രണ്ടു വര്‍ഷം, രണ്ട് പിളര്‍പ്പുകള്‍; മഹാരാഷ്ട്ര പ്രതിപക്ഷത്തെ തകര്‍ത്ത ബിജെപിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍
രാഷ്ട്രീയ കരുനീക്കങ്ങളില്‍ ചാണക്യ ബുദ്ധിയാണ് ശരദ് പവാറിന് എന്നാണ് വയ്പ്. എന്നാല്‍ ആ പവാറിന്റെ പ്രഭാവത്തെ നിഷ്പ്രഭമാക്കുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കുകളാണ് കഴിഞ്ഞു രണ്ടു വര്‍ഷത്തിനിടെ ബിജെപി നേതൃത്വം പയറ്റുന്നത്. അതിലെ ഒടുവിലത്തെ അധ്യായമാണ് അജിത് പവാറിന്റെ മറുകണ്ടം ചാടല്‍. ശരദ് പവാറിന്റെ അനന്തരവനും എന്‍സിപി ഉന്നത നേതാവുമായ അജിത് പവാര്‍ വീണ്ടും പാര്‍ട്ടിയെ പിളര്‍ത്തിയപ്പോള്‍ വിജയിച്ചത് കഴിഞ്ഞ രണ്ട് വര്‍ഷമായി മഹാരാഷ്ട്രയില്‍ ബിജെപി പയറ്റിയ തന്ത്രമാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 29 നാണ് മറാത്ത രാഷ്ട്രീയത്തില്‍ കരുത്തരായ ശിവസേനയെ പിളര്‍ത്തി മഹാവികാസ് അഘാഡി സഖ്യത്തിന് ബിജെപി ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയത്. അന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ വലംകൈയായ ഏക്‌നാഥ് ഷിന്‍ഡെയെയാണ് ബിജെപി അറുത്തുമാറ്റി സ്വന്തം പാളയത്തില്‍ എത്തിച്ചത്, ഒപ്പം 40 ശിവസേന എംഎല്‍എമാരെയും. ഒരു വര്‍ഷത്തിന് ശേഷം ഇപ്പോള്‍ പ്രതിപക്ഷ നിരയിലെ മറ്റൊരു പ്രമുഖ പാര്‍ട്ടിയായ എന്‍സിപിയെയും പിളര്‍ത്തിയ ബിജെപി സംസ്ഥാനത്ത് കൂടുതല്‍ കരുത്ത് നേടുകയാണ്.
അജിത് പവാറും മറ്റ് എട്ട് പാര്‍ട്ടി നേതാക്കളും ഇന്ന് മഹാരാഷ്ട്ര സര്‍ക്കാരില്‍ ചേര്‍ന്നു. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തു. അജിത്തിനൊപ്പമുള്ള 8 എംഎല്‍മാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസുമായി പദവി പങ്കിടും.
അജിത് പവാര്‍, സുപ്രിയ സുലെയ്ക്കൊപ്പം എന്‍സിപിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി അടുത്തിടെ നിയമിതനായ പ്രഫുല്‍ പട്ടേല്‍, മുതിര്‍ന്ന എന്‍സിപി നേതാവ് ചഗന്‍ ഭുജ്പാല്‍, ദിലീപ് വാല്‍സെ പാട്ടീല്‍, ഹസന്‍ മുഷ്രിഫ്,രാംരാജെ നിംബാല്‍ക്കര്‍, ധനഞ്ജയ് മുണ്ടെ, അതിഥി താത്കറെ, സഞ്ജയ് ബന്‍സോഡെ, ധര്‍മ്മരവ് ബാബ അത്രം. അനില്‍ ഭായിദാസ് പാട്ടീല്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഉടന്‍ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഫഡ്നാവിസ് പറഞ്ഞിരുന്നു. അടുത്തിടെ ഡല്‍ഹിയില്‍ ബിജെപി നേതാക്കളുമായി ഏകനാഥ് ഷിന്‍ഡെ കൂടിക്കാഴ്ചയും നടത്തിയിരുന്നു. അജിത് പവാര്‍ എന്‍സിപി എംഎല്‍എമാരോടൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ സര്‍ക്കാരില്‍ നിന്ന് പുറത്തുപോകുമെന്ന് ഷിന്‍ഡെ ഏപ്രിലില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
'ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരു മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമുണ്ട്. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ട്രിപ്പിള്‍ എഞ്ചിനായി മാറി. മഹാരാഷ്ട്രയുടെ വികസനത്തിന്, അജിത് പവാറിനെയും അദ്ദേഹത്തിന്റെ നേതാക്കളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. അജിത് പവാറിന്റെ അനുഭവങ്ങള്‍ സഹായിക്കും,' എന്നാണ് ഏകനാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞത്.
ശരദ് പവാറിന്റെ മകളും എന്‍സിപി നേതാവുമായ സുപ്രിയ സുലെയെ പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തിയതിന് പിന്നാലെ, സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അജിത് പവാര്‍ അടുത്തിടെ പറഞ്ഞിരുന്നു. മഹാ വികാസ് അഘാഡി സഖ്യം ഒരു വലിയ വെല്ലിവിളിയായി നിലനില്‍ക്കുന്ന ഘട്ടത്തില്‍ സംഖ്യത്തെ തകര്‍ക്കുക എന്നതായിരുന്നു ഏക് നാഥ് ഷിന്‍ഡെയുടെ ലക്ഷ്യം. സഖ്യത്തെ ചേര്‍ത്തുപിടിക്കാനുള്ള നീക്കങ്ങള്‍ ശരദ് പവാര്‍ നടത്തിയിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ല എന്നുവേണം ഇപ്പോള്‍ വിലയിരുത്താന്‍.
സംസ്ഥാന നിയമസഭയില്‍ എന്‍സിപിയുടെ ആകെയുള്ള 53 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് അജിത് പവാര്‍ അവകാശപ്പെടുന്നതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. കൂറുമാറ്റ നിരോധന നിയമത്തിലെ വകുപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ അജിത് പവാറിന് 36-ലധികം എംഎല്‍എമാര്‍ വേണം.
ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം എല്ലാ വിമത എംഎല്‍എമാരേയും അയോഗ്യരാക്കുന്നതിന് എന്‍സിപിക്ക് ഇനിയും നീങ്ങാം. ഈയടുത്ത് വന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രകാരം , യഥാര്‍ഥ കക്ഷി ലയിക്കേണ്ടതുണ്ട്. ചിഹ്നവുമായി ബന്ധപ്പെട്ട ഉത്തരവ് പ്രകാരം അജിത് പവാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് താനാണ് അല്ലെങ്കില്‍ തന്റേതാണ് യഥാര്‍ഥ എന്‍സിപിയെന്ന് തെളിയിക്കേണ്ടതുണ്ട് . അത് വരെ അജിത് പവാറും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും അയോഗ്യരായിരിക്കും.