'ടിപ്പുവിനെ ഇനി രാഷ്ട്രീയ ആയുധമാക്കരുത്'; കുടുംബം കർണാടക ഹൈക്കോടതിയിൽ

'ടിപ്പുവിനെ ഇനി രാഷ്ട്രീയ ആയുധമാക്കരുത്'; കുടുംബം കർണാടക ഹൈക്കോടതിയിൽ

നല്ല രീതിയിലും മോശം രീതിയിലും ടിപ്പുവിന്റെ പേര് ഉപയോഗിക്കുന്നത് കർണാടകയിലെ രാഷ്ട്രീയപാർട്ടികൾ നിർത്തണം
Updated on
2 min read

മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്റെ പേര് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കുടുംബം കർണാടക ഹൈക്കോടതിയെ സമീപിച്ചു. കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ടിപ്പു സുൽത്താന്റെ ഇപ്പോഴത്തെ തലമുറയിൽ നിന്നുള്ള അംഗം സാഹിബ്‌സാദാ മൻസൂർ അലി ടിപ്പു കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിയും രാഷ്ട്രീയ നേട്ടത്തിനായി ടിപ്പുവിനെ പുകഴ്ത്തുന്നതും അപകീർത്തിപ്പെടുത്തുന്നതും തടയണമെന്നാണ് ആവശ്യം. ബെംഗളൂരുവിലും കൊൽക്കത്തയിലുമുള്ള ടിപ്പു കുടുംബം കൂട്ടായെടുത്ത തീരുമാന പ്രകാരമാണ് കോടതിയെ സമീപിക്കുന്നതെന്നും മൻസൂർ അലി ടിപ്പു മാധ്യമങ്ങളോട് പറഞ്ഞു.

മൻസൂർ അലി ടിപ്പു
മൻസൂർ അലി ടിപ്പു

"ആരൊക്കെ ചരിത്രം വളച്ചൊടിച്ചാലും ടിപ്പു സുൽത്താന്റെ മഹത്വത്തെ നിഷ്പ്രഭമാക്കാനാവില്ല. ബ്രിട്ടീഷുകാരോട് സന്ധിയില്ലാ സമരം ചെയ്ത് ഇന്ത്യൻ മണ്ണ് കാത്തവനാണ് ടിപ്പു. അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്ത് രാഷ്ട്രീയ മൈലേജുണ്ടാക്കാൻ ഇനി ആരെയും സമ്മതിക്കില്ല. നല്ല രീതിയിലും മോശം രീതിയിലും ടിപ്പുവിന്റെ പേര് ഉപയോഗിക്കുന്നത് കർണാടകയിലെ രാഷ്ട്രീയപാർട്ടികൾ നിർത്തണം"- മൻസൂർ അലി ടിപ്പു ആവശ്യപ്പെട്ടു.

സിദ്ധരാമയ്യ സർക്കാർ ടിപ്പു ജയന്തി ഔദ്യോഗിക ആഘോഷമായി പ്രഖ്യാപിച്ചതോടെയായിരുന്നു 'മൈസൂർ കടുവ' കർണാടകയിൽ ഒരു രാഷ്ട്രീയ ആയുധമായി മാറിയത്. അതുവരെ ടിപ്പു സുൽത്താൻ ജയന്തി ആഘോഷിച്ച് പോന്നിരുന്ന ബിജെപിക്കാർ മുഴുവൻ ടിപ്പു സുൽത്താനും സർക്കാർ തീരുമാനത്തിനും എതിരായി. ടിപ്പു ജയന്തിയുടെ പേരിൽ സംഘർഷവും വെടിവയ്പ്പും മരണങ്ങളും വരെ ഉണ്ടായി.

ടിപ്പുവിന് പകരം വി ഡി സവർക്കറെ ബിജെപി  മഹത്വ വത്ക്കരിക്കുക കൂടി ചെയ്തതോടെ കർണാടകയിൽ രാഷ്ട്രീയക്കാർ 'സവർക്കർ - ടിപ്പു' പോരിലേർപ്പെടുന്നത് പതിവായി.

2018 ലെ നിയസഭ തിരഞ്ഞെടുപ്പിലും തുടർന്ന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും കർണാടകയിലെ രാഷ്ട്രീയക്കാർ ടിപ്പു സുൽത്താന്റെ പേരിൽ വ്യാപകമായി തമ്മിലടിച്ചു. ടിപ്പു സുൽത്താനെ ഹൈന്ദവ വിരുദ്ധമായാണ് സംഘപരിവാർ സംഘടനകൾ അവതരിപ്പിക്കുന്നത്. കർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്ന് ടിപ്പു സുൽത്താനെ കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്തു. ടിപ്പു സുൽത്താനെ മഹാനായി കാണുന്നവർ കന്നഡ ഭൂമിയിൽ തുടരാൻ അർഹത ഇല്ലാത്തവരാണെന്ന പ്രസ്താവന ബിജെപി എം പി നളിൻ കുമാർ കട്ടീലിൽ നിന്നുമുണ്ടായി. ടിപ്പുവിന് പകരം വി ഡി സവർക്കറെ ബിജെപി  മഹത്വവത്ക്കരിക്കുക കൂടി ചെയ്തതോടെ കർണാടകയിൽ രാഷ്ട്രീയക്കാർ 'സവർക്കർ - ടിപ്പു' പോരിലേർപ്പെടുന്നത് പതിവായി.

ടിപ്പുവിനെ ചൊല്ലി കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്ന ഈ പോർവിളി അവസാനിപ്പിക്കാനുള്ള അവസാന ശ്രമമെന്നോണമാണ് കുടുംബാംഗങ്ങൾ കോടതിയെ സമീപിക്കുന്നത്. കോടതി ഹർജിയിൽ വാദം കേട്ട് ഉചിതമായ തീർപ്പുണ്ടാക്കുമെന്ന പ്രതീക്ഷയിലാണവർ.

logo
The Fourth
www.thefourthnews.in