പൂഞ്ച് ഭീകരാക്രമണം എൻഐഎ ഏറ്റെടുത്തു; അക്രമികള്‍ക്കായി വനമേഖലയില്‍ തിരച്ചില്‍

പൂഞ്ച് ഭീകരാക്രമണം എൻഐഎ ഏറ്റെടുത്തു; അക്രമികള്‍ക്കായി വനമേഖലയില്‍ തിരച്ചില്‍

ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ച രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ സൈനികരാണ് കൊല്ലപ്പെട്ടത്.
Updated on
1 min read

ജമ്മു കശ്മീരിലെ പൂഞ്ചിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. അക്രമികള്‍ക്കായി സുരക്ഷാ സേന ബറ്റാ-ഡോരിയ മേഖലയിലെ നിബിഡ വനങ്ങളിൽ തിരച്ചിൽ തുടരുകയാണ്. ഡ്രോണുകളും സ്‌നിഫർ നായ്ക്കളെയും ഉപയോഗിച്ച് പ്രദേശം മുഴുവൻ നിരീക്ഷിക്കുകയാണെന്നും അവർ പറഞ്ഞു. അതിർത്തി ജില്ലയായ രജൗരിയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.

നിയന്ത്രണ രേഖയിൽ അതീവ ജാഗ്രതയോടെ നിരീക്ഷണം തുടരുകയാണ്. സംഭവത്തെത്തുടർന്ന് ഭീംബർ ഗലി-പൂഞ്ച് റോഡിലെ ഗതാഗതം നിർത്തിവെച്ചതായും മെന്ദർ വഴി പൂഞ്ചിലേക്ക് പോകാൻ ആളുകളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും സംഘം പറഞ്ഞു. എൻഐഎ സംഘം ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെ പൂഞ്ചിൽ തീവ്രവാദി ആക്രമണത്തെ തുടർന്ന് വാഹനത്തിന് തീപിടിച്ച് അഞ്ച് സൈനികർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്.​ ഗുരുതരമായി പരിക്കേറ്റ സൈനികനെ രജൗറിയിലെ സേനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുള്ള രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ സൈനികരാണ് കൊല്ലപ്പെട്ടത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ജമ്മു ഡവിഷനിലെ ഭിംബർ ​ഗലിയിൽനിന്നു സം​ഗിയോടിലേക്കു നീങ്ങിയ വാഹനത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ശേഷം, വാഹനത്തിലേക്ക് എറിഞ്ഞ ​ഗ്രനേഡുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വാഹനത്തിന് തീ പിടിക്കുകയായിരുന്നു. ഹവിൽദാർ മന്ദീപ് സിംഗ്, ലാൻസ് നായിക് ദേബാശിഷ് ​​ബസ്വാൾ, കുൽവന്ത് സിംഗ്, ഹർകൃഷൻ സിംഗ്, സേവക് സിംഗ് എന്നിവരുടെ വിയോ​ഗത്തെ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ ധരിപ്പിച്ചു. ജെയ്‌ഷിന്റെ ഓഫ്‌ഷൂട്ട് പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ആണ് ആക്രമണം നടത്തിയതെന്നാണ് സൂചനകള്‍

സംഭവത്തിൽ ജമ്മു കശ്മീർ ലെഫ്റ്റനറ്റ് ഗവർണർ മനോജ് സിൻഹ ദുഃഖം രേഖപ്പെടുത്തി. പൂഞ്ചിലെ ദാരുണമായ സംഭവത്തിൽ ധീരരായ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായി വേദനിക്കുന്നു. രാഷ്ട്രത്തിനായുള്ള അവരുടെ സമ്പന്നമായ സേവനം ഒരിക്കലും മറക്കില്ല. ദുഃഖിതരായ കുടുംബങ്ങളെക്കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, ഭീകരാക്രമണത്തെ രാഷ്ട്രീയ പാർട്ടികളും അപലപിച്ചു. കഴിഞ്ഞ ദിവസം, ജമ്മു നഗരത്തിലെ താവി പാലത്തിന് മുകളിൽ വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ബജ്റംഗ്ദളും പ്രതിഷേധ പ്രകടനം നടത്തുകയും പാകിസ്താൻ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു.

logo
The Fourth
www.thefourthnews.in