മമത ബാനര്‍ജി
മമത ബാനര്‍ജി

ഒരു വര്‍ഷത്തിനിടെ 633 ശതമാനത്തിന്റെ ആസ്തി വര്‍ധന; സമ്പന്ന പാര്‍ട്ടികളില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് തൃണമൂല്‍

2021-22ല്‍ ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപി 1033 കോടിയും കോണ്‍ഗ്രസ് 253 കോടിയും നേടിയപ്പോള്‍ തൃണമൂലിന്റെ നേട്ടം 528.14 കോടിയാണ്
Updated on
1 min read

ദേശീയ പാര്‍ട്ടികളില്‍ ആസ്തിയില്‍ മുന്നിലുള്ളത് ആരാണെന്ന് ചോദിച്ചാല്‍ നിസംശയം മറുപടി പറയാം, ബിജെപി. കാലങ്ങളായി അത് അങ്ങനെ തുടരുകയാണ്. എന്നാല്‍, ഇതിനിടെ അതിശയിപ്പിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആസ്തി വര്‍ധനയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 633 ശതമാനത്തിന്റെ വര്‍ധനയാണ് തൃണമൂലിനുണ്ടായത്. ആസ്തിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തുമെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് പുതിയ വിവരങ്ങള്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 155 ശതമാനത്തിന്റെ വര്‍ധനയാണ് ബിജെപിക്ക് ഉണ്ടായത്.

കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം, 2021-22 സാമ്പത്തികവര്‍ഷം ബിജെപിയുടെ ആസ്തി 1917.12 കോടി രൂപയാണ്. 2020-21ല്‍ ഇത് 752.33 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 155 ശതമാനത്തിന്റെ വര്‍ധനയാണ് ബിജെപിക്ക് ഉണ്ടായത്. 2021-2022 സാമ്പത്തിക വര്‍ഷം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആസ്തി 545.75 കോടി രൂപയാണ്. 74.42 കോടിയില്‍ നിന്നാണ് ഇന്ത്യയിലെ രണ്ടാമത്തെ സമ്പന്ന പാര്‍ട്ടിയിലേക്കുള്ള തൃണമൂലിന്റെ വളര്‍ച്ച. അതായത്, ഒരു വര്‍ഷത്തിനിടെ ആസ്തിയിലുണ്ടായത് 633 ശതമാനത്തിന്റെ വര്‍ധന! 2021-22ല്‍ കോണ്‍ഗ്രസിന്റെ ആസ്തി 541.27 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 285.76 കോടിയില്‍ നിന്ന് 89.4 ശതമാനം വര്‍ധനയാണ് കോണ്‍ഗ്രസിനുണ്ടായത്.

ആസ്തിയുടെ 96 ശതമാനവും ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്നാണെന്ന് തൃണമൂലിന്റെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.

ഇലക്ടറല്‍ ബോണ്ടുകളാണ് തൃണമൂലിനെ തുണച്ചത്. 2021-22ല്‍ ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപി 1033 കോടിയും കോണ്‍ഗ്രസ് 253 കോടിയും നേടിയപ്പോള്‍ തൃണമൂലിന്റെ നേട്ടം 528.14 കോടിയാണ്. ആസ്തിയുടെ 96 ശതമാനവും ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്നാണെന്ന് തൃണമൂലിന്റെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. 14.36 കോടി പാര്‍ട്ടി പ്രാഥമിക അംഗങ്ങളുടെ ഫീ, വരിസംഖ്യ, സംഭാവന എന്നിവയിലൂടെയും ലഭിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് തൃണമൂലിന് ലഭിച്ച ഇലക്ടറല്‍ ബോണ്ട് വരുമാനത്തിലും വലിയ വര്‍ധനയുണ്ട്. 2020-21ല്‍ 42 കോടി മാത്രമായിരുന്നു ഇലക്ടറല്‍ ബോണ്ടിലൂടെ തൃണമൂലിന് ലഭിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ എട്ട് ദേശീയ പാര്‍ട്ടികളുടെ ആസ്തി വിവരങ്ങളാണുള്ളത്. ഈ പാര്‍ട്ടികള്‍ക്ക് സംഭാവനകളായോ വരിസംഖ്യയായോ 3289 കോടി രൂപയാണ് 2021-22 സാമ്പത്തികവര്‍ഷം ലഭിച്ചത്. അതില്‍ 58 ശതമാനവും ലഭിച്ചത് ബിജെപിക്കാണ്. അതേസമയം, സിപിഎമ്മിന്റെ ആസ്തിയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. മുന്‍ വര്‍ഷം 171.05 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്നെങ്കില്‍ 2021-22ല്‍ അത് 162.24 കോടി രൂപയാണ്.

logo
The Fourth
www.thefourthnews.in