'മുസ്ലീങ്ങളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ അംഗീകരിക്കാനാകില്ല'; നൂഹ് സംഘര്‍ഷത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

'മുസ്ലീങ്ങളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ അംഗീകരിക്കാനാകില്ല'; നൂഹ് സംഘര്‍ഷത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ഹിന്ദു മഹാപഞ്ചായത്തിലെ ആഹ്വാനത്തിന് എതിരെയായിരുന്നു ഹര്‍ജി
Updated on
1 min read

ഹരിയാനയിലെ നൂഹ് സംഘര്‍ഷത്തില്‍ രൂക്ഷവിമര്‍ശനവുമായി സൂപ്രീം കോടതി. മുസ്ലീം വിഭാഗത്തെ ബഹിഷ്‌കരിക്കാനുള്ള നടപടി അംഗീകരിക്കാനാകില്ലെന്നും സമുദായങ്ങള്‍ക്കിടയില്‍ യോജിപ്പും സൗഹാര്‍ദവും വേണമെന്നും സുപ്രീംകോടതി പറഞ്ഞു. കലാപക്കേസുകളുടെ അന്വേഷണങ്ങള്‍ക്ക് ഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി വേണമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വി ഭാട്ടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചു. വര്‍ഗ്ഗീയ കലാപത്തെ തുടര്‍ന്ന് മുസ്ലീങ്ങളെ ബഹിഷ്‌കരിക്കാനും അകറ്റി നിര്‍ത്താനുമുള്ള ആഹ്വാനങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.

ഹിന്ദു മഹാപഞ്ചായത്ത് നടത്തിയ ഒരു റാലിയിൽ മുസ്ലീംങ്ങളെ അകറ്റി നിര്‍ത്തണമെന്ന ആഹ്വാനമുണ്ടായിരുന്നു

മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ അകറ്റി നിര്‍ത്തണമെന്നും മുസ്ലീം സമുദായത്തില്‍പ്പെട്ടവരയാരെങ്കിലും വീട്ടിലോ കടയിലോ ജോലിക്കു നിര്‍ത്തുകയോ, അവരുമായി സഹകരിക്കുകയോ ചെയ്യുന്നവരെ ഗ്രാമവും സമുദായവും ബഹിഷ്‌കരിക്കുമെന്നും ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ ഹിന്ദു മഹാപഞ്ചായത്ത് നടത്തിയ ഒരു റാലിയിൽ ആഹ്വാനം ചെയ്തിരുന്നു. ഓഗസ്റ്റ് രണ്ടിന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഈ വീഡിയോയെ അടിസ്ഥാനപ്പെടുത്തി ഷഹീന്‍ അബ്ദുള്ള എന്നയാളാണ്‌ ഹര്‍ജി സമര്‍പ്പിച്ചത്.

റാലികള്‍ രാജ്യത്തുടനീളം സാമുദായിക സംഘര്‍ഷങ്ങള്‍ നടക്കുന്നതിന് കാരണമാകുമെന്നും ഹര്‍ജിക്കാരന്‍ കൂട്ടിചേര്‍ത്തു

പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇത്തരം വിദ്വേഷ ആഹ്വാനങ്ങള്‍ നടന്നതെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. ഇത്തരത്തിലുള്ള പ്രസംഗങ്ങളും ആഹ്വാനങ്ങളും ഒരു പ്രദേശത്ത് മാത്രം പരിമിതിപ്പെടുന്നില്ലെന്നും ഈ റാലികള്‍ രാജ്യത്തുടനീളം സാമുദായിക സംഘര്‍ഷങ്ങള്‍ നടക്കുന്നതിന് കാരണമാകുമെന്നും ഹര്‍ജിക്കാരന്‍ കൂട്ടിചേര്‍ത്തു.

എന്നാല്‍ വിദ്വേഷ പ്രസംഗങ്ങളെ സര്‍ക്കാര്‍ അനുവദിക്കില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് അറിയിച്ചത്. എന്നാല്‍ ഇവയെല്ലാം പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയതെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലിന്റെ വാദം. ജൂലൈ 31 നാണ് ഹരിയാനയില്‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടുന്നത്.

logo
The Fourth
www.thefourthnews.in