ഓസ്ട്രേലിയൻ പാര്‍ലമെന്റ് ഹാളിൽ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; പാനൽ ചർച്ചയിൽ സഞ്ജീവ് ഭട്ടിന്റെ മകളും
-

ഓസ്ട്രേലിയൻ പാര്‍ലമെന്റ് ഹാളിൽ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; പാനൽ ചർച്ചയിൽ സഞ്ജീവ് ഭട്ടിന്റെ മകളും

ആംനസ്റ്റി ഇന്റര്‍നാഷണലിനറെ ഉള്‍പ്പെടെ നേതൃത്വത്തിലാണ് പ്രദര്‍ശനം
Updated on
2 min read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് ഹാളില്‍ പ്രദര്‍ശിപ്പിക്കും. ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് മോദി ഓസ്ട്രേലിയയില്‍ എത്തിയത്. സിഡ്നിയിൽ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്ത മോദിക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും മോദിയെ സ്വീകരിക്കാനായി എത്തിയിരുന്നു.

ഇന്ത്യ - ഓസ്ട്രേലിയ പ്രധാനമന്ത്രിമാരുടെ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പിന്നാലെ ബുധനാഴ്ച മോദി മടങ്ങും. മണിക്കൂറുകള്‍ക്കകമാകും ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം. ആംനസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകളും വിവിധ പ്രവാസി സംഘടനകളും ചേര്‍ന്നാണ് ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഡോക്യുമെന്ററി പ്രദര്‍ശനത്തിന് പിന്നാലെ ഒരു പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. തടവില്‍ കഴിയുന്ന ഗുജറാത്ത് മുന്‍ പോലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ മകള്‍ ആകാഷി ഭട്ട് ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നതാണ് പ്രത്യേകത.

പെരിയോർ-അംബേദ്കർ തോട്ട് സർക്കിൾ ആസ്ട്രേലിയ, ദ ഹ്യുമനിസം പ്രോജക്ട്, ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ആസ്ട്രേലിയ- ന്യൂസിലൻഡ് ചാപ്റ്ററുകൾ, മുസ്‍ലിം കലക്ടിവ് അടക്കമുളള ​ഗ്രൂപ്പുകളും മനുഷ്യാവകാശ പ്രവർത്തകരും പ്രദർശനത്തിൽ അണിചേരും. പ്രദർശനം കഴിഞ്ഞ ശേഷം സംഘടിപ്പിക്കുന്ന ഗുജറാത്ത് കലാപം, 2014ന് ശേഷമുള്ള ഇന്ത്യ തുടങ്ങിയ വിഷയങ്ങളിലെ ചര്‍ച്ചയിലാകും ആകാഷി ഭട്ട് സംസാരിക്കുക. ഓസ്ട്രേലിയൻ സെനറ്റർമാരായ ഡേവിഡ് ഷൂബ്രിജ്, ജോർഡൻ സ്റ്റീൽ-ജോൺ എന്നിവരും ചര്‍ച്ചയുടെ ഭാഗമാകും. പാർലമെന്റിലെ പൊതുപരിപാടികൾക്ക് അനുവദിക്കുന്ന ഹാളിലാണ് പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചിരിക്കുന്നത്.

ഡോക്യുമെന്ററിയുടെ സ്‌ക്രീനിങ്ങിൽ പങ്കെടുത്ത സെനറ്റര്‍ ഡേവിഡ് ഷൂബ്രിജ് വളരെ മികച്ച സൃഷ്ടിയാണെന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്ത്യയിലെ അധഃപതിക്കുന്ന മനുഷ്യാവകാശ സാഹചര്യം, മാധ്യമസ്വാതന്ത്ര്യത്തിന്റെ അഭാവം എന്നിവ ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശം മുന്നോട്ടുവച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് വംശഹത്യ മുഖ്യമന്ത്രിയായിരുന്ന മോദി അറിഞ്ഞുകൊണ്ടാണെന്ന പരാമര്‍ശത്തോടെയാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ബിജെപിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും ശത്രുവായത്. വംശഹത്യയില്‍ മോദിയുടെ പങ്കിനെക്കുറിച്ച് ലോകത്തോട് തുറന്നുപറഞ്ഞ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെ, മോദി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറി. 2011ലാണ് ഭട്ട് മോദിക്കും ബിജെപിക്കും എതിരെ പരസ്യമായി രംഗത്തുവന്നത്. 2011 ഏപ്രില്‍ 14ന്, രാജ്യത്തെ നടുക്കിയ 2002ലെ ഗോധ്ര തീവയ്പ്പിലും തുടര്‍ന്നുണ്ടായ ഗുജറാത്ത് വംശഹത്യയിലും മോദിക്കുള്ള പങ്ക് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഭട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2011 ഓഗസ്റ്റിൽ ഭട്ടിനെ ഗുജറാത്ത് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു.

ഇന്ത്യയിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ജനുവരി 18നാണ് ബിബിസി അന്വേഷണത്മക ഡോക്യുമെന്ററിയുടെ ആദ്യഭാഗം പുറത്തുവിട്ടത്. 2002 ലെ ഗുജറാത്ത് കലാപത്തെ പറ്റി ബ്രിട്ടൻ നടത്തിയ അന്വേഷണത്തെ ആസ്പദമാക്കിയായിരുന്നു ഡോക്യുമെന്ററി. തുടർന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധങ്ങൾ ഉയർന്നു. ജനുവരി 21ന്, വിവരസാങ്കേതിക നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് വിവാദ ഡോക്യുമെന്ററിയുടെ യൂട്യൂബ് ലിങ്കുകളും ട്വിറ്റർ പോസ്റ്റുകളും വീഡിയോകളും തടയാൻ കേന്ദ്രം നിർദേശിച്ചു. ബിബിസി ഡോക്യുമെന്ററി പുറത്തുവിട്ടതിന് പിന്നാലെ, ഇന്ത്യയിലെ ബിബിസി ഓഫീസുകളിൽ മൂന്ന് ദിവസത്തോളം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയും ജീവനക്കാരെ ചോദ്യം ചെയ്യുകയും ഉണ്ടായി. വിഷയം രാജ്യത്തിന് പുറത്തും അന്താരാഷ്ട്രതലത്തിലും ചർച്ചയായിരുന്നു.

logo
The Fourth
www.thefourthnews.in