പ്രദ്യോത് ദേബ് ബര്‍മയുടെ പിന്‍വാങ്ങല്‍; ത്രിപുരയില്‍ താമര നിലംപൊത്തുന്നതിന്റെ മുന്നോടിയായ രാഷ്ട്രീയ നീക്കമോ?
അനിശ്ചിതത്വം, ആശയക്കുഴപ്പം; ത്രിപുരയിൽ തിപ്രമോത നേതാവ് പ്രദ്യോത് കിഷോർ മാണിക്യ ദേബ് ബർമയുടെ അസാധാരണ പ്രഖ്യാപനത്തെ മറ്റൊരു തരത്തിലും വിശേഷിപ്പിക്കാനാകില്ല. ത്രിപുര പോളിങ് ബൂത്തിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഏവരെയും ഞെട്ടിച്ച് രാഷ്ട്രീയം വിടുമെന്ന പ്രദ്യോതിന്റെ പ്രഖ്യാപനം. ത്രിപുര രാഷ്ട്രീയത്തിലെ ഗെയിം ചെയ്ഞ്ചറാകുമെന്ന് നിരീക്ഷകരാകെ വിലയിരുത്തിയിടത്ത് നിന്നാണ് രാഷ്ട്രീയമേ ഉപേക്ഷിക്കുമെന്ന് രാജകുടുംബാംഗം കൂടിയായ പ്രദ്യോത് നിലപാടെടുത്തിരിക്കുന്നത്.
''ഇതെന്റെ അവസാന സന്ദേശമാണ്. ഇതിന് ശേഷം നിങ്ങൾക്ക് രാജാവിനെ രാഷ്ട്രീയവേദിയിൽ കാണാനാകില്ല. '' - കൊട്ടിക്കലാശത്തിനിടെ ജനങ്ങളെ അഭിസംബോധന ചെയ്യവെ പ്രദ്യോത് ദേബ് ബർമയുടെ ഈ വാക്കുകള്‍ ആശയക്കുഴപ്പം മാത്രമാണ് സൃഷ്ടിച്ചത്.
സംസ്ഥാനത്തെ 60 നിയമസഭാ സീറ്റുകളിൽ 43 എണ്ണത്തിൽ തിപ്രമോത മത്സരിക്കുന്നുണ്ടെങ്കിലും 45കാരനായ പ്രദ്യോത് മത്സരരംഗത്തില്ല. ''പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഒപ്പം നിൽക്കണമെന്ന എന്റെ ലക്ഷ്യത്തെ പലരും മനസിലാക്കിയില്ല. പാവപ്പെട്ട ജനതയ്ക്ക് ഭക്ഷണവും താമസവും വിദ്യാഭ്യാസവും ഉറപ്പാക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷേ, ഇത് മനസിലാക്കാതെ പല നേതാക്കളും എന്നെ ഒറ്റപ്പെടുത്തി. തീർത്തും രാഷ്ട്രീയമായൊരു വേദിയിൽ ഇതെന്‌റെ അവസാന അഭിസംബോധനയാണ്. പലതും എന്നെ വേദനിപ്പിച്ചു. പക്ഷെ, നിങ്ങൾക്കുവേണ്ടിയുള്ള യുദ്ധത്തിൽ ഞാൻ പോരാട്ടം തുടരും '' - പ്രദ്യോത് ദേബ് ബർമ പറഞ്ഞു.
പ്രഖ്യാപനം തിപ്രമോത അനുയായികൾക്കിടയിൽ വ്യാപകമായ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. ഗോത്ര ജനതയുടെ സംസ്കാരവും പൈതൃകവും ചേർത്തുപിടിക്കുന്ന 'ഗ്രേറ്റർ തിപ്രലാൻഡ്' എന്ന ആത്യന്തിക ലക്ഷ്യത്തിൽ നിന്ന് പ്രദ്യോത് പിൻമാറുകയാണോ എന്നവർ ഭയക്കുന്നു. ഒട്ടും യാന്ത്രികമല്ലാതെ, മനുഷ്യർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന നേതാവ് എന്തുകൊണ്ട് പെട്ടെന്ന് ഒരു പിന്മാറൽ സൂചന നൽകിയെന്നതാണ് അവരെ അത്ഭുതപ്പെടുത്തുന്നത്. വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നുവന്നതോടെ വിശദീകരണങ്ങൾ നൽകിയെങ്കിലും അതിലും കൃത്യതയില്ല. ജനങ്ങൾക്കൊപ്പം തുടരുമെന്ന് പറയുന്നു, രാഷ്ട്രീയം വിടുമെന്ന് പറയുന്നു , തിപ്രമോത ഉപേക്ഷിക്കില്ലെന്ന് പറയുന്നു - എവിടെയാണ് നേതാവ് നിൽക്കുന്നതെന്ന് അനുയായികൾക്ക് ഒരു വ്യക്തതയുമില്ല.
തിപ്രമോതയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന ആരോപണം ബിജെപി ഊട്ടിയുറപ്പിക്കുകയാണ്. ഗോത്രവർഗങ്ങളെ തകർക്കാനാണ് ഇരുകൂട്ടരും കൂടി ശ്രമിക്കുന്നതെന്ന് ബിജെപി നേതൃത്വം ആരോപിക്കുന്നു. ഇടതുപക്ഷത്തിനെതിരെ തിപ്രമോത ദുർബലരായ സ്ഥാനാർഥികളെ നിർത്തിയെന്നാണ് ആക്ഷേപം. തിരഞ്ഞെടുപ്പിന് ശേഷം സിപിഎം - കോൺഗ്രസ് സഖ്യത്തിന് തിപ്ര കൈകൊടുക്കുമെന്നും അവർ പറയുന്നു. പ്രദ്യോത് ഇടതുപക്ഷത്തെയോ കോണ്‍ഗ്രസിനെയോ തന്റെ പ്രസംഗങ്ങളില്‍ കാര്യമായി വിമർശിക്കുന്നില്ലെന്ന വാദവും ബിജെപി ഉയർത്തിക്കാട്ടുന്നു. അത് ശരിവയ്ക്കുന്ന വിധമാണ് തിപ്രമോത നേതാവിന്റെ പിന്നോട്ടുപോക്ക്. ബിജെപി ആരോപണം ശരിവയ്ക്കുന്ന വിധത്തിൽ സിപിഎം ത്രിപുര സെക്രട്ടറി ജിതേന്ദ്ര ചൗധരി നടത്തിയ പ്രസ്താവനകളും ചർച്ചയായിരുന്നു. അതുകൊണ്ടു തന്നെ ബിജെപി സഖ്യത്തെ തകര്‍ക്കാനുള്ള എന്തെങ്കിലും നീക്കമാണോ ഈ പിന്‍വാങ്ങലെന്ന് സംശയിക്കുന്നവരുമുണ്ട്.
ഗ്രേറ്റർ തിപ്രലാൻഡ് സംസ്ഥാന ആവശ്യത്തെ കേന്ദ്രം അംഗീകരിക്കാതെ ബിജെപിയുമായി സഹകരണമില്ലെന്ന് തിപ്ര നേതാവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ത്രിപുരയിലെ ഗോത്രവർഗക്കാരുടെ ദുരവസ്ഥയ്ക്ക് കാരണം അവിടെ ദീർഘകാലം ഭരിച്ച സിപിഎമ്മും കോൺഗ്രസുമാണെന്ന സത്യം പ്രദ്യോത് എന്തുകൊണ്ട് ജനങ്ങളോട് സംസാരിക്കുന്നില്ലെന്നാണ് ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിയുടെ ചോദ്യം. എന്നാൽ ബിജെപി അധികാരത്തിൽ വരുന്നതിന് മുൻപ് ത്രിപുരയിലെ ഗോത്രവർഗക്കാരുടെ സ്ഥിതി ഇത്ര ദയനീയമായിരുന്നില്ലെന്നാണ് തിപ്രമോത നൽകുന്ന മറുപടി.
പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനഘട്ട പ്രചാരണത്തിന് ഫെബ്രുവരി 13നാണ് ത്രിപുരയിലെത്തിയത്. അഗർത്തലയിൽ ഗോത്ര നേതാക്കളുമായി മോദി പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത് തിപ്രമോതയ്ക്ക് തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഒന്നടങ്കം വിലയിരുത്തി. ആദിവാസികൾക്കുള്ള ക്ഷേമപദ്ധതികളുടെ രൂപരേഖ വരെ മോദി അവതരിപ്പിച്ചതോടെയാണിത്. ഗോത്രവർഗ നേതാക്കൾ മോദിയെ പുകഴ്ത്തി സംസാരിക്കുക കൂടി ചെയ്തതോടെയാണ് രാഷ്ട്രീയം വിടുമെന്ന പ്രദ്യോതിന്റെ വികാര നിർഭരമായ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
ഗ്രേറ്റർ തിപ്രലാൻഡിന് ഭരണഘടനാപരമായ അംഗീകാരം ലഭിക്കുന്നത് വരെ പ്രസ്ഥാനത്തിനൊപ്പം തുടരുമെന്നാണ് ട്വിറ്ററിലൂടെ പിന്നീട് പ്രദ്യോത് ദേബ് ബര്‍മ നല്‍കിയ വിശദീകരണം. '' രാഷ്ട്രീയം ഉപേക്ഷിക്കുന്നത് ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് പുറത്തുപോകണമെന്നല്ല. ജനങ്ങളുടെ സഹായത്തോടെ മാത്രമാണ് തിരഞ്ഞെടുപ്പിൽ പോരാടിയത്. ജനങ്ങളെ സേവിക്കാൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തുടർന്നാൽ മാത്രമെ സാധിക്കൂവെന്നില്ല. ഞാൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കാണില്ല, എന്റെ പ്രസംഗങ്ങൾ ചിലപ്പോള്‍ കേട്ടെന്ന് വരില്ല. എന്നാൽ ജനങ്ങൾക്കൊപ്പം തുടരും'' - ഈ വിശദീകരണത്തിലൂടെ തെറ്റിദ്ധാരണാജനകമായി ഒന്നുമില്ലെന്ന് പറയാന്‍ പ്രദ്യോത് ശ്രമിക്കുന്നു. അപ്പോഴും തിപ്രമോത എന്ന രാഷ്ട്രീയ പാർട്ടിയും പ്രദ്യോത് ദേബ് ബർമ എന്ന രാഷ്ട്രീയ നേതാവും എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്ന ചോദ്യവും ബാക്കിയാകുകയാണ്. ഈ ആശയക്കുഴപ്പത്തോടെ പോളിങ് ബൂത്തിലെത്തിയ തിപ്ര അനുയായികള്‍ എങ്ങനെ പ്രതികരിച്ചുവെന്നറിയാന്‍ തിരഞ്ഞെടുപ്പ് ഫലം വരും വരെ കാത്തിരിക്കാം. മറ്റൊരു വിശകലനത്തിനും സാധ്യതയില്ലാത്ത വിധം അനിശ്ചിതത്വം ശക്തമാകുകയാണ്.