ഹിമാചലിന്റെ വിധിയെഴുതുക വിമതർ
ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നിർണായകമായി വിമതർ. നിലവിൽ കോൺഗ്രസ് കേവലഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ടെങ്കിലും ഭരണകക്ഷിയെ നിർണ്ണയിക്കുന്നതിൽ വിമതരുടെ തീരുമാനം പ്രധാനമാവും. കോൺഗ്രസ് 40 സീറ്റുകളിലും ബിജെപി 25 സീറ്റുകളിലും മറ്റു പാർട്ടികൾ 3 സീറ്റുകളിലും ലീഡ് ചെയ്യുമ്പോൾ ഭരണം ആര് പിടിക്കും എന്നുള്ളതാണ് ചോദ്യം.
തിയോഗ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ഇന്ദു വർമ്മ , ഫത്തേപ്പൂർ മണ്ഡലത്തിൽ നിന്നും കിർപാൽ സിങ് പർമർ ,ബഞ്ചാർ മണ്ഡലത്തിൽ നിന്നും ഹിതേശ്വർ സിങ് ,പച്ചാഡ് മണ്ഡലത്തിൽ നിന്ന് ദയാൽ പ്യാരി, ഗംഗുറാം മുസാഫിർ , നലാഗഢില്‍ നിന്നും കെ എൽ താക്കൂർ എന്നിവരാണ് ഹിമാചലിൽ വിധി എഴുതാൻ പോകുന്ന വിമതർ.
തിയോഗ് മണ്ഡലത്തിൽ നിന്ന് രണ്ട് തവണ സ്വതന്ത്രനായും ഒരു തവണ ബിജെപി ടിക്കറ്റിലും വിജയിച്ച് മൂന്ന് തവണ എം.എൽ.എയായ രാകേഷ് വർമയുടെ ഭാര്യയാണ് ഇന്ദു വർമ്മ. രണ്ട് വർഷം മുമ്പ് രാകേഷ് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
ബിജെപി നേതാവായ കിർപാൽ സിംഗ് പർമർ രാജ്യസഭാ എംപി ആവുകയും പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിതനാവുകയും ചെയ്തിരുന്നു. ഫത്തേപൂർ ഉപതെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം അദ്ദേഹം സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
ബിജെപി ടിക്കറ്റ് ലഭിക്കാത്തതിനാൽ ബഞ്ചറിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ചയാളാണ് ഹിതേശ്വർ സിങ്. ബഞ്ചാർ പ്രധാന ടൂറിസം മേഖലയും വികസന പദ്ധതികളുടെ സിരാകേന്ദ്രവും ആയതിനാൽ ഹിതേശ്വർ സ്വതന്ത്രനായി മത്സരിക്കുന്നത് ബിജെപിക്ക് ആശങ്കയായിരുന്നു
2019-ലെ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുന്നണിപ്പോരാളിയായിരുന്നു ദയാൽ പയാരി. മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമലിന്റെ ഗ്രൂപ്പിൽപ്പെട്ടതിനാൽ സുരേഷ് കശ്യപിന്റെയും മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെയും ക്യാമ്പ് അവർക്ക് ടിക്കറ്റ് നിഷേധിച്ചുവെന്നാണ് ആരോപണം. പകരം ജില്ലാ പരിഷത്ത് അംഗമായ റീന കശ്യപിനെയാണ് ബിജെപി ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. കോൺഗ്രസ് വിമത സ്ഥാനാർത്ഥി ഗംഗുറാം മുസാഫിറും സ്വതന്ത്രനായാണ് മത്സരിച്ചത്. ഏഴുതവണ എംഎൽഎയായിരുന്നു അദ്ദേഹം.
ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടിക്കും അണികൾക്കും എതിരെ റാലികൾ നടത്തുകയും അവർക്കെതിരെ പ്രചാരണപരിപാടികൾ നടത്തുകയും ചെയ്തയാളാണ് കെ എൽ താക്കൂർ. അതേസമയം ബിജെപി ജനവിധി അട്ടിമറിക്കുന്നത് തടയാൻ എം.എൽ.എമാരെ ചണ്ഡീഗഢ് വഴി ഛത്തീസ്ഗഡിലേക്ക് മാറ്റാനാണ് കോൺഗ്രസ് തീരുമാനം