Supreme Court
Supreme Court

രാഷ്ട്രപതിയെപ്പോലെ വിശാല അധികാരം ഗവര്‍ണര്‍ക്കില്ല; ബില്ലുകള്‍ രാഷ്ട്രപതിക്കയച്ചതില്‍ സംശയങ്ങള്‍ ഉയര്‍ത്തി സുപ്രീംകോടതി

തമിഴ്‌നാടിനു വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ് വി ഉയര്‍ത്തിയ വാദത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിനോടാണ് സംശയം ഉന്നയിച്ചത്
Updated on
1 min read

നിയമസഭ രണ്ടാമത് തിരികെ അയച്ച ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കാമോ എന്ന് സംശയങ്ങള്‍ ഉയര്‍ത്തി സുപ്രീംകോടതി. തമിഴ്‌നാട് നിയമസഭ രണ്ടാമത് പാസാക്കി ഗവര്‍ണര്‍ക്ക് അയച്ച ബില്ലുകള്‍ അതിനു ശേഷം രാഷ്ട്രപതിക്കയച്ച നിയമസാധുതയാണ് ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് ചോദ്യം ചെയ്തത്. തമിഴ്‌നാടിനു വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ് വി ഉയര്‍ത്തിയ വാദത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിനോടാണ് സംശയം ഉന്നയിച്ചത്. രാഷ്ട്രപതിയെ പോലെ വിശാലമായ അധികാരം ഗവര്‍ണര്‍ക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഭരണഘടന അനുച്ഛേദം 200 അനുസരിച്ച് രണ്ടാമത് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടണം. ബില്ലുകള്‍ പിടിച്ചുവയ്ക്കുക, ബില്ലുകള്‍ നിയമസഭയ്ക്ക് തിരിച്ചയയ്ക്കുക, രാഷ്ട്രപതിക്ക് അയയ്ക്കുക എന്നത് മാത്രമാണ് ഭരണഘടന അനുച്ഛേദം 200 പ്രകാരം സാധ്യമാവുക എന്ന് ചീഫ് ജസ്റ്റീസ്. ഇതിനപ്പുറമുള്ള നടപടി സ്വീകരിച്ച തമിഴ്‌നാട് ഗവര്‍ണറുടെ നടപടി പുതിയ ഒരു പ്രശ്‌നമാണെന്നും് സുപ്രീകോടതി പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ബില്ലുകളില്‍ ഒപ്പുവയ്ക്കാതെ തടഞ്ഞുവയ്ക്കുന്നത് തടയാന്‍ 'പരമാവധി സമയം' നിശ്ചയിക്കണമെന്നതായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം. 12 ബില്ലുകളിലാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പിടാതെ വൈകിപ്പിക്കുന്നതായി തമിഴ്‌നാട് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്. ഇതുമൂലം സംസ്ഥാനത്ത് ഭരണഘടനാ സ്തംഭനമുണ്ടാകുന്നെതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളിയായി ഗവര്‍ണര്‍ സ്വയം അവരോധിക്കുകയാണെന്നും പൗരന്റെ അധികാരം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

റെമിഷന്‍ ഉത്തരവുകള്‍, ദൈനംദിന ഫയലുകള്‍, നിയമന ഉത്തരവുകള്‍, റിക്രൂട്ട്‌മെന്റ് ഉത്തരവുകളുടെ അംഗീകാരം, അഴിമതിയില്‍ ഉള്‍പ്പെട്ട മന്ത്രിമാരെയും എംഎല്‍എമാരെയും വിചാരണ ചെയ്യാനുള്ള അനുമതി നല്‍കല്‍, അഴിമതി കേസുകള്‍ സിബിഐക്ക് കൈമാറുന്നത് സംബന്ധിച്ചുള്ള ഉത്തരവ്, തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ എന്നിവ ഒപ്പിടാതെ ഗവര്‍ണര്‍ സര്‍ക്കാരുമായി ശത്രുതാമനോഭാവം പുലര്‍ത്തുകയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

തമിഴ്‌നാട് പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ (ടി എന്‍ പി എസ് സി) ചെയര്‍മാന്റേയും മറ്റ് അംഗങ്ങളുടേയും നിയമനം സംബന്ധിച്ചുള്ള അപേക്ഷകള്‍ അംഗീകരിക്കാത്തതാണ് ഉദാഹരണമായി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ടി എന്‍ പി എസ് സിയുടെ പ്രവര്‍ത്തനം നിലവില്‍ നാല് അംഗങ്ങളെ വച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. പലതവണ ഗവര്‍ണറെ സമീപിച്ചിരുന്നെങ്കിലും സമീപനം പ്രതികൂലമായിരുന്നെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു.

logo
The Fourth
www.thefourthnews.in