മണിപ്പൂരിൽനിന്ന് കൂട്ടപ്പലായനം, വിമാന നിരക്കിൽ എട്ടിരട്ടി വരെ വർധന; ഇംഫാലിൽനിന്ന് കൊൽക്കത്തയിലേക്ക് 30,000 രൂപ

മണിപ്പൂരിൽനിന്ന് കൂട്ടപ്പലായനം, വിമാന നിരക്കിൽ എട്ടിരട്ടി വരെ വർധന; ഇംഫാലിൽനിന്ന് കൊൽക്കത്തയിലേക്ക് 30,000 രൂപ

മണിപ്പൂരിൽനിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കാൻ പശ്ചിമ ബംഗാൾ സ്വദേശികൾ ശ്രമമാരംഭിച്ചതോടെയാണ് കമ്പനികൾ നിരക്ക് വർധിപ്പിച്ചത്
Updated on
1 min read

മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വിമാനനിരക്ക് ആറ് മുതൽ എട്ട് ഇരട്ടി വരെ വർധിപ്പിച്ച് വിമാക്കമ്പനികൾ. തലസ്ഥാന നഗരിയായ ഇംഫാലിൽനിന്ന് കൊൽക്കത്തയിലേക്ക് 22,000 മുതൽ 30,000 രൂപ വരെയാണ് നിരക്ക്. കലാപത്തിനിടെ കുടുങ്ങിപ്പോയ പശ്ചിമ ബംഗാൾ സ്വദേശികൾ എങ്ങനെയെങ്കിലും പുറത്തുകടക്കാൻ ശ്രമമാരംഭിച്ചതോടെയാണ് കമ്പനികൾ നിരക്ക് വർധിപ്പിച്ചത്.

മെയ് നാലിനും ആറിനുമിടയിലായി 108 വിമാനങ്ങളാണ് ഇംഫാൽ വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്തിയത്

ഇംഫാലിൽനിന്ന് കൊൽക്കത്തയിലേക്ക് പോകാൻ ആയിരങ്ങളാണ് വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്നത്. നിലവിൽ ഈ റൂട്ടിൽ സർവിസ് നടത്തുന്ന ഒരു വിമാനത്തിലും ടിക്കറ്റില്ലെന്നാണ് കമ്പനികൾ പറയുന്നത്. ചില വിമാനക്കമ്പനികൾ അധിക സർവിസ് നടത്തുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ നിരക്കിൽ യാതൊരു കുറവുമുണ്ടാകാൻ സാധ്യതയില്ലെന്ന് ഏജന്റുമാർ പറഞ്ഞു. ബസ് സ്റ്റാൻഡുകൾക്കും റെയിൽവേ സ്റ്റേഷനും സമാനമാണ് വിമാനത്താവളത്തിലെ അവസ്ഥ.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം, മെയ് നാലിനും ആറിനുമിടയിലായി 108 വിമാനങ്ങളാണ് ഇംഫാൽ വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്തിയത്. വിമാനത്താവളത്തിലെ തിരക്ക് കണക്കിലെടുത്ത്, സാധാരണ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന കൗണ്ടറുകൾ എയർപോർട്ട് അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. ഇംഫാലിൽനിന്ന് നഗരത്തിലേക്ക് വരുന്ന വിമാനങ്ങളിലൊന്നും സീറ്റ് ഒഴിവില്ലെന്ന് കൊൽക്കത്ത വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

സംഘർഷം തുടരുന്ന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 23,000 ത്തിലധികം പേരെയാണ് സൈന്യം ഇതുവരെ ഒഴിപ്പിച്ചത്. ഇവരെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രശ്‌നബാധിത മേഖലകൾ സൈന്യത്തിന്റെ നിയന്ത്രണത്തിലായതോടെ സംഘർഷങ്ങൾക്ക് അയവുണ്ടായിട്ടുണ്ട്.

മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ ചീഫ് സെക്രട്ടറിയെ സംസ്ഥാന സർക്കാർ മാറ്റിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി ഡെപ്യൂട്ടേഷനിൽ പോയ വിനീത് ജോഷിയെ തിരിച്ചുവിളിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി സ്ഥാനത്ത് ആറുമാസം കൂടി കാലാവധി നീട്ടി നൽകിയ രാജേഷ്കുമാറിനെ മാറ്റിയാണ് വിനീത് ജോഷിയുടെ നിയമനം. സംസ്ഥാന സർക്കാർ കലാപം കൈകാര്യം ചെയ്തതിൽ കേന്ദ്രം അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയായിരുന്നു ഇടപെടൽ.

logo
The Fourth
www.thefourthnews.in