ഡൽഹി കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ എഎപിക്ക് തിരിച്ചടി; വീണ്ടും വോട്ടെടുപ്പ് നടത്തുന്നതിന് സ്റ്റേ

ഡൽഹി കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ എഎപിക്ക് തിരിച്ചടി; വീണ്ടും വോട്ടെടുപ്പ് നടത്തുന്നതിന് സ്റ്റേ

കഴിഞ്ഞ ദിവസമാണ് ആറംഗ സ്റ്റാൻഡിങ് കമ്മിറ്റിയ്ക്കുളള തിരഞ്ഞെടുപ്പ് നടന്നത്
Updated on
1 min read

ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള മേയർ ഷെല്ലി ഒബ്‌റോയിയുടെ നീക്കത്തിന് തിരിച്ചടി. തിരഞ്ഞെടുപ്പ് നടത്താൻ മേയർ നൽകിയ നോട്ടീസ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. നേരത്തെ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം, റിട്ടേണിങ് ഓഫീസർ കൂടിയായ മേയർ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ, വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള തീരുമാനം ചട്ടലംഘനമെന്ന് കോടതി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കുളളിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു

വീണ്ടും തിരഞ്ഞെടുപ്പ് നടത്താനുള്ള മേയറുടെ തീരുമാനം, ന്യൂഡൽഹി മുനിസപ്പൽ കൗൺസിലിന്റെ (എൻഡിഎംസി) 1997ലെ ചട്ടം 51-ന്റെ ലംഘനമാണെന്നായിരുന്നു ജസ്റ്റിസ് ഗൗരങ് കാന്ത് പറഞ്ഞത്. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാൻ മേയർക്കോ റിട്ടേണിങ് ഓഫീസറിനോ അധികാരമുളളതായി ചട്ടങ്ങളിൽ ഒരിടത്തും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം മേയർ ഷെല്ലി ഒബ്‌റോയി നൽകിയ നോട്ടീസ് ചോദ്യംചെയ്ത് ബിജെപി നേതാക്കളായ കമൽജീത് സെഹ്‌രാവത്തും ശിഖ റോയിയും ഹർജി നൽകിയിരുന്നു. ഇവ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വെളിപ്പെടുത്തിയത്. മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനിയാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്. അതേസമയം, കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടക്കുന്ന സമയം കൗൺസിലിൽ സംഘർഷം ഉണ്ടായതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയതെന്ന് മേയർ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് റദ്ദാക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലെന്നായിരുന്നു മേയറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദയൻ കൃഷ്ണനും രാഹുൽ മെഹ്‌റയും കോടതിയിൽ വാദിച്ചത്.

ഡൽഹി കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ എഎപിക്ക് തിരിച്ചടി; വീണ്ടും വോട്ടെടുപ്പ് നടത്തുന്നതിന് സ്റ്റേ
ആംആദ്മി-ബിജെപി അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്; ഡല്‍ഹി കോർപറേഷൻ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് റദ്ദാക്കി

കഴിഞ്ഞ ദിവസമാണ് ആറംഗ സ്റ്റാൻഡിങ് കമ്മിറ്റിയ്ക്കുളള തിരഞ്ഞെടുപ്പ് നടന്നത്. 250 കൗൺസിലർമാരിൽ 242 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ എട്ട് പേർ വിട്ടു നിൽക്കുകയായിരുന്നു. ആംആദ്മി-ബിജെപി കയ്യാങ്കളിയെ തുടർന്ന് തിരഞ്ഞെടുപ്പ് ഷെല്ലി ഒബ്റോയി റദ്ദാക്കുകയും ചെയ്തു. തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് വീണ്ടും നടത്തുമെന്ന് മേയർ ഷെല്ലി ഒബ്‌റോയ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായത്.

logo
The Fourth
www.thefourthnews.in