സിനിമാറ്റോഗ്രാഫ് ബില്‍ ലോക്‌സഭയും പാസാക്കി; ഉടന്‍ രാഷ്ട്രപതിക്ക് അയയ്ക്കും
സിനിമാ പൈറസി തടയുന്നതിനുള്ള സിനിമാറ്റോഗ്രാഫ് ഭേദഗതി നിയമം പാസാക്കി ലോക്‌സഭ. ബില്‍ നേരത്തേ തന്നെ രാജ്യസഭയില്‍ പാസ്സാക്കിയിരുന്നു. ഇപ്പോള്‍ ലോക്‌സഭയും അംഗീകാരം നല്‍കിയതോടെ ബില്‍ രാഷ്ട്രപതിയുടെ ഒപ്പുവയ്ക്കലിനായി അയയ്ക്കും. സിനിമാ വ്യവസായത്തെ സഹായിക്കുന്നതിനും ലൈസന്‍സിങ് നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും പൈറസി തടയുന്നതിനുമുള്ള ബില്ലാണ് പാസാക്കിയത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് ഠാക്കൂറാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്.
സിനിമയുടെ വ്യാജ പതിപ്പ് നിര്‍മിക്കുന്നവര്‍ക്കും ഉടമയുടെ അനുമതിയില്ലാതെ സിനിമ പ്രദര്‍ശിപ്പിക്കുകയും കൈമാറുകയും ചെയ്യുന്നവര്‍ക്കും മൂന്നുവര്‍ഷം വരെ തടവ് നിഷ്‌കര്‍ഷിക്കുന്നതടക്കമുള്ള ചട്ടങ്ങളടങ്ങിയതാണ് ബില്‍. തീയ്യേറ്ററുകളില്‍ നിന്ന് സിനിമകള്‍ പകര്‍ത്തി വില്ക്കുന്ന വ്യക്തിക്ക് മൂന്ന് വര്‍ഷം വരെ തടവും സിനിമയുടെ നിര്‍മാണ ചെലവിന്റെ അഞ്ച് ശതമാനം പിഴയും ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലെ 10 വര്‍ഷം കാലവധിയുണ്ടായിരുന്ന സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ പുതിയ ഭേദഗതിയില്‍ എന്നന്നേക്കുമായി ഒഴിവാക്കിയിട്ടുണ്ട്. ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സെന്‍സര്‍ബോര്‍ഡ് അംഗീകരിച്ച സിനിമകള്‍ രാജ്യത്ത് മൊത്തമായോ ഭാഗീകമായോ പിന്‍വലിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടാകുമെന്നും ബില്ലില്‍ പറയുന്നു.
പ്രായത്തിന് അനുസരിച്ച് സിനിമകള്‍ക്കു നല്‍കി വന്നിരുന്ന സര്‍ട്ടിഫിക്കറ്റുകളിലും മാറ്റമുണ്ട്. എ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങള്‍ പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം എന്ന നിഷ്‌കര്‍ഷ തുടരും. എന്നാല്‍ യുഎ സര്‍ട്ടിഫിക്കറ്റ് പ്രായമനുസരിച്ച് മൂന്നായി തിരിച്ചു. ഏഴു വയസിനു മുകളിലുള്ളവര്‍, 13 വയസിനു മുകളിലുള്ളവര്‍, 16 വയസിനു മുകളിലുള്ളവര്‍ എന്നിങ്ങനെയാണ് വിഭജനം. ടെലിവിഷനിലും ഒടിടി പ്രദര്‍ശനത്തിനുമായി പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
സെന്‍സര്‍ബോര്‍ഡ് സിനിമകള്‍ക്ക് അനുമതി നിഷേധിച്ചാല്‍ ട്രിബ്യൂണലിനെ സമീപിക്കുന്നതിന് പകരം ബോര്‍ഡിനെ വീണ്ടും സമീപിക്കാം. ട്രിബ്യൂണല്‍ നിര്‍ത്തലാക്കിയ സാഹചര്യത്തിലാണ് തീരുമാനം.