'ദ കേരളാ സ്റ്റോറി' കള്ളക്കഥ പറഞ്ഞതെങ്ങനെ, തുറന്നുകാട്ടി യുട്യൂബര്‍; ഒറ്റ ദിവസം വീഡിയോ കണ്ടത് 60 ലക്ഷത്തിലധികം പേര്‍
വിവാദങ്ങളും, നിരോധനവും, നികുതി ഇളവുമായി ദേശീയ തലത്തില്‍ ചര്‍ച്ചയായ സിനിമയാണ് ദ കേരള സ്‌റ്റോറി. നിര്‍ബന്ധിത മത പരിവര്‍ത്തനവും, ഭീകരവാദവും കേരളത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയ്‌ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. സിനിമ പറയുന്ന വിഷയത്തിന്റെ യാഥാര്‍ഥ്യം സംബന്ധിച്ചും പല വിധത്തിലുള്ള ചര്‍ച്ചകളും പുരോഗമിക്കെ കേരള സ്റ്റോറി മുന്നോട്ട് വെക്കുന്ന അജണ്ടകളെ വെളിപ്പെടുത്തുന്ന വീഡിയോയ്ക്ക് വന്‍ പ്രതികരണം.
22 മിനിറ്റുള്ള വീഡിയോയില്‍ കേരളാ സ്റ്റോറി മുന്നോട്ടുവെക്കുന്ന കണക്കുകളെ പൊളിച്ചെഴുതുകയാണ് ധ്രുവ്
യൂട്യൂബര്‍ ധ്രുവ് റാത്തിയാണ് കേരള സ്റ്റോറിയെ പൊളിച്ചടുക്കിക്കൊണ്ടും, സിനിമ മുന്നോട്ട് വയ്ക്കുന്ന പ്രൊപ്പഗണ്ടയെ ചൂണ്ടിക്കാട്ടിയും രംഗത്തെത്തിയത്. ഒരു ദിവസം കൊണ്ട് അറുപത് ലക്ഷത്തില്‍ അധികം പേരാണ് ധ്രുവിന്റെ വീഡിയോ കണ്ടുകഴിഞ്ഞത്. 22 മിനിറ്റുള്ള വീഡിയോയില്‍ കേരളാ സ്റ്റോറി മുന്നോട്ടുവെക്കുന്ന കണക്കുകളെ പൊളിച്ചെഴുതുകയാണ് ധ്രുവ് ചെയ്യുന്നത്. സംസ്ഥാനത്ത് നിന്ന് വിദേശത്തേക്ക് പോയ മൂന്ന് പെണ്‍കുട്ടികളുടെ കേസുകളെക്കുറിച്ചും വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട് യുട്യൂബര്‍.
കേരളത്തിലെ മുന്‍ മുഖ്യമന്ത്രിമാരുടെ വാക്കുകളാണ് ദി കേരള സ്റ്റോറി പറയുന്ന കഥയെ ആധികാരികമാക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകള്‍ ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ ഏത് തരത്തിലാണ് മുഖ്യമന്ത്രിമാരുടെ വാക്കുകള്‍ വളച്ചൊടിച്ചിരിക്കുന്നത് എന്നും ധ്രുവ് തുറന്നുകാട്ടുന്നു. കേരളത്തെക്കുറിച്ചും ഇവിടുത്തെ മതസൗഹാര്‍ദത്തെക്കുറിച്ചും ദേശീയ സൂചികകളിലെ കേരളത്തിന്റെ സ്ഥാനത്തെക്കുറിച്ചുമെല്ലാം യൂട്യൂബര്‍ വീഡിയോയില്‍ വ്യക്തമാക്കുണ്ട്.
വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകളിലും ധ്രുവിന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ധ്രുവിന്റെ വീഡിയോ എന്നാണ് മിക്കവരും ചുണ്ടിക്കാട്ടുന്നത്. കേരളാ സ്റ്റോറി മുന്നോട്ട് വയ്ക്കുന്ന അജണ്ട ഉദാഹണ സഹിതം തുറന്നുകാണിക്കാന്‍ തയ്യാറായ ധ്രുവിനെ അഭിനന്ദിക്കുന്ന കമന്റുകളും നിരവധിയാണ്.