ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിക്ക് നേരെ  ആക്രമണം: മൂന്നുപേര്‍ അറസ്റ്റിൽ

ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിക്ക് നേരെ ആക്രമണം: മൂന്നുപേര്‍ അറസ്റ്റിൽ

ഡല്‍ഹി വനിതാ കമ്മീഷൻ ഇടപെട്ട് പ്രതികളെ കണ്ടെത്താൻ പോലീസിന് നിർദേശം നൽകുകയായിരുന്നു
Updated on
1 min read

ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ ഉപദ്രവിച്ച കേസിൽ മൂന്നുപേര്‍ ഡൽഹി പോലീസിന്റെ പിടിയില്‍. നിറങ്ങൾ പുരട്ടാനെന്ന വ്യാജേന ഒരു കൂട്ടം ആൺകുട്ടികൾ ജാപ്പനീസ് യുവതിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. പല കോണുകളിൽ നിന്നും ശക്തമായ വിമർശനങ്ങളാണ് വിഷയത്തിലുയര്‍ന്നത്. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ഡല്‍ഹി വനിതാ കമ്മീഷൻ ഇടപെട്ട് പ്രതികളെ കണ്ടെത്താൻ പോലീസിന് നിർദേശം നൽകുകയായിരുന്നു.

പ്രതികൾക്കെതിരെയുള്ള കൂടുതൽ നിയമനടപടികൾ യുവതിയുടെ പരാതിക്ക് അനുസൃതമായാകും ഉണ്ടാകുക. എന്നാൽ ഇതുവരെ യുവതി എംബസിയിലോ ഡൽഹി പോലീസിലോ പരാതി നൽകിയിട്ടില്ല

“ഫീൽഡ് ഓഫീസർമാരും പ്രാദേശിക ഇന്റലിജൻസും മുഖേനയും നടത്തിയ സൂക്ഷ്മമായ ശ്രമങ്ങൾക്ക് ശേഷമാണ് ദൃശ്യങ്ങളിണ്ടായിരുന്നവരെ തിരിച്ചറിഞ്ഞത്. പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് ആൺകുട്ടികളെ പിടികൂടിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ അവർ കുറ്റസമ്മതം നടത്തി” - ഡൽഹി പോലീസ് പ്രസ്താവനയിൽ അറിയിച്ചു. ഡൽഹിയിലെ പഹർഗഞ്ച് ഏരിയയിലാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ യുവതി ആദ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്തിരുന്നു. എംബസിയിലോ ഡൽഹി പോലീസിനോ യുവതി പരാതി ഒന്നും തന്നെ നൽകിയിട്ടില്ല. നിലവിൽ യുവതി ബംഗ്ലാദേശിലാണ്.

പ്രതികൾക്കെതിരെയുള്ള കൂടുതൽ നിയമനടപടികൾ യുവതിയുടെ പരാതിക്ക് അനുസൃതമായാകും സ്വീകരിക്കുക. ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളും ബോളിവുഡ് താരം റിച്ഛ ഛദ്ദയും സംഭവം ലജ്ജാകരമാണെന്ന് പ്രതികരിച്ചിരുന്നു. ദേശീയ വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവുമായ ഖുശ്ബുവും അപലപിച്ച് ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തിന്റെ അന്തസ് കെടുത്തുന്ന പെരുമാറ്റമെന്ന് നിരവധി പേര്‍ ട്വീറ്റ് ചെയ്തു.

"ഹോളി ദിനത്തിൽ വിദേശ പൗരയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു! ഈ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസിന് നോട്ടീസ് നൽകുന്നു. തികച്ചും ലജ്ജാകരമായ പെരുമാറ്റം" ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു.

logo
The Fourth
www.thefourthnews.in