സത്യേന്ദർ ജെയിന്റെ 'ഏകാന്തത': സെല്ലില്‍ കൂട്ടിന് തടവുകാരെ കൊടുത്ത തിഹാർ ജയിൽ എസ് പിക്ക് നോട്ടീസ്

സത്യേന്ദർ ജെയിന്റെ 'ഏകാന്തത': സെല്ലില്‍ കൂട്ടിന് തടവുകാരെ കൊടുത്ത തിഹാർ ജയിൽ എസ് പിക്ക് നോട്ടീസ്

സാമ്പത്തിക തട്ടിപ്പിൽ ജയിലിൽ കഴിയുന്ന സത്യേന്ദർ ജെയിൻ മെയ് 11 ന് തനിക്ക് വിഷാദവും ഏകാന്തതയും അനുഭവപ്പെടുന്നതായി കാണിച്ച് സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു
Updated on
1 min read

അഴിമതിക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ആരോഗ്യമന്ത്രിയും ആം ആദ്മി നേതാവുമായ സത്യേന്ദർ ജെയിനിന്റെ സെല്ലിലേക്ക് അനുവാദമില്ലാതെ രണ്ട് തടവുകാരെ മാറ്റിയ ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്. സത്യേന്ദർ ജയിനിന്റെ ആവശ്യപ്രകാരമാണ് രണ്ട് തടവുകാരെ സെല്ലിലേക്ക് മാറ്റിയത്. ജയിൽ അധികാരികളെ അറിയിക്കുകയോ ചർച്ച നടത്തുകയോ ചെയ്യാതെ മാറ്റിയ തടവുകാരെ തിരികെ അതത് സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്.

സാമ്പത്തിക തട്ടിപ്പുകേസില്‍ തിഹാർ ജയിലിൽ കഴിയുന്ന സത്യേന്ദർ ജെയിൻ മെയ് 11 ന് തനിക്ക് വിഷാദവും ഏകാന്തതയും അനുഭവപ്പെടുന്നതായി കാണിച്ച് സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. അതിനാൽ രണ്ട് തടവുകാരെ തന്റെ സെല്ലിലേക്ക് കൂട്ടിന് നല്‍കണമെന്നായിരുന്നു ആവശ്യം.

അഡ്മിനിസ്ട്രേഷനെ അറിയിക്കാതെയാണ് സൂപ്രണ്ട് ഈ തീരുമാനമെടുത്തതെന്നും നടപടിക്രമമനുസരിച്ച് ഒരു തടവുകാരനെയും അനുമതി വാങ്ങാതെ മറ്റൊരു സെല്ലിലേക്ക് മാറ്റാൻ കഴിയില്ലെന്നും ജയിൽ അധികൃതർ അറിയിച്ചു. തടവുകാരെ മാറ്റിയ വിവരം അറിഞ്ഞതിനെ തുടർന്നാണ് വകുപ്പുതല നടപടി.മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ തടവുകാരെ മുൻമന്ത്രിയുടെ സെല്ലിലേക്ക് മാറ്റിയതിനും ജയിൽ അധികൃതരെ അറിയിക്കാതെ നടപടി എടുത്തതിനും വിശദീകരണം ആവശ്യപ്പെട്ടതായി അധികൃതർ അറിയിച്ചു. തിഹാർ ജയിലിന്റെ ഏഴാം നമ്പർ ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി ഡയറക്ടർ ജനറൽ സഞ്ജയ് ബെനിവാൾ വ്യക്തമാക്കി.

"വിഷാദവും തളർച്ചയും അനുഭവപ്പെടുന്നുണ്ടെന്ന് ജെയിൻ തന്റെ അപേക്ഷയിൽ പറഞ്ഞിരുന്നു. ഒരു മനഃശാസ്ത്രജ്ഞനുമായി സംസാരിച്ചപ്പോൾ സാമൂഹിക ഇടപെടലുകൾ ഉണ്ടായാൽ നന്നാവുമെന്ന് അദ്ദേഹം നിർദേശിച്ചു. രണ്ട് പേരെയെങ്കിലും അദ്ദേഹത്തിന്റെ സെല്ലിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. വാർഡ് നമ്പർ 5 ൽ നിന്ന് രണ്ട് പേരെ നിർദേശിക്കുകയും ചെയ്തു. പിന്നാലെ രണ്ട് പേരെ അദ്ദേഹത്തിന്റെ സെല്ലിലേക്ക് മാറ്റുകയായിരുന്നെന്ന് ജയിലിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ വർഷം മെയ് 31 ന് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് ജെയിനെ അറസ്റ്റ് ചെയ്തത്. കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയുടെ പേരില്‍ നടന്ന ഹവാല ഇടപാടുമായി ബന്ധപ്പെട്ടതായിരുന്നു കേസ്.

logo
The Fourth
www.thefourthnews.in