വിവാദ ഡല്‍ഹി ബില്‍ നാളെ ലോക്സഭയില്‍

വിവാദ ഡല്‍ഹി ബില്‍ നാളെ ലോക്സഭയില്‍

ബില്ലില്‍ കേന്ദ്രത്തെ പിന്തുണയ്ക്കാനാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം
Updated on
1 min read

ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും ട്രാന്‍സ്ഫറുകളിലും കേന്ദ്രത്തിന് പൂര്‍ണ അധികാരം നല്‍കുന്ന ഡല്‍ഹി സര്‍വീസ് ബില്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും. മണിപ്പൂര്‍ കലാപത്തെ തുടര്‍ന്നുള്ള പ്രതിഷേധം സജീവമായിരിക്കെ ഡല്‍ഹി സര്‍വീസ് ഓര്‍ഡിനന്‍സിന് ബദലായി അവതരിപ്പിക്കുന്ന ബില്ലും എത്തുന്നതോടെ നാളെയും പാര്‍ലമെന്റ് പ്രക്ഷുബ്ധമാകും. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ രാവിലെ 11 മണിക്ക് സഭ വീണ്ടും ചേരും

വിവാദ ഡല്‍ഹി ബില്‍ നാളെ ലോക്സഭയില്‍
ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലിന് ക്യാബിനറ്റ് അംഗീകാരം; ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

നിയമനങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിനുള്ള അധികാരം ശരിവച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരം ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസര്‍ക്കാരിന് ക്യാബിനറ്റ് അനുമതി ലഭിച്ചത്. പുതിയ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും ട്രാന്‍സ്ഫറുകളിലും കേന്ദ്രത്തിന് പൂര്‍ണ അധികാരം ലഭിക്കും. ഡല്‍ഹിയിലെ ഭരണ നിര്‍വഹണം സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കമാണ് കോടതി കയറി ഒടുവില്‍ വിവാദ ബില്‍ അവതരണത്തില്‍ എത്തിനില്‍ക്കുന്നത്.

പുതിയ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും ട്രാന്‍സ്ഫറുകളിലും കേന്ദ്രത്തിന് പൂര്‍ണ അധികാരം ലഭിക്കും

പ്രതിപക്ഷ പാര്‍ട്ടികളൊന്നാകെ ബില്ലിനെ എതിര്‍ക്കുന്നുണ്ട്. ബില്ലില്‍ കോണ്‍ഗ്രസും എതിര്‍പ്പറിയിച്ചതോടെ പ്രതിപക്ഷ ആക്രമണങ്ങള്‍ക്ക് പാർലമെന്റില്‍ മൂര്‍ച്ചകൂടും. ബില്ലില്‍ കേന്ദ്രത്തെ പിന്തുണയ്ക്കാനാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം. വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന് രാജ്യ സഭയില്‍ ഒന്‍പത് അംഗങ്ങളും ലോക്‌സഭയില്‍ 22 അംഗങ്ങളുമാണ് ഉള്ളത്. നിർണായക ബില്ലുകളില്‍ മുൻപും വൈഎസ്ആർ കോൺഗ്രസിന്റെ പിന്തുണ കേന്ദ്രസർക്കാരിന് ലഭിച്ചിട്ടുണ്ട്. അവരുടെ പിന്തുണയോടെ സർക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ഡല്‍ഹി ബില്ലും പാസാക്കാൻ സർക്കാരിന് കഴിയും.

logo
The Fourth
www.thefourthnews.in