ജെഎൻയുവിൽ 'ദ കേരള സ്റ്റോറി'യുടെ പ്രദർശനം; പ്രതിഷേധിച്ച് ഇടത് വിദ്യാർത്ഥി സംഘടനകൾ
ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിവാദചിത്രം 'ദി കേരള സ്റ്റോറി'യുടെ പ്രദർശനം നടന്നു. ഇടത് വിദ്യാർത്ഥി സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ജെഎൻയു ക്യാമ്പസിൽ ചിത്രം പ്രദർശിപ്പിച്ചത്. മെയ് അഞ്ചിന് തിയേറ്റർ റിലീസിന് ഒരുങ്ങുന്ന ചിത്രം എബിവിപി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രദർശിപ്പിച്ചത്. വൈകീട്ട് നാല് മണിയോടെയാണ് സർവകലാശാലയിലെ കൺവെൻഷൻ സെന്ററിൽ ചിത്രത്തിന്റെ പ്രീമിയർ ഷോ നടന്നത്.
പ്രദർശനത്തിൽ പ്രതിഷേധിച്ച് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ കാമ്പസിനുള്ളിൽ പ്രതിഷേധം നടത്തി.ചിത്രം ആർഎസ്എസ് അജണ്ട ഉൾക്കൊള്ളുന്നു എന്നായിരുന്നു ഇടത് സംഘടനകളുടെ വിമർശനം. സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉല്‍പന്നമാണ് സിനിമയെന്നും എസ്എഫ്ഐ പറഞ്ഞു.അതേസമയം നിരവധി വിദ്യാർഥികൾ ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്തിട്ടുണ്ട്.
മുസ്ലിം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമർശങ്ങളുമായി എത്തുന്ന ഹിന്ദി ചിത്രം ദ കേരള സ്റ്റോറിക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് കേരളത്തിൽ നിന്നുയർന്നത്. കേരളത്തില്‍ ജനിച്ച ഒരു ഹിന്ദു പെണ്‍കുട്ടി ഇസ്ലാംമതം സ്വീകരിക്കുന്നതും തുടര്‍ന്ന് ഐഎസില്‍ എത്തിച്ചേരുന്നതും പ്രമേയമാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലറില്‍ മുസ്ലീം വിരുദ്ധതയും വിദ്വേഷവും കുത്തി നിറച്ചിട്ടുണ്ടെന്നാണ് വിമർശനം.
കേരളത്തിൽ നിന്ന് 32,000 പെണ്‍കുട്ടികള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ടീസറും വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ള പ്രമുഖർ തന്നെ ചിത്രത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളിലും വലിയ പ്രതിഷേധങ്ങളാണ് ഉയർന്നുവന്നത്. എന്നാൽ കേരളത്തിന് എതിരായ പരാമര്‍ശം വ്യാജമാണെന്ന് ഒരു വിഭാഗം നിലപാട് എടുത്തപ്പോള്‍ ടീസറിനെ പിന്തുണച്ച് ഹിന്ദുത്വ അനുകൂല ഹാന്‍ഡിലുകളും രംഗത്ത് എത്തി.
നിരവധി യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട ചിത്രം എന്നെഴുതിയാണ് ട്രെയ്ലര്‍ ആരംഭിക്കുന്നത്. ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന കേരളത്തില്‍ നിന്നുള്ള ഒരു ഹിന്ദു പെണ്‍ കുട്ടിയെ പരിചയപ്പെടുത്തുകയാണ് ചിത്രം. കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റി സിറിയയിലേക്കും യെമനിലേക്കും മനുഷ്യ കടത്ത് നടത്തുന്നു എന്ന ആരോപണമാണ് ചിത്രത്തിന്റെ ട്രെയ്ലറും മുന്നോട്ട് വയ്ക്കുന്നത്.
ഹിന്ദി നടി ആദാ ശർമ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദ കേരള സ്റ്റോറി നിർമിച്ചിരിക്കുന്നത് വിപുൽ അമൃത്‌ലാൽ ഷായാണ്.ബംഗാളിലെ ജൽപായ്ഗുഡി സ്വദേശിയായ സുദിപ്തോ സെൻ ആണ് വിവാദ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പത്ത് മാറ്റങ്ങളോടെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ചിത്രത്തിന് പ്രദർശനാനുമതി നൽകിയിരുന്നു.