മണിപ്പൂരിൽ വീണ്ടും അക്രമം; മൂന്ന് വീടുകൾക്ക് തീയിട്ടു; സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്തു

മണിപ്പൂരിൽ വീണ്ടും അക്രമം; മൂന്ന് വീടുകൾക്ക് തീയിട്ടു; സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്തു

മുൻ ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ കെ രാജോയുടെ വസതിക്ക് കാവൽ നിന്ന സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നാണ് അജ്ഞാതർ ആയുധങ്ങൾ തട്ടിയെടുത്തത്
Updated on
1 min read

ഇടവേളയ്ക്കു ശേഷം മണിപ്പൂരില്‍ വീണ്ടും സംഘഷം. തലസ്ഥാനമായ ഇംഫാലില്‍ വീടുകൾക്ക് തീയിട്ട് അക്രമികൾ. ഇംഫാലിലെ ന്യൂ ലാംബുലൻ പ്രദേശത്തെ മൂന്ന് ഉപേക്ഷിക്കപ്പെട്ട വീടുകൾക്കാണ് ഇന്ന് ഉച്ചയ്ക്ക് അജ്ഞാതർ തീയിട്ടത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചതായി അധികൃതർ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ അക്രമികൾ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. ഇംഫാലിലെ സോമി വില്ലയിൽ ജൂലൈ 31ന് 17 വീടുകൾ തീയിട്ട് നശിപ്പിച്ചിരുന്നു. ഓഗസ്റ്റ് ആദ്യവാരം മണിപ്പൂരിലെ ബിഷ്ണുപൂരിൽ നടന്ന അക്രമത്തിൽ വീടുകൾക്ക് തീയിടുകയും മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് കുറച്ച് നാളുകളായി മണിപ്പൂരിൽ അക്രമ സംഭവങ്ങൾ ഒഴിഞ്ഞു നിൽക്കുകയായിരുന്നു.

ഇംഫാലിൽ വീടുകൾക്ക് തീയിട്ട സംഭവത്തിന് തൊട്ടുപിന്നാലെ സംസ്ഥാന, കേന്ദ്ര സേനകളെ പ്രദേശത്ത് വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് ആളുകൾ തടിച്ചുകൂടി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്ന് പുലർച്ചെ 2 മണിയോടെ ആരോഗ്യ കുടുംബക്ഷേമ മുൻ ഡയറക്ടർ കെ രാജോയുടെ വസതിക്ക് കാവൽ നിന്ന സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് അജ്ഞാതർ മൂന്ന് ആയുധങ്ങൾ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ സഗോൽബന്ദ് ബിജോയ് ഗോവിന്ദയിലാണ് സംഭവം. തട്ടിയെടുത്ത ആയുധങ്ങളിൽ രണ്ട് എകെ സീരീസ് റൈഫിളുകളും ഒരു കാർബൈനും ഉൾപ്പെടുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

logo
The Fourth
www.thefourthnews.in