രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്': ഇന്ത്യയെന്ന ആശയത്തിനും സംസ്ഥാനങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റമെന്ന് രാഹുല്‍ ഗാന്ധി

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയം' കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢാലോചനയെന്ന് എം കെ സ്റ്റാലിന്‍
Updated on
2 min read

കേന്ദ്ര സര്‍ക്കാർ ആവിഷ്കരിക്കുന്ന 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നയം ഇന്ത്യയെന്ന ആശയത്തിനും സംസ്ഥാനങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ' ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' വിഷയം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതി രൂപീകരിച്ച പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമര്‍ശനം.

കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ അംഗമായി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സമിതിയില്‍ ചേരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സാധ്യതാ പഠനത്തിന്റെ ഫലം മുന്‍കൂട്ടി നിശ്ചയിച്ചു കഴിഞ്ഞതാണെന്നും വെറും റബ്ബര്‍ സ്റ്റാമ്പ് മാത്രമായ സമിതിയിലേക്കുള്ള ക്ഷണമെന്ന് ചൂണ്ടിക്കാട്ടിയാണ് അധീര്‍ രഞ്ജന് ചൗധരി പിന്മാറിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പും സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ ലക്ഷ്യം വയ്ക്കുന്നതാണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്‍. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയെയാണ് കേന്ദ്രം രൂപീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ എന്‍ കെ സിങ്, മുന്‍ ലോക്സഭാ ജനറല്‍ സെക്രട്ടറി സുഭാഷ് സി കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. ഉന്നതതല സമിതിയുടെ യോഗങ്ങളില്‍ പ്രത്യേക ക്ഷണിതാവായി നിയമ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പങ്കെടുക്കും.

രാഹുല്‍ ഗാന്ധി
"മതേതരത്വമെന്ന ആശയം അനാവശ്യം;" കേരളത്തിൽ ബിജെപിക്ക് തടസം സംസ്ഥാനത്തിന്റെ ജനസംഖ്യ ഘടനയെന്ന് ആർഎസ്എസ്

തിരഞ്ഞെടുപ്പ് സമന്വയിപ്പിക്കുന്നതിനുള്ള ചട്ടക്കൂടും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താവുന്ന സമയപരിധിയും എട്ടംഗ സമിതി നിര്‍ദേശിക്കും. വിജ്ഞാപനത്തില്‍ അനുശാസിക്കുന്ന പ്രകാരം, ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴില്‍ നിലവിലുള്ള ചട്ടക്കൂടും മറ്റ് നിയമപരമായ വ്യവസ്ഥകളും കണക്കിലെടുത്ത് ലോക്സഭ, സംസ്ഥാന നിയമസഭകള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതകള്‍ കമ്മിറ്റി പരിശോധിക്കുകയും ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യും. 1950-ലെ ജനപ്രാതിനിധ്യ നിയമം, 1951-ലെ ജനപ്രാതിനിധ്യനിയമം, ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭേദഗതികള്‍ ആവശ്യമുള്ള മറ്റ് നിയമം എന്നിവയാണ് പഠനവിധേയമാക്കുക.

രാഹുല്‍ ഗാന്ധി
ആദിത്യയുടെ ആദ്യഘട്ടം വിജയം; ഒന്നാംഘട്ട ഭ്രമണപഥമുയർത്തൽ വിജയകരമെന്ന്‌ ഇസ്രോ

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് അപ്രായോഗികമെന്നാണ് മുസ്ലിംലീഗ് നിലപാടെടുത്തിരുന്നു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുപ്പ് പരിഷ്‌കരണ സമിതി അധ്യക്ഷനാക്കിയ നടപടിയിലും വിമര്‍ശനമുണ്ട്. മുന്‍ രാഷ്ട്രപതിമാര്‍ മറ്റുപദവികള്‍ ഏറ്റെടുക്കുന്ന കീഴ്വഴക്കമില്ലെന്ന് സമാജ് വാദി പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയം' കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢാലോചന മാത്രമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി. '' ജനാധിപത്യപരമായ ആശയമല്ല, ഏകാധിപത്യമാണിത്. തിരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കാനാകുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. അതിന് മുന്‍പ് നിങ്ങള്‍ അഴിമതി അവസാനിപ്പിക്കൂ'' - സ്റ്റാലിൻ പറഞ്ഞു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' സാധ്യതാ പഠന സമിതിയുടെ തലവനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നിയമിച്ചതിനെതിലും എം കെ സ്റ്റാലിൻ വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ ഐക്യത്തെ ഭയന്ന് തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള നീക്കങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. '' ആര് അധികാരത്തില്‍ വരുമെന്നതോ ആര് പ്രധാനമന്ത്രിയാവുമെന്നതിലോ കാര്യമില്ല. ആര് അധികാരത്തില്‍ വരരുത് എന്നതാണ് പ്രധാനം, അതാണ് ഞങ്ങളുടെ ലക്ഷ്യം'' -സ്റ്റാലിന്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in