ക്വിറ്റ് ഇന്ത്യ വാർഷികത്തിൽ മൗനജാഥ; ടീസ്റ്റ സെതൽവാദ് കരുതൽ തടങ്കലിൽ, തുഷാർ ഗാന്ധിയെ കസ്റ്റഡിയിലെടുത്തു

ക്വിറ്റ് ഇന്ത്യ വാർഷികത്തിൽ മൗനജാഥ; ടീസ്റ്റ സെതൽവാദ് കരുതൽ തടങ്കലിൽ, തുഷാർ ഗാന്ധിയെ കസ്റ്റഡിയിലെടുത്തു

വാർത്ത പ്രചരിച്ചതിന് പിന്നാലെ തുഷാർ ഗാന്ധിയെ വിട്ടയക്കുകയും ടീസ്റ്റയോട് വീട്ടിൽ തുടരാൻ ആവശ്യപ്പെടുകയും ചെയ്തു
Updated on
1 min read

മഹാരാഷ്ട്ര സർക്കാരിന്റെ പദ്ധതികൾക്കെതിരെ ക്വിറ്റ് ഇന്ത്യ മൗനജാഥ നടത്താൻ പദ്ധതിയിട്ടതിന് മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയും ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദും പോലീസിന്റെ കരുതൽ തടങ്കലിൽ. സാന്റാക്രൂസ് പോലീസാണ് ടീസ്റ്റ സെതൽവാദ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തത്. ഗിർഗാവ് ചൗപാട്ടിയിൽ നിന്ന് മുംബൈയിലെ അഗസ്ത് ക്രാന്തി മൈതാനത്തേക്ക് മാർച്ച് നടത്താൻ ഇരുവരും ചേർന്ന് പദ്ധതിയിട്ടിരുന്നതായാണ് പോലീസിന്റെ പക്ഷം. തുഷാർ ഗാന്ധിക്കും ടീസ്റ്റ സെതൽവാദിനും പോലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. കസ്റ്റഡി വാർത്ത പ്രചരിച്ചതിന് പിന്നാലെ തുഷാർ ഗാന്ധിയെ വിട്ടയക്കുകയും ടീസ്റ്റയോട് വീട്ടിൽ തുടരാൻ ആവശ്യപ്പെടുകയും ചെയ്തു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, ഓഗസ്റ്റ് ഒൻപത് ക്വിറ്റ് ഇന്ത്യാ ദിനം അനുസ്മരിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയ എന്നെ സാന്താക്രൂസ് പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചു. എന്റെ പൂർവികരായ ബാപുവിനെയും ബ്രിട്ടീഷ് പോലീസ് ഈ ദിനത്തിൽ അറസ്റ്റ് ചെയ്തിരുന്നുവെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ അഭിമാനിക്കുന്നു. വാര്‍ത്തകള്‍ക്ക് പിന്നാലെ തുഷാര്‍ ഗാന്ധി എക്‌സിൽ കുറിച്ചു.

ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സ്വതന്ത്ര്യ പോരാട്ട ചരിത്രങ്ങളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ക്വിറ്റ് ഇന്ത്യയുടെ 81-ാം വാർഷികാഘോഷത്തിൽ ജാഥ നടത്താൻ തീരുമാനിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ അൻപതോളം ആക്ടിവിസ്റ്റുകൾ നിലവിൽ കരുതൽ തടങ്കലിലാണെന്നും ഔദ്യോഗിക പരിപാടികൾ സമാപിച്ച ശേഷം മാത്രമേ വിട്ടയക്കുവെന്നും ടീസ്റ്റ സെതൽവാദ് എക്‌സിൽ പങ്കുവച്ച ട്വീറ്റിൽ പറയുന്നു. എല്ലാവർഷവും ക്വിറ്റ് ഇന്ത്യ വാർഷികത്തിൽ നടത്തിവരുന്ന ജാഥ, ആദ്യമായാണ് തടയപ്പെടുന്നതെന്നും സർക്കാർ വർഗീയ- ഫാസിസ്റ്റുകളെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in