കിരണ്‍ റിജിജു
കിരണ്‍ റിജിജു

ബിബിസി ഡോക്യുമെന്ററി; കേന്ദ്ര നടപടിക്കെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം കളയുന്നത് : കിരണ്‍ റിജിജു

അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവര്‍ നല്‍കിയ പ്രത്യേക ഹര്‍ജിയാണ് ഈ ആഴ്ച അവസാനം പരിഗണിക്കുക
Updated on
1 min read

ബിബിസി ഡോക്യുമെൻ്ററിക്കെതിരായ വിലക്ക് എടുത്ത് കളയുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം കളയുന്നതെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന ബിബിസി പരമ്പര സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍രെ ഈ ഉത്തരവിനെതിരായ ഹര്‍ജികള്‍ അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കേയാണ് സുപ്രീംകോടതിക്കെതിരെ വീണ്ടും റിജിജു വിമര്‍ശനങ്ങളുമായെത്തിയിരിക്കുന്നത്.

ആയിരക്കണക്കിന് സാധാരണ പൗരന്മാര്‍ നീതിക്കായി ദിവസങ്ങള്‍ കാത്തിരിക്കുന്ന ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം അവര്‍ പാഴാക്കുന്നത് ഇങ്ങനെയാണ്,എന്നാണ് കിരണ്‍ റിജിജുവിന്റെ ട്വീറ്റ്.

ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടുത്തയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഡോക്യുമെന്ററിയുടെ സോഷ്യല്‍ മീഡിയ ലിങ്കുകള്‍ എടുത്തുകളയണമെന്ന ഉത്തരവിനെതിരെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവര്‍ നല്‍കിയ പ്രത്യേക ഹര്‍ജിയാണ് ഈ ആഴ്ച അവസാനം പരിഗണിക്കുക.

അതേസമയം ഡോക്യുമെന്ററി വ്യക്തമായി ഗവേഷണം' നടത്തിയാണ് നിര്‍മ്മിച്ചതെന്നും ബിജെപിയുടെ പ്രതികരണങ്ങള്‍ ഉള്‍പ്പെടെ നിരവധി അഭിപ്രായങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് ബിബിസി വ്യക്തമാക്കുന്നത്.

നിരോധനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ഡോക്യുമെന്ററിയുടെ പൊതു പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. പല കോളേജുകളിലും വിദ്യാര്‍ഥികള്‍ കോളേജ് അധികൃതരുമായും പോലീസുമായും ഏറ്റുമുട്ടി, പ്രതിഷേധിച്ച പലരേയും പോലീസ് കരുതല്‍ തടങ്കലില്‍ വെയ്ക്കുകയും ചെയ്തിരുന്നു.

ഇന്ത്യ: മോദി ക്വസ്റ്റിയന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പരമ്പരയെ സര്‍ക്കാര്‍ പക്ഷപാതപരമായ 'പ്രചാരണ ശകലം' ആയി തള്ളിക്കളഞ്ഞു, അതില്‍ നിന്നുള്ള ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നതും തടഞ്ഞു. ഐടി നിയമങ്ങള്‍ പ്രകാരം സര്‍ക്കാരിന് ലഭ്യമായ അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചാണ് ക്ലിപ്പുകള്‍ പങ്കിടുന്നത് തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്ന് സര്‍ക്കാരിന്റെ ഉപദേശകനായ കാഞ്ചന്‍ ഗുപ്തയും ട്വിറ്ററില്‍ കുറിച്ചു.

കൊളീജിയം സംവിധാനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സുപ്രീംകോടതിയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു റിജിജു ഉയര്‍ത്തിയിരുന്നത്. കൊളീജിയം സംവിധാനം കാര്യക്ഷമമല്ലെന്ന് ആരോപിച്ചായിരുന്നു വിമര്‍ശനങ്ങള്‍. അതിന് പിന്നാലെയാണ് നിലവിലെ പ്രസ്താവന. രാജ്യത്ത് ഭരണം നടത്താനുള്ള ചുമതല തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കാണ്. എക്‌സിക്യൂട്ടീവ് വിഭാഗത്തിൻ്റെ അധികാര പരിധിയില്‍ കൈകടത്തി, നീതിന്യായ സംവിധാനം അതിന്റെ പരിധി ലംഘിക്കരുതെന്നായിരുന്നു കിരണ്‍ റിജിജു വിമര്‍ശിച്ചിരുന്നത്.

logo
The Fourth
www.thefourthnews.in