കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; നെഹ്‌റു കുടുംബം മത്സരിക്കില്ല
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് നെഹ്‌റു കുടുംബം മത്സരിക്കില്ല. ആരു മത്സരിച്ചാലും അതിനെ എതിര്‍ക്കില്ലെന്ന് നെഹ്റു കുടുംബം അറിയിച്ചതായും എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി. മത്സരിക്കാനില്ലെന്ന് രാഹുല്‍ അറിയിച്ചതായും നേതൃത്വം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയും, സോണിയയും, പ്രിയങ്കയും ഇതുവരെ നോമിനേഷന്‍ നല്‍കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതിനിടെ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തരൂര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ശശി തരൂരിനെ കൂടാതെ മനീഷ് തിവാരിയുടെ പേരും ഉയര്‍ന്നു വരുന്നുണ്ട്. ഗാന്ധി കുടുംബത്തില്‍ നിന്നും ആരും ഇല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നതാണ് ജി 23 യുടെ അഭിപ്രായം.
ഈ സാഹചര്യത്തില്‍ ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത നിലനില്‍ക്കുന്നത് . രാഹുലോ പ്രിയങ്കയോ മത്സരിക്കുകയാണെങ്കില്‍ വോട്ട് പൂര്‍ണമായും ഏകീകരിക്കപ്പെടുമെങ്കിലും ഗെഹ്ലോട്ടിന്റെ കാര്യത്തില്‍ അതുണ്ടാകില്ലെന്നാണ് ജി 23 യുടെ പ്രതീക്ഷ. അതേസമയം രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുമെന്നും കോണ്‍ഗ്രസില്‍ നിന്ന രാജി വെച്ച ഗുലാം നബി ആസാദ് വ്യക്തമാക്കി.