പത്രിക പിന്‍വലിക്കില്ല, നടക്കുന്നത് വ്യാജ പ്രചരണമെന്ന് ശശി തരൂർ; രഹസ്യ ബാലറ്റ് അനുകൂലമാകുമെന്ന് പ്രതീക്ഷ

പത്രിക പിന്‍വലിക്കില്ല, നടക്കുന്നത് വ്യാജ പ്രചരണമെന്ന് ശശി തരൂർ; രഹസ്യ ബാലറ്റ് അനുകൂലമാകുമെന്ന് പ്രതീക്ഷ

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളവരുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും
Updated on
1 min read

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ശശി തരൂർ. നാമനിർദേശ പത്രിക പിന്‍വലിക്കുമെന്ന പ്രചരണം തള്ളിയ തരൂര്‍ നടക്കുന്നത് സൗഹൃദ മത്സരമാണെന്നും വ്യക്തമാക്കി. നിര്‍ദേശങ്ങള്‍ മറികടന്ന് കേരളത്തിലെ ഉള്‍പ്പെടെ നേതാക്കള്‍ ഖാര്‍ഗെയ്ക്ക് പരസ്യ പിന്തുണ നല്‍കുന്നതിനെതിരെ പരാതി നല്‍കുമെന്ന് തരൂര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാന്‍ മധുസൂദന്‍ മിസ്ത്രിയ്ക്കാകും പരാതിനല്‍കുക. മല്ലികാർജുൻ ഖാർഗെയ്ക്ക് പരസ്യ പിന്തുണ നല്‍കുന്നതില്‍ എഐസിസി നേതാക്കൾക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് തരൂര്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് തനിക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രഹസ്യ ബാലറ്റ് അനുകൂലമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

മഹാരാഷ്ട്രയിലാണ് ഇന്ന് ശശി തരൂരിന്റെ പ്രചാരണം. ഖാര്‍ഗെ ഇന്ന് ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായാണ് പ്രചാരണം നടത്തുന്നത്. പിസിസി ഓഫീസുകളില്‍ എത്തി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ് തരൂരും ഖാര്‍ഗെയും.

ഡല്‍ഹിയില്‍ എത്തുന്ന മധുസൂദന്‍ മിസ്ത്രി തിരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ നേതാക്കള്‍ ലംഘിച്ചിട്ടുണ്ടോയെന്ന് ഇന്ന് പരിശോധിക്കുമെന്നാണ് വിവരം. അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയും ഇന്ന് പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ 17 നാണ് തിരഞ്ഞെടുപ്പ്.

പാലായില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍
പാലായില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍

കേരള നേതാക്കള്‍ പരസ്യമായി തരൂരിനെതിരെ രംഗത്ത് വരുമ്പോഴും കോട്ടയം പാലായില്‍ ശശി തരൂരിന് അഭിവാദ്യം അര്‍പ്പിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. 'കോണ്‍ഗ്രസിന്‍റ രക്ഷയ്ക്കും രാജ്യത്തിന്‍റെ നന്മയ്ക്കും ശശി തരൂര്‍ വരട്ടെ' എന്ന ഫ്ലക്സാണ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. ഫ്ളക്സില്‍ ആരുടേയും പേരില്ല. എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ വിജയിക്കണമെന്നാണ് കോണ്‍ഗ്രസിലെ യുവജനങ്ങളും ഭൂരിഭാഗം പ്രവര്‍ത്തകരും ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍ വി ജോസ് പറഞ്ഞു.

അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തരൂര്‍ വിജയിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് നടന്‍ ജോയ് മാത്യുവും രംഗത്തെത്തിയരുന്നു. കേരളത്തിലെ ഗ്രൂപ്പ് കളിയുടെ ഉസ്താദുമാര്‍ക്ക് ശശി തരൂര്‍ അസ്വീകാര്യനാകുന്നത് എന്തുകൊണ്ടായിരിക്കാം' എന്ന് തനിക്കിപ്പോഴും മനസ്സിലായിട്ടില്ലെന്ന് നടന്‍ ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ശശി തരൂരിനെ പിന്തുച്ച് സിപിഎം രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് രംഗത്തിയിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി താരതമ്യം ചെയ്യുമ്പോള്‍ തരൂരാണ് അധ്യക്ഷനാകാന്‍ നല്ലതെന്നാണ് ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

logo
The Fourth
www.thefourthnews.in