നീറ്റ് യുജി പെന്‍- പേപ്പറില്‍നിന്ന് ഓണ്‍ലൈനിലേക്ക് മാറും; സാധ്യത ആരാഞ്ഞ് കേന്ദ്രം

നീറ്റ് യുജി പെന്‍- പേപ്പറില്‍നിന്ന് ഓണ്‍ലൈനിലേക്ക് മാറും; സാധ്യത ആരാഞ്ഞ് കേന്ദ്രം

ഈ വര്‍ഷം പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം, സിബിഐ അന്വേഷണം, അറസ്റ്റ് തുടങ്ങിയവ അരങ്ങേറിയതിന്‌റെ പശ്ചാത്തലത്തിലാണ് ഓണ്‍ലൈനിലേക്കുള്ള മാറ്റം പരിഗണിക്കുന്നത്
Updated on
2 min read

നീറ്റ്-യുജി പരീക്ഷയുടെ സമഗ്രത സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം മുതല്‍ പരീക്ഷ ഓണ്‍ലൈനായി നടത്താനുള്ള സാധ്യത കേന്ദ്രം പരിഗണിക്കുന്നു. നിലവില്‍ പെന്‍-പേപ്പര്‍ എംസിക്യു ടെസ്റ്റായാണ് നീറ്റ് പരീക്ഷ നടത്തുന്നത്. നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഉത്തരം തിരഞ്ഞെടുത്ത് ഒഎംആര്‍ ഷീറ്റില്‍ അടയാളപ്പെടുത്താം. എന്നാല്‍ ഈ വര്‍ഷം പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം, സിബിഐ അന്വേഷണം, അറസ്റ്റ് തുടങ്ങി അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയതിന്‌റെ പശ്ചാത്തലത്തിലാണ് ഓണ്‍ലൈനിലേക്കുള്ള മാറ്റം പരിഗണിക്കുന്നതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സണ്‍ഡേ എക്‌സ്പ്രസിനോട് പറഞ്ഞു.

നേരത്തേ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പരീക്ഷ നടത്തുന്ന ആരോഗ്യമന്ത്രാലയം നീറ്റ് പരീക്ഷ ഓണ്‍ലൈന്‍ മോഡിലേക്ക് മാറ്റാനുള്ള നിര്‍ദേശങ്ങളെ എതിര്‍ത്തിരുന്നു. എന്നാല്‍ ജോയിന്‌റ് എന്‍ട്രന്‍സ് എക്‌സാം(ജീ) മെയിന്‍, ജീ അഡ്വാന്‍സ്ഡ് പോലെയുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഐഐടികളിലേക്കും എന്‍ജിനീയറിങ് കോളേജുകളിലേക്കും പ്രവേശനം സാധ്യമായ ഒരു ഓപ്ഷനായി കാണുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിളിച്ച മൂന്ന് ഉന്നതതല യോഗങ്ങളിലെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്തതായാണ് വിവരം.

പരീക്ഷാപ്രക്രിയയുടെ പരിഷ്‌കാരങ്ങള്‍, ഡാറ്റാ സുരക്ഷ പ്രോട്ടോക്കോള്‍ മെച്ചപ്പെടുത്തല്‍, എന്‍ടിഎയുടെ ഘടനയും പ്രവര്‍ത്തനങ്ങളും തുടങ്ങിയവയില്‍ ശിപാര്‍ശകള്‍ ശേഖരിക്കല്‍ തുടങ്ങിയവയ്ക്കായി ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ ഏഴംഗ സമിതിയെ ജൂണ്‍ 22ന് കേന്ദ്രം രൂപീകരിച്ചിരുന്നു.

2018-ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍ നീറ്റ് പരീക്ഷ ഓണ്‍ലൈനായി നടത്തുമെന്നും 2019 മുതല്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഔപചാരിക കൂടിയാലോചന കൂടാതെയാണ് ഈപ്രഖ്യാപനമെന്ന് പറഞ്ഞ് ആരോഗ്യമന്ത്രാലയം എതിര്‍ത്തതിനാല്‍ വിദ്യാഭ്യാസ മന്ത്രാലയം ഈ തീരുമാനം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ പാവപ്പെട്ടവരെയും ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികളെയും ദോഷകരമായി ബാധിക്കുമെന്നായിരുന്നു ആരോഗ്യമന്ത്രാലയത്തിന്‌റെ വിശദീകരണം.

നീറ്റ് യുജി പെന്‍- പേപ്പറില്‍നിന്ന് ഓണ്‍ലൈനിലേക്ക് മാറും; സാധ്യത ആരാഞ്ഞ് കേന്ദ്രം
നീറ്റ്- യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച: മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍, പ്രതികളെ സഹായിച്ചെന്ന് ആരോപണം

കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകളായ ജീ മെയിന്‍, ജീ അഡ്വാന്‍സ്ഡ് എന്നിവയ്ക്ക് ഗ്രാമീണ മേഖലയില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയും യോഗ്യത നേടുകയും ചെയ്യുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‌റെ പുനര്‍വിചിന്തനത്തെക്കുറിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്. പിന്നെ എന്തിന് ഗ്രാമീണ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നീറ്റ് ഒരു പ്രശ്‌നമാകണം എന്നും അദ്ദേഹം ചോദിച്ചു.

ഓണ്‍ലൈന്‍ മോഡിലേക്ക് മാറുന്നതിനുള്ള അന്തിമ തീരുമാനം ദേശീയ മെഡിക്കല്‍ കമ്മിഷനില്‍ നിക്ഷിപ്തമാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഓണ്‍ലൈന്‍ പരീക്ഷ മികച്ച ഓപ്ഷനാണെന്നാണ് എന്‍എംസിയും പറയുന്നത്.

'ഈ വര്‍ഷം 24 ലക്ഷം വിദ്യാര്‍ഥികള്‍ നീറ്റ്-യുജിക്ക് പങ്കെടുത്തു. പരീക്ഷ ഓണ്‍ലൈനായി മാറുകയാണെങ്കില്‍ ഒന്നിലധികം ഷിഫ്റ്റുകളിലും പല ദിവസങ്ങളിലും നടത്തേണ്ടി വരും. ഏകദേശം ഒന്നര മുതല്‍ രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ ഒരു ഷിഫ്റ്റില്‍ ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കേണ്ടിവരും' ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. ഇതിനര്‍ഥം വ്യത്യസ്ത ചോദ്യപേപ്പറുകള്‍ ഉണ്ടായിരിക്കണമെന്നാണ്. ഫലം തയ്യാറാക്കുമ്പോള്‍, ചോദ്യപേപ്പറുകളുടെ ബുദ്ധിമുട്ടില്‍ വ്യത്യാസം ഉണ്ടാകാതിരിക്കാന്‍ മാര്‍ക്ക് നോര്‍മലൈസ് ചെയ്യേണ്ടതുണ്ട്. മുമ്പൊരിക്കലും നീറ്റിനു വേണ്ടി ഇങ്ങനെ ചെയ്യേണ്ടി വന്നിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരിശോധനയുടെ ഗുണങ്ങളാണ് ഇതിന് അനുകൂലമായി കണക്കാക്കുന്നതെന്ന് വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ ജീ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്- എന്‍ടിഎയുടെ ജീ മെയിന്‍, ഐഐടികളുടെ ജീ അഡ്വാന്‍സ്ഡ്. ഈ വര്‍ഷം ജീ മെയിനിന്‌റെ രണ്ട് സെക്ഷനുകളിലും 8.22 ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 1.8 ലക്ഷം വിദ്യാര്‍ഥികള്‍ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതി.

logo
The Fourth
www.thefourthnews.in