കർണാടകയിൽ ടിക്കറ്റ് പോരിൽ കുരുങ്ങി കോൺഗ്രസും ബിജെപിയും; പ്രചാരണം അനിശ്ചിതത്വത്തിൽ
കർണാടകയിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് 10 ദിവസത്തിലധികമായിട്ടും ദേശീയ നേതാക്കളുടെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാനാകാതെ കോൺഗ്രസും ബിജെപിയും. ഡൽഹി കേന്ദ്രീകരിച്ച് തിരക്കിട്ട സ്ഥാനാർഥി നിർണയ ചർച്ചകളിലാണ് ഇരുപാർട്ടികളുടെയും നേതൃത്വം. കോൺഗ്രസ് 166 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടെങ്കിലും നിർണായകമായ 58 മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം ടിക്കറ്റ് മോഹികളുടെ വടം വലി കാരണം കീറാമുട്ടിയായിരിക്കുകയാണ്. ബിജെപിയാകട്ടെ ഇതുവരെ ഒറ്റ മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
കോലാർ സ്ഥാനാർഥിയും അനിശ്ചിതത്തിലായ 'സത്യമേവ ജയതേ' യാത്രയും
കോലാർ സ്ഥാനാർഥിയിൽ കുരുങ്ങിക്കിടക്കുകയാണ് രാഹുല്‍ ഗാന്ധി നയിക്കാനിരുന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ 'സത്യമേവ ജയതേ' യാത്ര. കോലാറിൽ മത്സരിക്കാൻ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പിടിവാശിക്ക് മുന്നിലാണ് തീയതി കുറിക്കാനാകാതെ യാത്ര പ്രതിസന്ധിയിലായത്. ഏപ്രിൽ അഞ്ചിനും തുടർന്ന് ഒൻപതിനും നിശ്ചയിച്ച് മാറ്റിവച്ച 'സത്യമേവ ജയതേ' യാത്ര തുടങ്ങണമെങ്കിൽ ഇനി കോലാറിലെ സ്ഥാനാർഥി നിർണയം നടക്കണം.
പരാജയ സാധ്യത മുന്നിൽ കണ്ടായിരുന്നു കോലാറിൽ സിദ്ധരാമയ്യയ്ക്ക് സ്ഥാനാർഥിത്തം ഹൈക്കമാൻഡ് നിരുത്സാഹപ്പെടുത്തിയത്. എന്നാൽ വരുണ, കോലാർ മണ്ഡലങ്ങളിൽ ജനവിധി തേടാനുള്ള നീക്കം സിദ്ധരാമയ്യ ഉപേക്ഷിക്കുന്ന മട്ടില്ല. ഇതിനോടകം കോലാറിൽ പ്രാദേശികമായി വോട്ടർമാർക്കിടയിലും നേതാക്കൾക്കിടയിലും ബന്ധമുണ്ടാക്കിയ സിദ്ധരാമയ്യ ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കുകയാണ്.
കോലാർ ഉൾപ്പെടെ നിർണായകമായ 58 സീറ്റുകളിലെ സ്ഥാനാർഥി നിർണയം എന്നുണ്ടാകുമെന്നതിനെ ആശ്രയിച്ചിരിക്കും രാഹുലിന്റെ 'സത്യമേവ ജയതേ' യാത്ര തുടങ്ങുന്നത്. ഡികെ ശിവകുമാർ, സിദ്ധരാമയ്യ പക്ഷക്കാരാണ് 58 സീറ്റിനായുള്ള വടം വലിയിലുള്ളത്. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദായതിന് കാരണമായ 2019ലെ വിവാദ പ്രസംഗത്തിന് വേദിയായ മൈതാനത്തുനിന്ന് വീണ്ടും പ്രസംഗിച്ച് കർണാടകയിലുടനീളം സഞ്ചരിക്കലായിരുന്നു 'സത്യമേവ ജയതേ' യാത്ര. യാത്ര ഏപ്രിൽ 16ന് നിശ്ചയിച്ചിരിക്കുകയാണ് കോൺഗ്രസ്.
യഥാർഥ ബിജെപിക്കാർക്കേ സീറ്റുള്ളൂവെന്നു അഭ്യൂഹം, പഴയ വിമതർ ആശങ്കയിൽ
ബിജെപിയിലും സ്ഥിതി വ്യത്യസ്തമല്ല, നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ കർണാടകയിലേക്ക് പുറപ്പെടാൻ തയ്യാറാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി എന്ന് തുടങ്ങാനാകുമെന്ന് നിശ്ചയമില്ല. പ്രശ്നം സ്ഥാനാർഥി നിർണയം തന്നെ. ഓരോ മണ്ഡലങ്ങളിലും സ്ഥാനാർഥിയാകേണ്ടവരുടെ ചുരുക്കപ്പട്ടിക രഹസ്യ ബാലറ്റിലൂടെ തയ്യാറാക്കി ബിജെപി ദേശീയ നേതൃത്വത്തിന് മുന്നിൽ എത്തിച്ചിരിക്കുകയാണ് ബൊമ്മെയും സംഘവും. എന്നാൽ 2018ലെ ജെഡിഎസ് - കോൺഗ്രസ് സഖ്യ സർക്കാരിനെ മറിച്ചിടാൻ ബിജെപിയിലേക്ക് ചേക്കേറിയവരുടെ കാര്യം ആശങ്കയിലാണ്.
ഓപ്പറേഷൻ കമലയുടെ ഇരകളായ 15 കോൺഗ്രസ് - ജെഡിഎസ് എം എൽ എമാരാണ് ഈ ആശങ്കയിൽ കഴിയുന്നത്. 2019ൽ സർക്കാർ രൂപീകരിക്കാൻ ഇവരെ കൂട്ടുപിടിച്ച ബിജെപി അന്നിവർക്ക് വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങളെല്ലാം നൽകിയിരുന്നു. വാഗ്ദാനം നിറവേറ്റാൻ അന്ന് തഴയപ്പെട്ട യഥാർഥ ബിജെപി നേതാക്കളെ ഇത്തവണ പരിഗണിക്കണമെന്നാണ് കർണാടക ബിജെപിയുടെ പൊതുവികാരം. അങ്ങനെ സംഭവിച്ചാൽ വഴിയാധാരമാകുന്ന ഈ 'പഴയ വിമതർ' സ്വീകരിക്കുന്ന നിലപാട് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകും. വിമതർക്കായി ദേശീയ നേതൃത്വത്തിന് മുന്നിൽ വാദിക്കുകയാണ് മുഖ്യമന്ത്രി ബൊമ്മെയും യെദ്യൂരപ്പയും. 2019ൽ വിമത നീക്കത്തിന് ചുക്കാൻ പിടിച്ച രമേശ് ജാർക്കിഹോളി ഉൾപ്പെടെയുള്ളവർ വീണ്ടും വിമത നീക്കവുമായി നിലയുറപ്പിച്ചിട്ടുണ്ട്.
എം പി മാരും എം എൽ സി മാരും ടിക്കറ്റ് മോഹികളുടെ കൂട്ടത്തിൽ
നിലവിൽ ലോക്സഭാംഗമായവരും കർണാടക ഉപരിസഭാംഗമായവരും കൂടി ടിക്കറ്റ് ചോദിച്ചതാണ് ബിജെപിയിലെ സ്ഥാനാർഥി പ്രതിസന്ധി രൂക്ഷമാക്കുന്നത്. അടുത്ത വർഷം പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രാജിവച്ച് നിയമസഭയിൽ കയറാൻ കണക്കുകൂട്ടി കരുനീക്കം നടത്തുകയാണ് അര ഡസൻ എം പി മാർ. ഉപരിസഭയിൽ നിന്ന് നിയമസഭയിലേക്ക് പ്രമോഷൻ പ്രതീക്ഷിച്ച് ടിക്കറ്റ് ചോദിക്കുകയാണ് എം എൽ സിമാർ. ഇക്കാര്യം സ്ഥാനാർഥികളുടെ സാധ്യത പട്ടികയുമായി ഡൽഹിക്ക് തിരിക്കും മുൻപ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തന്നെയാണ് സ്ഥിരീകരിച്ചത്.
ഭരണവിരുദ്ധ വികാരമുള്ളതിനാൽ സിറ്റിങ് എം എൽ എ മാരെ വീണ്ടും ഇറക്കുന്നത് ചില മണ്ഡലങ്ങളിലെങ്കിലും തിരിച്ചടിയാകുമെന്ന രാഷ്ട്രീയ ഉപദേശവും ബൊമ്മെയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരുവിധം തർക്കം തീർത്ത് രണ്ടു ദിവസത്തിനുള്ളിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടികയെങ്കിലും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ബിജെപി.