പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു; നിലവിളക്ക് കൊളുത്തി ഉദ്ഘാടനം
രാഷ്ട്രപതിയുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും അസാന്നിധ്യത്തില്‍ രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ്, രാവിലെ ഏഴരയോടെ ചടങ്ങുകള്‍ക്ക് തുടക്കമായത്. അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി ബിജെപി കണക്കാക്കുന്ന ചെങ്കോല്‍ ലോക്‌സഭാ സ്പീക്കറുടെ കസേരയ്ക്ക് താഴെ സ്ഥാപിച്ചു.
നിലവിളക്ക് കൊളുത്തിയായിരുന്നു പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം. ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ഫലകം അനാച്ഛാദനം ചെയ്തു. തിരുവാവാതുതുറൈ മഠം പ്രതിനിധികള്‍ ആണ് പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറിയത്. സന്യാസിമാരുടെ അകമ്പടിയോടെ ലോക്‌സഭയിലെത്തിയാണ് ചെങ്കോല്‍ സ്ഥാപിച്ചത്. പൂജകളും പ്രാര്‍ത്ഥനകളും നടത്തിയായിരുന്നു ചെങ്കോല്‍ സ്ഥാപിച്ചത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും പ്രധാനമന്ത്രിയെ അനുഗമിച്ചു. ഉത്തരേന്ത്യയില്‍ നിന്നെത്തിയ സന്യാസിമാരുടെ സാന്നിധ്യത്തിലായിരുന്നു പൂജയും ചടങ്ങുകളും.
ചെങ്കോല്‍ സ്ഥാപിച്ച ശേഷം പാര്‍ലമെന്റില്‍ സര്‍വമത പ്രാര്‍ത്ഥനയും നടന്നു. എല്ലാ മതവിഭാഗങ്ങളുടെയും പുരോഹിതന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ത്ഥനകള്‍ നടത്തി. സര്‍വമത പ്രാര്‍ത്ഥനയിലും പ്രധാനമന്ത്രി പങ്കെടുത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
20 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നു. രാഷ്ട്രപതിയെ ചടങ്ങില്‍ ക്ഷണിക്കാത്തതിലും വി ഡി സവര്‍ക്കറുടെ ജന്മദിനം ഉദ്ഘാടന ദിവസമായി തിരഞ്ഞെടുത്തതിലും പ്രതിഷേധിച്ചായിരുന്നു ചടങ്ങ് ബഹിഷ്‌കരണം.
ഉദ്ഘാടനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. രാവിലെ അഞ്ചര മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഗുസ്തിതാരങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ഷക സംഘടനകളും പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സുരക്ഷ ശക്തമായത്.
2020 ല്‍ ആരംഭിച്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം 899 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാന്‍ പുതിയ പാര്‍ലമെന്റിന് സാധിക്കും. ലോക്‌സഭാ ചേംബറില്‍ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറില്‍ 384 ഇരിപ്പിടങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.