പാസ്പോര്‍ട്ട് കൈമാറി ജീവനക്കാര്‍; ഗിനിയയില്‍ കുടുങ്ങിയവരെ മോചിപ്പിക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
ഗിനിയയില്‍ തടവിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍ പാസ്പോര്‍ട്ട് കൈമാറി. ഗിനിയന്‍ അധികൃതര്‍ക്കാണ് പാസ്പോര്‍ട്ട് കൈമാറിയത്. പാസ്പോര്‍ട്ട് നല്‍കണമെന്ന കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ വഴങ്ങിയത്. മുന്നില്‍ മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ലെന്ന് തടവിലുള്ള മലയാളികള്‍ പറയുന്നു.
അതിനിടെ, ഗിനിയയിൽ തടവിലായ നാവികരുടെ മോചനത്തിനായി പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് നല്‍കി.
തടവിലായവരെ മോചിപ്പിക്കാന്‍ നയതന്ത്ര ചർച്ചകൾക്ക് പ്രധാനമന്ത്രി നേതൃത്വം നല്‍കണമെന്നാവശ്യപ്പെട്ടാണ് കത്ത്. മൂന്ന് മലയാളികളുള്‍പ്പെടെ 16 ഇന്ത്യക്കാരടക്കം 26 പേരെയാണ് ഗിനിയയില്‍ തടവിലാക്കിയിരിക്കുന്നത്.
കപ്പലിലെ ജീവനക്കാരെ ഇതുവരെ നൈജീരിയയ്ക്ക് കൈമാറിയിട്ടില്ല. കപ്പലിന്‌റെ ചീഫ് ഓഫീസറും മലയാളിയുമായി കൊച്ചി സ്വദേശി സനു ജോസിനെ അറസ്റ്റ് ചെയ്ത് നൈജീരിയയ്ക്ക് കൈമാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തിരികെ കപ്പലിലേക്ക് തന്നെ എത്തിച്ചു. ഇതിന് ശേഷം ഇന്ത്യക്കാരെയെല്ലാം ഒരു മുറിയില്‍ തടവിലാക്കുകയായിരുന്നു. ഇവരെ പാര്‍പ്പിച്ച മുറിക്ക് പുറത്ത് ഗിനിയന്‍ സൈന്യം കാവലുണ്ട്. തടവില്‍ കഴിയുന്ന 16 ഇന്ത്യക്കാരുടേയും അവസ്ഥ വളരെ മോശമാണെന്ന് മലയാളിയായ വിജിത്തിന്റെ പിതാവ് ത്രിവിക്രമന്‍ പറുന്നു.
ദക്ഷിണാഫ്രിക്കയില്‍നിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവരാന്‍ പോയ ഹെറോയിക് ഐഡന്‍ എന്ന കപ്പലിലുള്ളവരെയാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തത്. മൂന്ന് മലയാളികളുള്‍പ്പെടെ 16 ഇന്ത്യക്കാരും എട്ട് ശ്രീലങ്കക്കാരും പോളണ്ട്, ഫിലിപ്പൈന്‍ സ്വദേശികളുമാണ് കപ്പലിലുള്ളത്.
സാങ്കേതിക തടസം മൂലം താമസമുണ്ടെന്ന് അറിയിച്ചത് പ്രകാരമാണ് നൈജീരിയന്‍ അതിര്‍ത്തിയില്‍ കപ്പലുമായി ജീവനക്കാര്‍ കാത്തിരുന്നത്. പിന്നാലെ കപ്പല്‍ അന്താരാഷ്ട്ര കപ്പല്‍ ചാലിലേക്ക് മാറ്റി. ഇതിന് ശേഷമാണ് ഇക്വറ്റോറിയല്‍ ഗിനിയയിലെ നേവി ഉദ്യോഗസ്ഥര്‍ കപ്പലിലെത്തി സമുദ്രാതിര്‍ത്തി ലംഘിച്ചതിന് അറസ്റ്റ് ചെയ്തതായി ജീവനക്കാരെ അറിയിച്ചത്.