125 വർഷം മുൻപ് 90 രൂപയ്ക്ക് പണയപ്പെടുത്തിയ ഭൂമി, ഒടുവിൽ യഥാർഥ അവകാശികളിലേക്ക്
125 വർഷം മുൻപ് 90 രൂപയ്ക്ക് പൂർവികർ പണയപ്പെടുത്തിയ ഭൂമി നീണ്ട നിയമയുദ്ധത്തിനുശേഷം സ്വന്തം. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ, ഒരു കുടുംബമാണ് തങ്ങളിലേക്ക് വന്നുചേരേണ്ട ഭൂമിക്കായി അഞ്ചുവർഷം നീണ്ട നിയമയുദ്ധം നടത്തിയത്. 1899ലാണ് കർഷകനായിരുന്ന ബിരു ഓഹരിയായി ലഭിച്ച വസ്തുവില്‍നിന്ന് 1.6 ഏക്കർ ഭൂമി പണയപ്പെടുത്തുന്നത്.
ഒന്നേകാൽ നൂറ്റാണ്ട് മുൻപ് ഭൂമി പണയപ്പെടുത്തിയപ്പോഴുള്ള കരാർ പ്രകാരം, ഭൂമിയിൽനിന്നുള്ള വരുമാനം ഉപയോഗിച്ച് അന്നത്തെ സർക്കാരിന് അടയ്‌ക്കേണ്ടിയിരുന്ന രണ്ടുരൂപ ഒൻപത് അണ നികുതിയും പണയപ്പലിശയും അടയ്ക്കാമെന്നായിരുന്നു കരാർ. പക്ഷേ ഭൂമി വീണ്ടെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചിരുന്നില്ല. അതിനുശേഷം ഇത്രയും കാലം ഭൂമി പണയക്കാരുടെ കൈവശം തുടരുകയായിരുന്നു. 1986ൽ പകുതി ഭൂമി പണയക്കാർ ഗുർമീത് സിങ്, ഹർകേഷ് എന്നിവർക്കും പണയപ്പെടുത്തിയിരുന്നു.
2024 ജൂൺ മുപ്പതിന് മുൻപ് പണയപ്പെടുത്തിയ ഭൂമി യഥാർഥ ഭൂഉടമയുടെ പിൻഗാമികള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥൻ അശോക് ഖേംക ഉത്തരവിട്ടിരുന്നു. ഇതോടെയാണ് കേസ് ഖേംക കോടതിയിലെത്തുന്നത്. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ഏപ്രിൽ നാലിനാണ് ഖേംക കോടതിയുടെ ഉത്തരവ് പ്രകാരം ഭൂമി കൈമാറണമെന്ന ഉത്തരവായത്.
2018 ഒക്ടോബറിലാണ് ബിരുവിന്റെ കുടുംബം അവകാശപ്പെട്ട ഭൂമിക്കായി കളക്ടർക്ക് പരാതി നൽകുന്നത്. എന്നാൽ അപേക്ഷയെ ഗുർമീത് സിങ്ങും ഹർകേഷും എതിർത്തു. 1986ൽ 7000 രൂപയ്ക്ക് പണയം വച്ച ഭൂമിയാണിതെന്നും വിട്ടുകൊടുക്കാൻ സാധിക്കില്ലെന്നുമായിരുന്നു ഇരുവരുടെയും വാദം. എന്നാൽ കളക്ടർ യഥാർഥ ഭൂഉടമയുടെ കുടുംബത്തിന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും പണയപ്പെടുത്തിയ ഭൂമി തിരികെ നൽകാൻ ഉത്തരവിടുകയും ചെയ്തു.
ഭൂമിയുടെ നിലവിലെ വിലയെല്ലാം കണക്കിലെടുത്തായിരുന്നു ഉത്തരവ്. തുടർന്ന് ഗുർമിത്തും ഹർകേഷും അംബാല ഡിവിഷണൽ കമ്മിഷണർക്ക് പരാതി നൽകി. ആശ്വാസം ലഭിക്കാതെ വന്നതോടെ ഇരുവരും ഖേംക കോടതിയിലും ഹർജി നൽകി. പക്ഷേ കോടതി ഭൂമി യഥാർഥ അവകാശികൾക്ക് കൈമാറാൻ വിധിക്കുകയായിരുന്നു.