ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയെ കാറില്‍ വലിച്ചിഴച്ച് അതിക്രമം; ദൃശ്യങ്ങൾ പുറത്ത്

ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയെ കാറില്‍ വലിച്ചിഴച്ച് അതിക്രമം; ദൃശ്യങ്ങൾ പുറത്ത്

പ്രതി ഹരീഷ് ചന്ദ്ര സ്വാതി മലിവാളിനെ വാഹനത്തില്‍ കയറാന്‍ നിര്‍ബന്ധിക്കുന്നതും അവർ നിരസിക്കുന്നതും വീഡിയോയില്‍ കാണാം
Updated on
2 min read

ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അറസ്റ്റിലായ പ്രതി ഹരീഷ് ചന്ദ്ര സ്വാതി മലിവാളിനെ വാഹനത്തില്‍ കയറാന്‍ നിര്‍ബന്ധിക്കുന്നതും അവർ നിരസിക്കുന്നതും വീഡിയോയില്‍ കാണാം. വാഹനത്തില്‍ കയറാന്‍ പറയുന്ന ഡ്രൈവറോട് 'നിങ്ങള്‍ എന്നെ എവിടെയാണ് ഇറക്കുക?, എനിക്ക് വീട്ടില്‍ പോകണം, എന്റെ ബന്ധുക്കള്‍ വന്നുകൊണ്ടിരിക്കുകയാണ്' എന്ന് സ്വാതി മലിവാള്‍ പറയുന്നത് കേള്‍ക്കാം.

കാറിന്റെ ഗ്ലാസ് ഉയര്‍ത്തി വാഹനം വളരെ വേഗത്തില്‍ ഓടിച്ചു പോകുന്നതും സ്വാതി മലിവാളിന്റെ ഉച്ചത്തിലുള്ള നിലവിളിയും കേള്‍ക്കാം

പിന്നാലെ ദേഷ്യത്തോടെ വണ്ടിയോടിച്ച് പോയ ഡ്രൈവര്‍ വീണ്ടും യു ടേണ്‍ എടുത്ത് തിരിച്ച് വരുന്നതും സ്വാതി മലിവാള്‍ ദേഷ്യപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. 'നിങ്ങള്‍ രണ്ടാം തവണയാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഞാന്‍ വരുന്നില്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ്' എന്ന് പറഞ്ഞതിന് ശേഷം സ്വാതി മലിവാള്‍ ഡ്രൈവറുടെ അടുത്തേക്ക് നീങ്ങി ജനലിലൂടെ കാറിനകത്തേക്ക് കൈകടത്തി ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നു. പിന്നാലെ കാറിന്റെ ഗ്ലാസ് ഉയര്‍ത്തി വാഹനം വളരെ വേഗത്തില്‍ ഓടിച്ചു പോകുന്നതും സ്വാതി മലിവാളിന്റെ ഉച്ചത്തിലുള്ള നിലവിളിയും വീഡിയോയില്‍ കേള്‍ക്കാം.

കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ഡൽഹി പോലീസ്

അതേസമയം സ്വാതി മലിവാളിനെതിരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേനയ്‌ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത് എത്തി. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്താനാണ് പ്രവര്‍ത്തിക്കേണ്ടതെന്നും പകരം നിങ്ങള്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു. ട്വീറ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വനിതാ കമ്മീഷന്‍ അധ്യക്ഷ പോലും സുരക്ഷിതയല്ലാത്ത അവസ്ഥയില്‍ ക്രമസമാധാന നില പരിശോധിക്കുക എന്നത് മാത്രമാണ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ ചുമതലയെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.

സംഭവം നടന്ന് 2 മിനിറ്റിനുള്ളില്‍ തന്നെ 47 കാരനായ പ്രതി ഹരീഷ് ചന്ദ്രയെ അറസ്റ്റ് ചെയ്തുവെന്നാണ് പോലീസ് അവകാശപ്പെടുന്നത്. പ്രതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഡല്‍ഹി പോലീസ് ട്വീറ്റ് ചെയ്തു.

രാത്രി കാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനായാണ് കഴിഞ്ഞ ദിവസം വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ നേരിട്ട് ഇറങ്ങിയത്. പുലർച്ചെ മൂന്ന് മണിയോടെ എയിംസ് ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. പരിശോധനയ്ക്കിടെ മദ്യപിച്ചെത്തിയ അക്രമി മോശമായി പെരുമാറുകയും പ്രതിരോധിക്കാന്‍ ശ്രമിച്ച സ്വാതി മലിവാളിനെ കാറില്‍ 15 മീറ്ററോളം വലിച്ചിഴയ്ക്കുകയും ചെയ്തുവെന്നാണ് പരാതി. സ്വാതി മലിവാളും വനിതാ കമ്മിഷനിലെ ഉദ്യോഗസ്ഥരും ഒരുമിച്ചാണ് പരിശോധനയ്ക്കിറങ്ങിയത്. സ്വാതി മറ്റുള്ളവരിൽ നിന്ന് മാറി ഒറ്റയ്ക്ക് നിൽക്കുമ്പോൾ മുന്നിൽ വാഹനം നിർത്തിയ ‍ഡ്രൈവർ കാറിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു.

വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് പോലും ഡല്‍ഹിയില്‍ സുരക്ഷയില്ലെങ്കില്‍ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താകുമെന്ന് സ്വാതി മലിവാൾ ചോദിച്ചു. സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ ഡൽഹി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയെ കാറില്‍ വലിച്ചിഴച്ച് അതിക്രമം; ദൃശ്യങ്ങൾ പുറത്ത്
ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് നേരെ ആക്രമണം; സ്വാതി മലിവാളിനെ 15മീറ്ററോളം റോഡിൽ വലിച്ചിഴച്ചു
logo
The Fourth
www.thefourthnews.in