ജമ്മു കശ്മീരിന്റെ പ്രത്യേക പദവി: ഹര്‍ജികള്‍ സുപ്രീംകോടതി 11-ന് പരിഗണിക്കും, പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു
ജമ്മു കശ്മീരിന് പ്രത്യേക പദവി സമ്മാനിക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഈ മാസം 11 ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. 2020 മാര്‍ച്ച് ന് ശേഷം ആദ്യമായാണ് സുപ്രീംകോടതി ഈ ഹര്‍ജികള്‍ പരിഗണിക്കുന്നത്.
തീരുമാനം എടുക്കുമ്പോള്‍ കേന്ദ്രം ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് ഹര്‍ജിക്കാരുടെ വാദം
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് 20 ലധികം ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്രം ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് ഹര്‍ജിക്കാരുടെ വാദം. വിഷയത്തില്‍ നേരത്തെ വാദം കേള്‍ക്കണമെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി) അധ്യക്ഷന്‍ മെഹബൂബ മുഫ്തി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി സുപ്രീംകോടതിയില്‍ കെട്ടികിടക്കുന്ന ഹര്‍ജികളില്‍ ഇവര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജമ്മുകശ്മീരിനകത്തും പുറത്തും യുവാക്കളുള്‍പ്പെടെയുള്ളവര്‍ ജയിലില്‍ കഴിയുകയാണെന്നും അവര്‍ ഓര്‍മിപ്പിച്ചു. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം ഒഴികെ പാര്‍ലമെന്റ് പാസാക്കുന്ന ഏതു നിയമവും ജമ്മുകശ്മീരില്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ കശ്മീര്‍ നിയമനിര്‍മാണ സഭയുടെ അംഗീകാരം വേണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് 370ാം അനുച്ഛേദം. 2019 ഓഗസ്റ്റ് 5 നാണ് ഈ പ്രത്യേക അധികാരം റദ്ദാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ബില്‍ പാസാക്കിയത്.