ഷാജഹാൻ ഷെയ്‌ഖിനെ അറസ്റ്റു ചെയ്യുന്നതിന് തടസമില്ല: കൽക്കട്ട ഹൈക്കോടതി
കൊല്‍ക്കത്തയിലെ സന്ദേശ്ഖാലിയിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്ത കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്‌ഖിനെ അറസ്റ്റു ചെയ്യുന്നതിന് തടസമില്ലെന്ന് കൽക്കട്ട ഹൈക്കോടതി. ഇഡിക്കും സിബിഐക്കും സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കുമാണ് കോടതി ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്.
ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും, ഭൂമി തട്ടിയെടുത്തു എന്നതുമാണ് ഷാജഹാൻ ഷെയ്‌ഖിനെതിരെയുള്ള കേസ്. ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഷാജഹാൻ ഷെയ്ഖ് കേസിൽ കുറ്റാരോപിതനാണെന്നും, ജനുവരി 5ന് ഇഡി ഓഫീസിനു നേരെ നടന്ന ആക്രമണത്തിനുശേഷം അയാൾ ഒളിവിലാണെന്നും പൊതുജനങ്ങളെ അറിയിക്കുന്നതിനായി പത്രങ്ങളിൽ നോട്ടീസ് പ്രസിദ്ധപ്പെടുത്തണമെന്നും കോടതി നിർദേശം നൽകി.
കേസിൽ കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ഷാജഹാൻ ഷെയ്‌ഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമാകുന്ന ഉത്തരവുകൾ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോഴാണ് നിലവിൽ ഒരു തരത്തിലുള്ള സ്റ്റേയും ഇല്ലെന്നും പോലീസിന് അയാളെ അറസ്റ്റ് ചെയ്യാമെന്നും കോടതി പറഞ്ഞത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐയും സംസ്ഥാന പോലീസും ചേർന്ന് സംയുക്ത അന്വേഷണ സംഘം രൂപീകരിക്കുന്നത് തടഞ്ഞു കൊണ്ടാണ് കോടതി ഉത്തരവിറക്കിയതെന്നും ഷാജഹാൻ ഷെയ്‌ഖിനെ അറസ്റ്റ് ചെയ്യുന്നതിന് യാതൊരുവിധത്തിലുമുള്ള തടസങ്ങളുമില്ലെന്നും കോടതി പറഞ്ഞു.
ഷാജഹാൻ ഷെയ്‌ഖിനെ സംരക്ഷിക്കുന്ന തരത്തിൽ സർക്കാർ ഇടപെടുന്നതായ വിമർശനവും കോടതിയുടെ ഭാഗത്തുനിന്ന് മുമ്പുണ്ടായിട്ടുണ്ട്. ഒരാൾക്ക് ഇങ്ങനെ എല്ലാവരെയും കബളിപ്പിച്ച് കടന്നുകളയാനുള്ള സാഹചര്യമുണ്ടാക്കരുതെന്നും പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനായ ഒരാളെ ഒളിവില്‍ കഴിയാൻ സംസ്ഥാന ഭരണകൂടം തന്നെ പിന്തുണയ്ക്കുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും കൽക്കട്ട ഹൈക്കോടതി പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ലൈംഗികാതിക്രമവും ഭൂമികൈയേറ്റവുമടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനും അനുയായികള്‍ക്കുമെതിരെ രംഗത്തെത്തിയത്.
ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് സന്ദേശ്ഖാലി സന്ദർശിക്കാൻ അനുമതി നൽകരുതെന്ന സർക്കാരിന്റെ ആവശ്യം തള്ളി കൽക്കട്ട ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് സന്ദർശനാനുമതി നൽകിയിരുന്നു.
ജസ്റ്റിസ് ഹിരണ്മയി ഭട്ടാചാര്യ കൂടി ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് കേസ് മാർച്ച് 4 ന് വീണ്ടും പരിഗണിക്കും.