മണിപ്പൂരിൽ വെടിവയ്പ്പ്; ഗ്രാമത്തിന് കാവൽനിന്ന മൂന്ന് മെയ്തികൾ കൊല്ലപ്പെട്ടു, മൃതദേഹവുമായി പ്രതിഷേധിക്കും
മണിപ്പൂരില്‍ മെയ്തി - കുകി ഏറ്റുമുട്ടലുകൾ വീണ്ടും രൂക്ഷമാകുന്നു. പുലർച്ചെ കുംബിയിൽ ഖുജുമ താബി ഗ്രാമത്തില്‍ വെടിവയ്പ്പുണ്ടായി. മൂന്ന് മെയ്തികൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. കുക്കികളാണ് ആക്രമണത്തിന് പിന്നിലെന്ന് മെയ്തികൾ ആരോപിച്ചു. ഏറ്റുമുട്ടലിൽ നിരവധിപേർക്ക് പരുക്കേറ്റതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ക്രമസമാധാനം പുനഃസ്ഥാപിക്കാനായി കൂടുതല്‍ സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചതായി പോലീസ് അറിയിച്ചു. വെടിവയ്പ്പിൽ നിന്ന് രക്ഷപ്പെട്ട മെയ്തികൾ നീതി തേടി മൃതദേഹങ്ങളുമായി ഇംഫാലിൽ മാർച്ചിന് ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
വംശീയ സംഘര്‍ഷം കണക്കിലെടുത്ത് ഗ്രാമത്തിന് കാവലിരുന്നവരാണ് മരിച്ച മൂന്ന് മെയ്തി സമുദായാംഗങ്ങളും. കാവല്‍ നില്‍ക്കുന്നവര്‍ ഉപയോഗിച്ചിരുന്ന രണ്ട് തോക്കുകൾ തട്ടിയെടുത്താണ് അക്രമികൾ വെടിയുതിർത്തത്. ഇതോടെ ഗ്രാമത്തിലെ മെയ്തികളും ആക്രമണം അഴിച്ചുവിട്ടു. അടുത്തുള്ള കുകി ഗ്രാമത്തിന് മെയ്തികള്‍ തീയിട്ടു. ഗ്രാമവാസികള്‍ ഓടിപ്പോയതിനാല്‍ ആളപായമുണ്ടായില്ല.
മണിപ്പൂരില്‍ മെയ് മൂന്നിന് ആരംഭിച്ച ഏറ്റുമുട്ടലില്‍ ഇതുവരെ 160പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഥിതിഗതികള്‍ ശാന്തമാവാതെ തുടരുന്നതിനാല്‍ കൂടുതല്‍ സുരക്ഷാസേനയെ വിന്യസിക്കും. നിലവില്‍ മണിപ്പൂരില്‍ 40,000ത്തോളം കേന്ദ്രസേനാംഗങ്ങളുണ്ട്. ഇംഫാലിന്റേയും ജില്ലാ ആസ്ഥാനങ്ങളുടേയും സുരക്ഷാചുമതല ഒരു സേനയ്ക്ക് മാത്രമായി നല്‍കിയേക്കും. നിലവില്‍ സംഘര്‍ഷ പ്രദേശങ്ങളില്‍, എല്ലാ സേനകളില്‍ നിന്നുള്ളവരേയും വിന്യസിച്ചിട്ടുണ്ട്.