക്കും; മുതിര്‍ന്ന നേതാക്കളില്‍ പ്രതീക്ഷയില്ലെന്ന് ആവര്‍ത്തിച്ച് തരൂര്‍
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ പ്രചാരണം പുരോഗമിക്കുന്നതിനിടെ സംസ്ഥാന നേതാക്കളെ വിമര്‍ശിച്ച് ശശി തരൂര്‍. മുതിര്‍ന്ന നേതാക്കളില്‍ പ്രതീക്ഷയില്ലെന്ന് ആവര്‍ത്തിച്ച തരൂര്‍ മനസാക്ഷി വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകരിലാണ് പ്രതീക്ഷ. തങ്ങളെ ആരും കേള്‍ക്കാനില്ലെന്ന തോന്നല്‍ അവര്‍ക്കുണ്ടാക്കരുത്. മുതിര്‍ന്ന നേതാക്കളോട് വോട്ട് തേടില്ല. മാധ്യമങ്ങളെ ഭയന്നിട്ടാകാം അവര്‍ തന്നെ കാണാതെ പോയതെന്നും തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ശക്തമായ എതിര്‍പ്പുകള്‍ക്കിടെയും പ്രചാരണം ശക്തമാക്കി മുന്നോട്ടുപോകുകയാണ് തരൂര്‍. തിരുവനന്തപുരത്തുള്ള അദ്ദേഹം നേതാക്കളെ വീടുകളിലെത്തി കാണുന്ന തിരക്കിലാണ്.
എതിര്‍സ്ഥാനാര്‍ത്ഥിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരസ്യമായി പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് തരൂര്‍ സംസ്ഥാന നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയത്. സുധാകരന്റെ നിലപാടില്‍ തരൂര്‍ പക്ഷത്തിന് കടുത്ത അതൃപ്തിയാണുള്ളത്. മുതിര്‍ന്ന നേതാക്കളിലൊരാളായ എ കെ ആന്റണിയാണ് ഖാര്‍ഗെയുടെ പത്രികയില്‍ ആദ്യം ഒപ്പിട്ടയാള്‍. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെല്ലാം ഖാര്‍ഗെയ്ക്ക് ഒപ്പമാണെന്ന പ്രതീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണങ്ങള്‍. യുവാക്കള്‍ തന്നോടൊപ്പമുണ്ടെന്ന പ്രതീക്ഷ നിലനിര്‍ത്തിയാണ് മനസാക്ഷി വോട്ടിനെ കുറിച്ചുള്ള തരൂരിന്റെ പ്രസ്താവന.
യുവ നേതാക്കളില്‍ പലരും തരൂരിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. സാമുഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പുന്നയിക്കുന്നത് ഹൈക്കമാന്‍ഡില്‍ നിന്നുള്ള രഹസ്യ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് തരൂര്‍ പക്ഷത്തിന്റെ ആരോപണം. അധ്യക്ഷനായാല്‍ നിലവിലെ പാർട്ടി സമവാക്യങ്ങളിൽ മാറ്റങ്ങൾ വരുമെന്ന ഭയംകൊണ്ടാണ് ശശി തരൂരിനെ കേരള നേതാക്കള്‍ എതിര്‍ക്കുന്നതെന്നാണ് വിലയിരുത്തല്‍.
കേരളത്തിന് പിന്നാലെ, കഴിഞ്ഞ ദിവസം തെലങ്കാന പിസിസിയുംഖാര്‍ഗെയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. തരൂര്‍ മത്സരത്തില്‍നിന്ന് പിന്മാറണമെന്ന ആവശ്യവും തെലങ്കാന പിസിസി മുന്നോട്ടുവെച്ചിട്ടുണ്ട്. തെലങ്കാനയില്‍ തരൂര്‍ നടത്തിയ പ്രചാരണ പരിപാടികളില്‍ നിന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നിരുന്നു. പിന്നാലെയാണ് തരൂര്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കണമെന്ന ആവശ്യവുമായി തെലങ്കാന പിസിസി രംഗത്തെത്തിയത്. സംസ്ഥാന നേതാക്കള്‍ തന്നെ ഇക്കാര്യം തരൂരിനെ അറിയിച്ചതായാണ് വിവരം.