മുഡ ഭൂമികുംഭകോണ കേസ് അന്വേഷണത്തിന് ഇ ഡിയും, സിദ്ധരാമയ്യയ്ക്ക് കുരുക്ക് മുറുകുന്നു
മുഡ ഭൂമികുംഭകോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കുരുക്ക് മുറുകുന്നു. ആരോപണവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും എതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷണം നടത്താന്‍ ഒരുങ്ങുന്നു. കര്‍ണാടക ലോകായുക്ത രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡിയും കേസെടുത്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) അനുസരിച്ചാണ് നടപടി. ഭൂമികുംഭകോണ കേസില്‍ ഇഡി കേസെടുത്താല്‍ സിദ്ധരാമയ്യയുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്കും കടക്കാന്‍ കഴിയും.
ടിജെ എബ്രഹാം എന്ന വിവരാവകാശ പ്രവർത്തകനാണ് സിദ്ധരാമയ്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. മൈസൂർ അർബൻ ഡെവലപ്മെന്റ് അതോറിറ്റി ഭൂമി വിതരണം നടത്തിയതിൽ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. മുഡയുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയാണിത്.
സംഭവത്തിൽ ജൂലൈ 26ന് ഗവർണർ തവർ ചന്ദ് ഗെലോട്ട് സിദ്ധരാമയ്യയോട് വിശദീകരണം ചോദിച്ചിരുന്നു.