ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയില്‍നിന്ന് കണ്ടെടുത്തത് പത്ത് ലക്ഷം രൂപയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍; വാര്‍ത്താസമ്മേളനം നിര്‍ത്തിവെയ്പിച്ചു
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കണക്കില്‍ പെടാത്ത പണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ പിടിയാലാകുന്നത്. താവ്‌ഡെയുടെ ഹോട്ടല്‍ മുറിയില്‍നിന്ന് 9.93 ലക്ഷം രൂപ കണ്ടെടുത്തതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുംബൈ വിരാറിലെ ഒരു ഹോട്ടലില്‍നിന്ന് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരായിരുന്നു താവ്‌ഡെയെ പിടികൂടിയത്. വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ എത്തിച്ച പണം ആണെന്നാണ് ഇവരുടെ ആരോപണം. പണം കൈമാറാനുള്ള ആളുകളുടെ പേരു വിവരങ്ങളും താവ്‌ഡെയില്‍നിന്ന് കണ്ടെത്തിയതായി ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ പറയുന്നു. സഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്ന തര്‍ക്കത്തിനുശേഷം ഹിതേന്ദ്ര ഠാക്കൂറിന്‌റെയും മകന്‍ ക്ഷിതിജ്, താവ്‌ഡെ, ബിജെപി സ്ഥാനാര്‍ഥി രാജന്‍ നായിക് എന്നിവരുടെയും ഒരു സംയുക്ത പത്രസമ്മേളനം ഹോട്ടലില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വോട്ടെടുപ്പിന് ഒരു ദിവസം മുന്‍പ് വാര്‍ത്താസമ്മേളനം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് വാര്‍ത്താസമ്മേളനം ആരാംഭിച്ചപ്പോള്‍തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ നിര്‍ത്തിവെയ്പിച്ചു. എന്നാല്‍ അവര്‍ ഉച്ചഭക്ഷണത്തിന് പോകുകയാണെന്നും വൈകിട്ട് ആറിന് പത്രസമ്മേളനം നടത്താന്‍ തയ്യാറാണെന്നുമായിരുന്നു താവ്‌ഡെയുടെ പ്രതികരണം.
ആരോപണങ്ങള്‍ നിഷേധിച്ച താവ്‌ഡെ വിഷയത്തില്‍ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. താവ്‌ഡെയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പ്രസ്താനവ ഇറക്കി. കാല്‍ക്കീഴിലെ മണ്ണ് വഴുതിപ്പോകുന്നത് മനസിലാക്കി പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.