മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ഉദ്യോഗാര്‍ഥികളെ സഹായിക്കാനൊരുങ്ങി സര്‍ക്കാര്‍
മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. താഴ്ന്ന വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്ക് പലപ്പോഴും തടസങ്ങള്‍ സൃഷ്ടിക്കുന്ന സ്വകാര്യ കോച്ചിങ്ങിലുള്ള അമിത ആശ്രിതത്വം കുറയ്ക്കുന്ന ഒരു അജണ്ട അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതുവഴി 2029-ഓടെ 12.5 ലക്ഷം ഉദ്യോഗാര്‍ഥികളെ സഹായിക്കാന്‍ സര്‍ക്കാര്‍ സജ്ജമാണ്. സൗജന്യ ഡിജിറ്റല്‍ ഉറവിടങ്ങള്‍, എഐ അടിസ്ഥാനമാക്കിയുള്ള പഠന ഉപകരണങ്ങള്‍, മികച്ച സ്ഥാപനങ്ങളുമായി സഹകരിച്ച് പരീക്ഷാ തയ്യാറെടുപ്പ് ജനാധിപത്യവല്‍ക്കരിക്കുക എന്നിവ ഈ സംരംഭം ലക്ഷ്യമിടുന്നു.
അജണ്ട ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രാലയം
ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നത് സംബന്ധിച്ചുള്ള രണ്ട് ദിവസത്തെ കൂടിയാലോചനയില്‍ വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളുമായി ഈ സുപ്രധാന അജണ്ട ചര്‍ച്ച ചെയ്യും. മറ്റ് വിഷയങ്ങള്‍ക്കൊപ്പം, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അവരുടെ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട കക്ഷികളുമായി അക്രഡിറ്റേഷനും ഡിജിറ്റല്‍ പഠനവും ചര്‍ച്ച ചെയ്യും.
'സ്വകാര്യ കോച്ചിങ്ങിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വിദ്യാര്‍ഥികളുടെ മത്സര പരീക്ഷയ്ക്കുള്ള പിന്തുണ വര്‍ധിപ്പിക്കുന്നതിനുമുള്ള' വഴികളെക്കുറിച്ച് സംസാരിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നതായി മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നു.
മത്സര പരീക്ഷകള്‍ക്കുള്ള സതീ പോര്‍ട്ടല്‍
മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് SATHEE പോര്‍ട്ടല്‍ അവതരിപ്പിച്ചു. യാതൊരു ഫീയും കൂടാതെ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് ഈ പോര്‍ട്ടല്‍ സജ്ജമാക്കിയിരിക്കുന്നു. മത്സര പരീക്ഷാ തയ്യാറെടുപ്പുകള്‍, എഐ അടിസ്ഥാനമാക്കിയുള്ള പഠന ഉപകരണങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള ഉള്ളടക്കത്തിനായി ഐഐടികളുമായും എയിംസുമായും സഹകരിച്ച് പ്രവര്‍ത്തിക്കല്‍, ഡിടിഎച്ച് പ്ലാറ്റ്ഫോമുകളിലെ ഉറവിടങ്ങള്‍, മത്സര പരീക്ഷാ തയ്യാറെടുപ്പിലേക്കുള്ള പ്രവേശനം ജനാധിപത്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു.
ലോകത്തിലെ മികച്ച 200 സ്ഥാനങ്ങളില്‍ എത്തുക ലക്ഷ്യം
ലോകത്തിലെ ഏറ്റവും മികച്ച 200-ല്‍ കുറഞ്ഞത് 10 ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനളെങ്കിലും സ്ഥാനം പിടിക്കുക എന്ന ലക്ഷ്യത്തോടെ 90 ശതമാനം അക്രഡിറ്റേഷന്‍ നിരക്ക് കൈവരിക്കാനാണ് ഈ സംരംഭത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഡിജിറ്റല്‍ പഠനം വിപുലീകരിക്കുന്നതിനുള്ള തന്ത്രങ്ങളും മീറ്റിങ്് അജണ്ടയില്‍ ഉള്‍ക്കൊള്ളുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വയം കോഴ്സുകളിലൂടെ രണ്ട് പുതിയ എന്റോള്‍മെന്റുകളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.