ത്രിപുരയിൽ ചെങ്കൊടി ഉയരുമോ? അധികാരം നിലനിർത്താൻ ബിജെപി;
പ്രചാരണച്ചൂട് ഇന്ന് സമാപിക്കും

ത്രിപുരയിൽ ചെങ്കൊടി ഉയരുമോ? അധികാരം നിലനിർത്താൻ ബിജെപി; പ്രചാരണച്ചൂട് ഇന്ന് സമാപിക്കും

വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്‌
Updated on
2 min read

ത്രിപുരയിൽ ഇന്ന് കൊട്ടിക്കലാശം. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് സമാപിക്കാനിരിക്കെ മുഖ്യകക്ഷികളെല്ലാം വളരെ ആവേശത്തിലാണ്. തൃണമൂൽ കോൺഗ്രസ്, ഇടതുമുന്നണി, കോൺഗ്രസ്, ടിപ്ര മോത തുടങ്ങിയ പാർട്ടികളുടെ മുതിർന്ന നേതാക്കളും സ്ഥാനാർത്ഥികളും ഉൾപ്പെടെയുളളവർ ബിജെപിയ്ക്കെതിരെയുളള പ്രചാരണത്തിന്റെ അവസാന ലാപ്പിലാണ്. ബംഗാളിന് പുറമെ മുഖ്യ ശത്രുവിനെ നേരിടുന്നതിനായി ത്രിപുരയിലും കൈ കൊടുത്തു കൊണ്ടാണ് കോൺഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ മാസം 16നാണ് വോട്ടെടുപ്പ്‌.

അതേസമയം, സംസ്ഥാനത്ത് അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ,പാർട്ടി അധ്യക്ഷൻ ജെപി നദ്ദ എന്നിവരുൾപ്പെടെയുള്ള പാർട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ കീഴിലാണ് ത്രിപുരയിൽ ബിജെപി പ്രചാരണം നടത്തുന്നത്. സംസ്ഥാനത്ത് പൂർണ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ ലക്ഷ്യമിട്ട് വീടുവീടാന്തരം കയറിയിറങ്ങിയാണ് ബിജെപിയുടെ പ്രചാരണം.

കോൺ​ഗ്രസും ഇടതുപക്ഷവും സംസ്ഥാനത്തെ നാശത്തിൻ്റെ വക്കിലെത്തിച്ചുവെന്നാണ് കഴിഞ്ഞ ദിവസം അ​ഗർത്തലയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞത്. ത്രിപുരയിൽ സമാധാനം തിരികെ കൊണ്ടുവന്നതും നിയമവാഴ്ച സ്ഥാപിച്ചതും ബിജെപി എന്ന് അവകാശപ്പെട്ട മോദി ത്രിപുരയിലെ ജനങ്ങൾ ദരിദ്രരായി തുടരണമെന്ന ആ​ഗ്രഹമാണ് കോൺ​ഗ്രസിനും ഇടതുപക്ഷത്തിനുമുളളതെന്നും വിമർശിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായുളള മോദിയുടെ രണ്ടാമത്തെ സന്ദർശനമായിരുന്നു ഇത്. ത്രിപുരയിൽ ദീർഘകാലം ആദിവാസികളെ വഞ്ചിച്ച ഇടതുപക്ഷം ഇപ്പോൾ ഒരു ആദിവാസി നേതാവിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നുവെന്നായിരുന്നു അമിത് ഷായുടെ വിമർശനം. ഉനകോട്ടിയിൽ നടന്ന പൊതു റാലിയിൽ സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

അതേസമയം, തിരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പണവും മയക്കുമരുന്നും ഉൾപ്പെടെ 44 കോടി രൂപ പിടിച്ചെടുത്തുവെന്നാണ് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ ഗിറ്റെ കിരൺകുമാർ ദിനകർറാവു വ്യക്തമാക്കിയത്. വോട്ടെടുപ്പ് ദിവസം അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മതിയായ സേനയെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 16 ന് നടക്കുന്ന 60 അംഗ ത്രിപുര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസും സംയുക്തമായാണ് മത്സരിക്കുന്നത്. എന്നാൽ, ഒരു തിരഞ്ഞെടുപ്പ് റാലികളിലും കോൺഗ്രസ് പാർട്ടിയുടെ ഉന്നത നേതാക്കളുടെ സാന്നിധ്യം കണ്ടില്ലെന്നതും ചർച്ചയാവുകയാണ്. സിപിഎമ്മിൻ്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ പങ്കാളിത്തത്തോടെ 13 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. കോൺ​ഗ്രസ് നേതാക്കൾ പ്രചാരണത്തിൽ നിന്നും വിട്ടുനിൽക്കുമ്പോഴും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഇന്ന് ത്രിപുര സന്ദർശിക്കും.

ഭരണകക്ഷിയായ ബിജെപി-ഐപിഎഫ്ടി സഖ്യം, സിപിഎം-കോൺഗ്രസ് സഖ്യം, ടിപ്ര മോത, തൃണമൂൽ കോൺഗ്രസ് എന്നീ കക്ഷികളാണ് 60 അംഗ നിയമസഭയിലേക്ക് മുഖാമുഖം ഏറ്റുമുട്ടുന്നത്.

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക് സർക്കാർ മത്സരത്തിനില്ലെന്നുളളതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രധാന മാറ്റം. ത്രിപുര തിരഞ്ഞെടുപ്പിൽ ബിജെപിയാണ് ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത്. 55 സീറ്റുകളിൽ മത്സരിക്കുന്ന ബിജെപി ഐപിഎഫ്ടിക്ക് 5 സീറ്റുകളാണ് നൽകിയിരിക്കുന്നത്. 17 സീറ്റുകളിലാണു കോൺഗ്രസ് മത്സരിക്കുന്നത്. സിപിഎം 43 സീറ്റുകളിലും. സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നിവർ ഓരോ സീറ്റുകളിലും മത്സര രം​ഗത്തുണ്ട്. ത്രിപുര ട്രൈബൽ ഏരിയ ഓട്ടോണമസ് കൗൺസിൽ തിരഞ്ഞെടുപ്പ് തൂത്തുവാരിയ ടിപ്ര മോത 42 സീറ്റുകളിലാണു മത്സരിക്കുന്നത്.

logo
The Fourth
www.thefourthnews.in