എയര്‍ബസ് എ380 ബെംഗളൂരുവില്‍ പറന്നിറങ്ങി
എയര്‍ബസ് എ380 ബെംഗളൂരുവില്‍ പറന്നിറങ്ങി

നിശ്ചയിച്ചതിലും നേരത്തെ; ബെംഗളൂരുവില്‍ പറന്നിറങ്ങി ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം

ദിവസേന മൂന്നു സര്‍വീസുകള്‍ ബെംഗളൂരുവില്‍ നിന്ന് ദുബായിയിലേക്കുണ്ടാകും.
Updated on
1 min read

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ 'എയര്‍ബസ് എ 380' യുടെ ബെംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് തുടക്കം. എമിറേറ്റ്‌സ് എയര്‍ ലൈന്‍സിന്റെ വിമാനമായ EK 562 ബെംഗളൂരുവില്‍ പറന്നിറങ്ങി. വിമാനത്തിന്റെ ദുബായ് - ബെംഗളൂരു കന്നി യാത്രക്ക് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അധികൃതര്‍ സ്വീകരണം നല്‍കി.

ഒക്ടോബര്‍ 30 ന് ആയിരുന്നു ആദ്യ പറന്നിറങ്ങല്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിനു 15 ദിവസം മുന്‍പേ ക്രമീകരണങ്ങള്‍ നടത്തി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം എയര്‍ ബസിനെ വരവേല്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം പത്തിന് ദുബായില്‍ നിന്ന് യാത്ര തിരിച്ച വിമാനം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു 3:40 നാണ് ബെംഗളൂരുവിലിറങ്ങിയത് .

ഡബ്ബിള്‍ ഡക്കര്‍ സൗകര്യങ്ങളുള്ള യാത്രാ വിമാനമാണ് എയര്‍ ബസ് എ 380. ഒരേസമയം 500-ലധികം പേര്‍ക്ക് സഞ്ചരിക്കാനാകുമെന്നതാണ് ഈ വിമാനത്തിന്റെ പ്രത്യേകത. ദിവസേന മൂന്നു സര്‍വീസുകള്‍ ബെംഗളൂരുവില്‍ നിന്ന് ദുബായിയിലേക്കുണ്ടാകും. ഒക്ടോബര്‍ 30 മുതല്‍ യാത്രാ സൗകര്യം പ്രയോജനപ്പെടുത്താനാകും . ദിവസേന ഇ.കെ. 568/569 വിമാനങ്ങള്‍ ബെംഗളൂരു -ദുബായി റൂട്ടില്‍ സര്‍വീസ് നടത്തും. എക്കണോമി, ബിസിനസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ ലഭിക്കും.

കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ഉള്ളവയാണ് എല്ലാ ക്ലാസുകളും . ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് സ്പാ ഉള്‍പ്പെടുന്ന സ്വകാര്യ സ്യൂട്ട് രീതിയിലാണ് യാത്ര സൗകര്യം ഒരുക്കിയിരിക്കുന്നത് . എമിറേറ്റ്സിന്റെ എയര്‍ബസ് എ380 ദിവസേന സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ വിമാനത്താവളമാകുകയാണ് ബെംഗളൂരു. നിലവില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 2014 എയര്‍ ബസ് എ 380 സര്‍വീസ് നടത്തുന്നുണ്ട്.

എയര്‍ ബസ് എ 380 വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന രാജ്യത്തെ നാല് വിമാനത്താവളങ്ങളില്‍ ഒന്നാണ് ബെംഗളൂരു . ഡല്‍ഹി, ഹൈദരാബാദ്, മുംബൈ വിമാനത്താവളങ്ങളാണ് മറ്റുള്ളവ.

logo
The Fourth
www.thefourthnews.in