ഭാരത് ജോഡോയ്ക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ 'ഹാത്ത് സെ ഹാത്ത് ജോഡോ'; ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്
ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ 'ഹാത്ത് സെ ഹാത്ത് ജോഡോ'യുമായി കോണ്‍ഗ്രസ്. ഭാരത് ജോഡോ മുന്നോട്ടുവെച്ച രാഷ്ട്രീയ സന്ദേശം ഓരോ വീടുകളിലേക്കും എത്തിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ദേശീയതലത്തിലെ പ്രചാരണ പരിപാടികള്‍. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോയുടെ രാഷ്ട്രീയ വിപുലീകരണ പദ്ധതിയുടെ ഭാഗമായുള്ള പ്രചാരണം ജനുവരി 26ന് തുടക്കമാകും. രണ്ട് മാസത്തിനകം അഞ്ച് ലക്ഷം ഗ്രാമ പഞ്ചായത്തുകള്‍, ആറ് ലക്ഷം ഗ്രാമങ്ങള്‍, പത്ത് ലക്ഷം ബൂത്തുകള്‍ എന്നിവിടങ്ങളില്‍ പ്രചാരണമെത്തും.
2022 സെപ്റ്റംബറില്‍ ആരംഭിച്ച ഭാരത് ജോഡോയുടെ തുടര്‍ച്ചയായാണ് ഹാത്ത് സെ ഹാത്ത് ജോഡോ പ്രചാരണമെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേഷ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നീളുന്നതാണ് ഭാരത് ജോഡോ യാത്ര. 3500 കിലോമീറ്ററാണ് യാത്ര പിന്നിടുന്നത്. നാനാത്വത്തില്‍ ഏകത്വം, സാഹോദര്യം എന്നിങ്ങനെ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് യാത്ര. യാത്രയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വേണ്ടവിധം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പലകോണില്‍നിന്നുള്ള പ്രതികരണം. അതിനാല്‍ ഹാത്ത് സെ ഹാത്ത് ജോഡോ യാത്ര തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ജയറാം രമേഷ് പറഞ്ഞു.
പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴെത്തട്ടില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. മൂന്ന് തലത്തിലായാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളുടെയും തലസ്ഥാനത്ത് സ്ത്രീകള്‍ നയിക്കുന്ന കാല്‍നട ജാഥകള്‍ ഉള്‍പ്പെടെ റാലികള്‍, ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ കണ്‍വെന്‍ഷനുകള്‍, റാലികള്‍, വീടുകള്‍ കയറിയുള്ള പ്രചാരണം എന്നിങ്ങനെയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ജയറാം രമേഷ് പറഞ്ഞു.
ബിജെപി സര്‍ക്കാരിന്റെ പരാജയം, പൂര്‍ത്തീകരിക്കാത്ത വാഗ്ദാനങ്ങള്‍ എന്നിവ വിശദീകരിക്കുന്ന ഒരു രേഖയും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കാഴ്ചപ്പാട് വ്യക്തമാക്കികൊണ്ട് ഒരു തുറന്ന കത്തും രാഹുല്‍ ഗാന്ധി എഴുതിയിട്ടുണ്ട്. ഇത് ജ നങ്ങളിലെത്തിക്കാനുളള പ്രവര്‍ത്തനങ്ങള്‍ ചെയ്യും. ഇംഗ്ലീഷിലും ഹിന്ദിയിലും കത്ത് പുറത്തിറക്കും. എല്ലാ ഇന്ത്യന്‍ ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യും. എല്ലാ കോണ്‍ഗ്രസ് കമ്മിറ്റികളോടും ഹാത്ത് സെ ഹാത്ത് യാത്രയ്ക്ക് തയ്യാറെടുക്കുവാന്‍ അറിയിച്ചിട്ടുണ്ടെന്നും ജയറാം രമേഷ് പറഞ്ഞു.
രണ്ട് മാസത്തിനുളളില്‍ 2.5 ലക്ഷം ഗ്രാമ പഞ്ചായത്തുകളിലും ആറ് ലക്ഷം ഗ്രാമങ്ങളിലും 10 ലക്ഷം ബൂത്തുകളിലും പ്രചാരണം എത്തും. കോണ്‍ഗ്രസ് ഇത്രയും വലിയ പ്രചാരണം മുന്‍പ് നടത്തിയിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ കത്തില്‍ അദ്ദേഹം നയിച്ച ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍, വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായതായി കാണാം. തൊഴിലില്ലായ്മ, വിലക്കയറ്റം, കോര്‍പ്പറേറ്റ്വത്കരണം , കര്‍ഷിക പ്രശ്‌നങ്ങള്‍ എന്നിവ രാജ്യത്തെയൊന്നാകെ നിരാശയിലാഴ്ത്തുന്നു, എന്ന് അദ്ദേഹം അദ്ദേഹം എഴുതി. ഈ തിന്മകളെ ഇല്ലാതാക്കാന്‍ തെരുവുകള്‍ മുതല്‍ പാര്‍ലമെന്റ് വരെ പോരാടുമെന്ന് ഓരോ ദിവസവും അദ്ദേഹം പറയുന്നു -ജയറാ രമേഷ് വിശദീകരിച്ചു.
രാജ്യത്ത് ബഹുസ്വരത ഭീഷണി നേരിടുന്നതായുള്ള അവകാശവാദം ആവര്‍ത്തിച്ച ജയറാം രമേഷ്, ഹാത്ത് സെ ഹാത്ത് ജോഡോ ഐക്യത്തിന്റയും സാഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടു. ജനുവരി 30ന് ഭാരത് ജോഡോ യാത്ര അവസാനിക്കുന്ന ശ്രീനഗറിലേക്ക് ഇതുവരെ 23 രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അറിയിച്ചു. യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, തെലുങ്ക് ദേശം പാര്‍ട്ടി, ജനതാദള്‍, സിപിഐ, സിപിഎം, രാഷ്ട്രീയ ലോക്ദള്‍, ജനതാദള്‍ സെക്കുലര്‍ ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.