ഓരോ കര്‍ഷക കുടുംബത്തിനും 56,568 രൂപ കടം! ഗുജറാത്തിന്റേത് വെറും 'മേനി നടിക്കല്‍'

ഓരോ കര്‍ഷക കുടുംബത്തിനും 56,568 രൂപ കടം! ഗുജറാത്തിന്റേത് വെറും 'മേനി നടിക്കല്‍'

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം 2020ൽ ഗുജറാത്തിൽ 126 കർഷകരാണ് ആത്മഹത്യ ചെയ്തത്.
Updated on
2 min read

കാർഷികമേഖലയിൽ രാജ്യത്തെ മുൻനിര സംസ്ഥാനമാണെന്ന ഗുജറാത്ത് സർക്കാരിന്റെ അവകാശവാദങ്ങൾ പൊളിയുന്നു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം, ഗുജറാത്തിലെ ഓരോ കർഷക കുടുംബവും 56,568 രൂപ കടത്തിലാണ്. ഇക്കാര്യത്തില്‍ ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കർഷകർ ഗുജറാത്തിലെ കർഷകരേക്കാൾ മെച്ചപ്പെട്ട നിലയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

2021-22ൽ ഗുജറാത്തിലെ കർഷകർ 96,963 കോടി രൂപയാണ് കടമെടുത്തത്. ഒരു കർഷക കുടുംബത്തിന്റെ പ്രതിമാസ വരുമാനം 12,631 രൂപയാണ്. വിള ഉൽപാദനത്തിൽ നിന്ന് 4,318 രൂപയും മൃഗസംരക്ഷണത്തിൽ നിന്ന് 3,477 രൂപയും കൂലിയായി 4,415 രൂപയും ഭൂമി പാട്ടത്തിൽ നിന്ന് 53 രൂപയും 369 രൂപ അധികമായി പ്രതിമാസം സമ്പാദിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഗുജറാത്തിൽ ആകെ 66,02700 കുടുംബങ്ങളാണുളളത്. ഇതിൽ 4,036,900 കുടുംബങ്ങളും ജോലി ചെയ്യുന്നത് കാർഷിക മേഖലയിലാണ്. അതായത്, സംസ്ഥാനത്തെ 61.10% കുടുംബങ്ങൾക്കും തൊഴിൽ നൽകുന്നത് കാർഷിക മേഖലയാണ്. സംസ്ഥാനത്തെ ശരാശരി ഒരു കർഷക കുടുംബത്തിന് 0.616 ഹെക്ടർ ഭൂമിയാണുളളത്. അതായത് ഭൂമിയുടെ കാര്യത്തിൽ ഗുജറാത്ത് രാജ്യത്ത് പത്താം സ്ഥാനത്താണ്.

കൃഷിക്കായി ചെലവഴിക്കുന്ന തുകയ്ക്ക് അനുസൃതമായി കാർഷിക ഉത്പന്നങ്ങളുടെ വില ഉയരുന്നില്ല എന്നതാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. ഇതാണ് കര്‍ഷകരെ കടുത്ത കടക്കെണിയിലാക്കുന്നതെന്നു കാർഷിക ശാസ്ത്രജ്ഞനും ഗുജറാത്ത് മുൻ ഉപാധ്യക്ഷനുമായ വിദ്യാപീഠ് രാജേന്ദ്ര ഖിമാനി പറഞ്ഞു. കാർഷിക ഉത്പാദനച്ചെലവും ഉൽപ്പാദിപ്പിക്കുന്ന ഉൽപന്നത്തിന്റെ വരുമാനവും തമ്മിൽ വലിയ അന്തരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഉൽപാദനച്ചെലവിൽ 60% വർധനവ് ഉണ്ടായപ്പോൾ ഉത്പന്നങ്ങളുടെ വില 30% ആണ് വർധിച്ചത്.

ചെറുകിട കർഷകരാകട്ടെ ഇപ്പോൾ നാണ്യവിളകളിലേക്ക് മാറുകയാണ്. പ്രത്യേകിച്ചും ആദിവാസി മേഖലകളിലെ കർഷകർ പൂർണമായും നാണ്യവിളകളെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്. നേരത്തെ കുടുംബങ്ങളിൽ മാത്രമാണ് നാണ്യവിളകൾ കൃഷി ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ ഗുജറാത്തിന്റെ മിക്ക ഭാഗങ്ങളിലും വിപണിയെ അടിസ്ഥാനമാക്കിയുള്ള കൃഷിയിലേക്ക് മാറാൻ തുടങ്ങിയിരിക്കുന്നു. ഇങ്ങനെ തിരിയുമ്പോൾ വിപണിയുടെ ആവശ്യകതകൾ നിറവേറ്റാൻ കർഷകർക്ക് കടം വാങ്ങേണ്ടിവരും. കൃഷിയെ വാണിജ്യവത്കരിക്കാൻ ശ്രമിച്ചാൽ കടം സ്വാഭാവികമായും വർദ്ധിക്കുമെന്നും രാജേന്ദ്ര ഖിമാനി കൂട്ടിച്ചേർത്തു.

ഉത്പാദനച്ചെലവ് നാൾക്ക് നാൾ വർദ്ധിക്കുകയാണെന്നാണ് കർഷകരുടെ പരാതി. വിത്തുകളുടെ വില ഇരട്ടിയായെന്നും വളത്തിന്റെ വില ഉയർന്നതിനും പുറമെ കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ വൈദ്യുതി ചെലവും ട്രാക്ടറുകളുടെ പ്രവർത്തനത്തിനാവശ്യമായ ഡീസലിന്റെ വിലയും ഉയർന്നിരിക്കുകയാണ്. തൽഫലമായി, കർഷകരുടെ മൊത്തത്തിലുള്ള വരുമാനം കുറഞ്ഞു.

പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം ഗുജറാത്തിലെ കാർഷിക വായ്പകൾ2019-20ൽ 73,228.67 കോടി രൂപയിൽ നിന്ന് 2021-22ൽ 96,963.07 കോടി രൂപയായി ഉയർന്നു. അഗ്രികൾച്ചറൽ ക്രെഡിറ്റ് പ്രോഗ്രാമിന് കീഴിൽ ലഭിച്ച കാർഷിക വായ്പ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, 45% വർധിച്ചുവെന്നതും ശ്രദ്ധേയമാണ്. കണക്കുകൾ പ്രകാരം, സാമ്പത്തിക വര്‍ഷത്തിന്റെ ഈ പാദത്തിൽ ഓരോ അക്കൗണ്ടിലുമുള്ള കാർഷിക വായ്പ 1.71 ലക്ഷം രൂപയിൽ നിന്ന് 2.48 ലക്ഷം രൂപയായും വർധിച്ചു.

2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോദി സർക്കാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ കർഷകരുടെ കടം ഇരട്ടിയായെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നതെന്നു സാമ്പത്തിക വിദഗ്ധൻ ഹേമന്ത് ഷാ പറഞ്ഞു. കടബാധ്യത ഉയരുന്നതിന് അനുസരിച്ച് ഗുജറാത്തിലെ കർഷകത്തൊഴിലാളികളുടെയും കർഷകരുടെയും ആത്മഹത്യാനിരക്കും കൂടി. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം 2020ൽ ഗുജറാത്തിൽ 126 കർഷകരാണ് ആത്മഹത്യ ചെയ്തത്.

logo
The Fourth
www.thefourthnews.in