'പുകയില വേദനാജനകമായ മരണത്തിന് കാരണമാകുന്നു' ;ആരോഗ്യ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

'പുകയില വേദനാജനകമായ മരണത്തിന് കാരണമാകുന്നു' ;ആരോഗ്യ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡിസംബര്‍ ഒന്ന് മുതലാണ് മാറ്റം
Updated on
1 min read

പുകയില ഉത്പ്പന്നങ്ങളുടെ പായ്ക്കറ്റിന് പുറത്തെ ആരോഗ്യ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത ഡിസംബര്‍ 1 മുതല്‍ 'പുകയില വേദനാജനകമായ മരണത്തിന് കാരണമാകുന്നു' എന്നാണ് പായ്ക്കറ്റില്‍ രേഖപ്പെടുത്തുക. 'പുകവലി ആരോഗ്യത്തിന് ഹാനികരം' എന്നതായിരുന്നു നിലവിലെ മുന്നറിയിപ്പ്. നിര്‍ബന്ധിത മുന്നറിയിപ്പിനൊപ്പം ചിത്രം നല്‍കണമെന്നും നിർദ്ദേശമുണ്ട്.

2022 ഡിസംബര്‍ ഒന്ന് മുതല്‍ നിര്‍മിക്കുകയും ഇറക്കുമതി ചെയ്യുകയോ നിര്‍മ്മിക്കുകയോ ചെയ്ത പുകയില ഉല്‍പ്പന്നങ്ങളിലാണ് 'പുകയില വേദനാജനകമായ മരണത്തിന് കാരണമാകുന്നു' എന്നെഴുതുക. രണ്ട് ചിത്രങ്ങളും പായ്ക്കറ്റില്‍ ഉണ്ടാവണം. ഡിസംബര്‍ ഒന്നിന് ശേഷമുള്ള ഒരു വര്‍ഷത്തേക്ക് ചിത്രവും മുന്നറിയിപ്പും നല്‍കുന്നത് തുടരണം. 2023 ഡിസംബര്‍ ഒന്നുമുതല്‍ പുകയില ഉല്‍പ്പന്നങ്ങളുടെ പായ്ക്കറ്റിന് മുകളില്‍ 'പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ചെറുപ്പത്തില്‍ തന്നെ മരണം സംഭവിക്കും' എന്നാണ് രേഖപ്പെടുത്തുക. പുകയിലയുടെ ഉപയോഗം കുറയ്ക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

2008-ലെ പുകയില ഉത്പ്പന്നങ്ങളുടെ പാക്കേജിംഗ് ആന്‍ഡ് ലേബലിംഗ്‌ റൂള്‍സില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. പുകയില ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണം, വിതരണം, ഇറക്കുമതി എന്നിവയില്‍ നേരിട്ടോ അല്ലാതെയോ ഏര്‍പ്പെടുന്ന ഏതൊരു വ്യക്തിയും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മുന്നറിയിപ്പുകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. നിർദ്ദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. തടവ് ശിക്ഷയോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.

logo
The Fourth
www.thefourthnews.in